കോണ്‍ഗ്രസിലെ ഗ്രൂപ്പ് വൈരത്തിന് പുതിയ രക്തസാക്ഷി; ചാണ്ടി ഉമ്മന്‍

മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന് സോളാര്‍ കമ്പനിയായ സ്റ്റാര്‍ ഫ്‌ളേക്കില്‍ ഓഹരിയുണ്ടെന്ന വിവരം ബി.ജെ.പി. ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ചോര്‍ന്നു കിട്ടിയ മുഖ്യമന്ത്രിയുടെ തട്ടകത്തില്‍ നിന്നും! കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരില്‍ രക്തസാക്ഷിയാവുകയാണ് ചാണ്ടി ഉമ്മന്‍. മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് പിന്നിലും കോണ്‍ഗ്രസുകാര്‍ തന്നെയാണ്.
മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേരെ പ്രതപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്‍ കഴിഞ്ഞ ദിവസങ്ങളിലും ആരോപണങ്ങള്‍ ഉന്നയിച്ചു. സരിതയേയും ബിജുവിനെയും രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ കുടുംബാംഗം ശ്രമിക്കുന്നതായുള്ള ആരോപണത്തില്‍ വി.എസ് ലക്ഷ്യമിടുന്നതും ചാണ്ടി ഉമ്മനെ തന്നെയാണ്. ഇതിനിടെ കെ.സുരേന്ദ്രന്‍ ചാണ്ടി ഉമ്മനെതിരെ പരസ്യമായി രംഗത്തുവന്നു.
ഉമ്മന്‍ചാണ്ടിയെ മാത്രമല്ല ചാണ്ടി ഉമ്മനെയും 'വകവരുത്തുക'യാണ് ലക്ഷ്യം. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്നും ചാണ്ടി ഉമ്മന്‍ ലോകസഭയിലേക്ക് മത്സരിക്കുമെന്ന് ശ്രുതിയുണ്ട്. എന്നാല്‍ പുതുപ്പള്ളിയില്‍ ഇനി ഗോദയിലിറങ്ങുന്നത് ചാണ്ടി ഉമ്മനാണെന്നും ഗോസിപ്പുകളുയരുന്നു. ഏതായാലും ചാണ്ടി ഉമ്മനെ വകവരുത്തി അധികാരപ്രവേശം തടയുകയാണ് ലക്ഷ്യം.
ഉമ്മന്‍ചാണ്ടിയുടെ അടിമക്കാരായിരുന്ന ചിലര്‍ തന്നെയാണ് വി.എസിനും സുരേന്ദ്രനും വിവരങ്ങള്‍ കൈമാറുന്നത്. തലസ്ഥാനത്തെ ചില മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇത്തരം 'എസ്‌ക്ലൂസിവുകള്‍' ലഭിച്ചിട്ടുണ്ട്. രംഗം മൂക്കുന്നത് നോക്കിയിരിക്കുകയാണ് ഇവര്‍.
ചാണ്ടി ഉമ്മന്റെ ഡല്‍ഹിയിലെ സഹായിയായിട്ടാണ് പാവം പപ്പന്‍ എന്നറിയപ്പെടുന്ന തോമസ് കുരുവിള പ്രവര്‍ത്തിക്കുന്നത്. കുരുവിളക്കെതിരെ ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ചാണ്ടി ഉമ്മന്‍ അത് നിഷേധിക്കേണ്ടതായിരുന്നു. എന്നാല്‍ അക്കാര്യം നിഷേധിക്കാത്തത് തന്ത്രപരമായ പാളിച്ചയായി.
സ്റ്റാര്‍ ഫ്‌ളേക്കിന്റെ വിശദാംശങ്ങള്‍ സുരേന്ദ്രന്റെ കൈയിലുണ്ടെന്നാണ് അറിവ്. ഇവ പോലീസിന് കൈമാറുമെന്നും അറിയുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിയുമായി തെറ്റിപ്പിരിഞ്ഞ് നില്‍ക്കുന്ന തിരുവഞ്ചൂര്‍ അക്കാര്യവും അന്വേഷിച്ചെന്നിരിക്കും
പോലീസ് അന്വേഷിക്കുന്ന കേസുകളുടെ വിശദാംശങ്ങള്‍ മിനിറ്റുകള്‍ കൊണ്ടാണ് ചോരുന്നത്. ഇത്തരം ചോര്‍ച്ചകള്‍ പോലീസിനെ പോലും അമ്പരപ്പിക്കുന്നുണ്ട്. സരിതയുടെ കോള്‍ലിസ്റ്റും ചോര്‍ത്തി ഒരു ഐ.ജി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത് ഒപ്പമുള്ളവര്‍ തന്നെയാണ് ആഭ്യന്തരമന്ത്രിക്ക് ചോര്‍ത്തി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് ഐ.ജി. ലിസ്റ്റ് കൈമാറിയെന്നും അവ മാധ്യമങ്ങളില്‍ വന്നുവെന്നുമാണ് ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയെ ധരിപ്പിച്ചത്.
പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന് ജോലിഭാരം വര്‍ധിപ്പിച്ചിരിക്കുകയാണ്. കേസന്വേഷണം മാത്രമല്ല രാഷ്‌ട്രീയ ശത്രുക്കളുടെ രഹസ്യവിവരങ്ങള്‍ കൂടി അന്വേഷിച്ച് നല്‍കണമെന്നാണ് ഇന്റലിജന്‍സിന് കിട്ടിയ രഹസ്യ സന്ദേശം. ഇതില്‍ പ്രധാനം ചില രാഷ്‌ട്രീയക്കാരുടെ ബിസിനസ്സ് സംരംഭങ്ങളാണ്.
ഇതിനിടെ മുഖ്യമന്ത്രിയും പോലീസ് വകുപ്പില്‍ കൈവച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം തന്റെ ഔദ്യോഗിക വസതിയില്‍ വിളിച്ചുകൂടിയ പോലീസ് ഉന്നതരുടെ യോഗത്തില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്. വകുപ്പ് വിട്ട് കൊടുക്കണമെന്ന് കരുതി തലമറന്ന് എണ്ണ തേയ്‌ക്കരുതെന്ന സന്ദേശമാണ് ഇതിലൂടെ മുഖ്യമന്ത്രി തിരുവഞ്ചൂരിന് നല്‍കിയത്.
ഘടകകക്ഷികള്‍ കരുതലോടെയാണ് ഭരണതലത്തിലെ നീക്കങ്ങളെ കാണുന്നത്. ധനമന്ത്രി കെ.എം.മാണി കഴിഞ്ഞദിവസം പെരുന്നയിലെത്തി ജി.സുകുമാരന്‍നായരുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയെ അനുകൂലിക്കുന്നുമില്ല - പ്രതികൂലിക്കുന്നുമില്ല എന്ന മട്ടില്‍ തിങ്കളാഴ്‌ച പി.കെ.കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി.
ഏതായാലും മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന പടയൊരുക്കം കൂടുതല്‍ ശക്തമാവുകയാണ്. ആരോപണത്തിന്റെ പെരുവിരല്‍ ക്ലിഫ് ഹൗസിലേക്കും പുതുപ്പള്ളി ഹൗസിലേക്കും നീങ്ങുമ്പോള്‍ ആരുടെയൊക്കെ തല തറയിലുരുളുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha