അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി എം.ലിജുവിനെ സുധാകരൻ സഹായിച്ചു; മന്ത്രി ജി.സുധാകരനെതിരെ വീണ്ടും ഗുരുതരമായ ആരോപണം

മന്ത്രി ജി.സുധാകരനെതിരെ വീണ്ടും ഗുരുതരമായ ആരോപണം ഉയരുന്നു. അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി എം.ലിജുവിനെ സുധാകരൻ സഹായിച്ചുവെന്ന് പുറക്കാട് ലോക്കൽ കമ്മിറ്റി യോഗത്തിൽ വിമർശനം .
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ മന്ത്രി സംസാരിച്ചതിൽ നടപടി വേണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. മന്ത്രിക്കെതിരായ പരാതിയിൽ യുവതിയും ഭർത്താവും ഉറച്ചുനിൽക്കുന്നുണ്ടായിരുന്നു. ജില്ലാ കമ്മിറ്റി മുൻകൈയെടുത്ത സമവായനീക്കം വീണ്ടും പരാജയപ്പെടുകയും ചെയ്തു.
മന്ത്രിക്കെതിരെ ഉയർന്ന പരാതിയിൽ സമവായം തേടിയായിരുന്നു പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിൽ പുറക്കാട് ലോക്കൽ കമ്മിറ്റി യോഗം ചേർന്നത്. എന്നാൽ രണ്ടാംതവണയും ജില്ലാ നേതൃത്വത്തിന്റെ നിർദേശങ്ങളെ ലോക്കൽ കമ്മിറ്റി അംഗങ്ങൾ അവഗണിച്ചു.
യോഗത്തിനെത്തിയ 12 ലോക്കൽ കമ്മിറ്റി അംഗങ്ങളിൽ 11 പേരും സുധാകരനെതിരെ സംസാരിക്കുന്ന സാഹചര്യമുണ്ടായി. സ്ത്രീത്വത്തെ അപമാനിക്കുന്ന നിലയിൽ മുൻപും മന്ത്രി സംസാരിച്ചിട്ടുണ്ടെന്നും സംഘടനാപരമായ താക്കീത് മന്ത്രിക്കു നൽകണമെന്നും നേതാക്കൾ ആവശ്യപ്പെടുകയും ചെയ്തു.
ഇതിനിടെ ഗുരുതരമായ ആരോപണവും മന്ത്രിക്കെതിരെ ഉയർന്നു . വിവാദ വിഷയത്തിൽ ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും സുധാകരനെ കുറ്റപ്പെടുത്തി. എന്നാൽ ഇപ്പോൾ എം.ലിജു അദ്ദേഹത്തെ പിന്തുണയ്‌ക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പിൽ സുധാകരന്റെ ഭാഗത്തുനിന്നു ലഭിച്ച സഹായത്തിനുള്ള നന്ദിയാണു ലിജു പരസ്യപ്പെടുത്തിയത് എന്നായിരുന്നു ലോക്കൽ കമ്മിറ്റി അംഗങ്ങളിൽ ചിലരുടെ വിമർശനം. അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എച്ച്. സലാം കൂടി പങ്കെടുത്ത യോഗത്തിലാണ് മന്ത്രിക്കെതിരെ വിമർശനം ഉയർന്നത്.
ജില്ലാ സെക്രട്ടറിയോ സലാമോ മറ്റൊരു ജില്ലാ സെക്രട്ടറിയേറ്റ് അംഗമോ പ്രാദേശിക നേതാക്കളുടെ വിമർശനങ്ങളെ എതിർത്തില്ല. പൊലീസ് കേസ് ഒഴിവാക്കി പാർട്ടിതലത്തിൽ പ്രശ്നം പരിഹരിക്കാമെന്ന ജില്ലാ സെക്രട്ടറിയുടെ അഭിപ്രായത്തോടു ഭൂരിഭാഗം അംഗങ്ങളും വിയോജിപ്പ് പ്രകടിപ്പിച്ചു.
യുവതി പരാതിയുമായി മുന്നോട്ടു പോകട്ടെയെന്നു കമ്മിറ്റി അംഗങ്ങൾ നിലപാടെടുക്കുകയും ചെയ്തു. പരാതിക്കാരിയുടെ ഭർത്താവായ മന്ത്രിയുടെ മുൻ പഴ്സനൽ സ്റ്റാഫ് അംഗവും യോഗത്തിൽ പങ്കെടുത്തു എന്നത് ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha