കേരളത്തിൽ ചെറുപ്പക്കാരിലടക്കം കൊറോണ പടരുന്നു... ജനിതക മാറ്റം വന്ന വൈറസ് പടർന്നു പിടിക്കുന്നുവെന്ന് വിദഗ്ധർ...

കൊറോണയുടെ രണ്ടാം തരംഗത്തിൽ ചെറുപ്പക്കാരിലുൾപ്പെടെ നിരവധി പേരിൽ രോഗം ഗുരുതരമാകുന്നു എന്ന് ആരോഗ്യ വിദഗ്ധർ വെളിപ്പെടുത്തി. പ്രതിരോധ ശേഷിയെ മറികടക്കാൻ കഴിവുള്ള ജനിതക മാറ്റം വന്ന കൊറോണ വൈറസാണ് ഇതിന് കാരണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ഒരാളിൽ നിന്ന് രണ്ടോ മൂന്നോ പേരിലേക്ക് രോഗം പടർന്നിരുന്ന ആർ നോട്ട് ഇപ്പോൾ ശരാശരി നാലായി വർദ്ധിച്ചിരിക്കുകയാണ്. കൊറോണയുടെ ആദ്യ തരംഗത്തിൽ രോഗനിരക്ക് ഇരട്ടിയാകാൻ എടുത്തത് 28 ദിവസമായിരുന്നെങ്കിൽ ഇപ്പോൾ അത് 10 ദിവസമായി ചുരുങ്ങിയിരിക്കുകയാണ്.
രോഗബാധിതരിൽ ന്യൂമോണിയ ശ്വാസതടസ്സം ഉൾപ്പെടെയുള്ള രോഗങ്ങളാണ് പ്രകടമാകുന്നത്. രോഗികളുടെ നില ഗുരുതരമാകുന്ന സ്ഥിതിയിലാണ്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് തീവ്രപരിചരണ വിഭാഗത്തിലും വെന്റിലേറ്ററുകളിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിരിക്കുകയാണ്.
ഐസിയുകളിൽ 889 പേരും വെൻറിലേറ്ററുകളിൽ 248 പേരും നിലവിലുണ്ട്. രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ കേരളം നിൽക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വർദ്ധനവുണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. അത് രോഗവ്യാപനം തടയാൻ സഹായകമാകും എന്നാണ് വിലയിരുത്തൽ. വിവിധ ജില്ലകളിലായി കണ്ടെയ്ൻമെന്റ് സോണുകളിലും സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചു.
https://www.facebook.com/Malayalivartha