നാളെ മുതല്‍ മെയ് 10 വരെ കർണാടകയിൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം; മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഔദ്യോഗികമായി പ്രഖ്യാപിച്ചു, മെയ് 10 വരെ സമ്പൂർണ കോവിഡ് കര്‍ഫ്യൂ

കര്‍ണാടകയില്‍ സമ്പൂര്‍ണ കോവിഡ് കർഫ്യൂ പ്രഖ്യാപിച്ച് സര്‍ക്കാര്‍. നാളെ മുതല്‍ മെയ് 10 വരെയാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് -19 കേസുകളില്‍ വന്‍ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന സംസ്ഥാനത്ത് സ്ഥിതി ഗുരുതരമായ സാഹചര്യത്തിലാണ് രണ്ട് ആഴ്ചത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഏപ്രില്‍ 27 വൈകുന്നേരം മുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഉല്‍പ്പാദന മേഖലയുടെ നിര്‍മ്മാണങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ എന്നിവ അനുവദിക്കും. എന്നാല്‍, വസ്ത്രശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല. പൊതു ഗതാഗതം പ്രവര്‍ത്തിക്കില്ല. സാധനങ്ങള്‍ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോകാം. ഹോട്ടലുകളില്‍ പാര്‍സല്‍ സംവിധാനം ഉണ്ട്.
എന്നാൽ, യാത്രാ ചെയ്യാനുള്ള അനുമതി സംബന്ധിച്ചും വ്യക്തതായിട്ടില്ല. രണ്ടാം ഘട്ട വ്യാപനത്തില്‍ കര്‍ണാടകയില്‍ പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസമാണ് മുപ്പതിനായിരം കടന്നത്. ഞായറാഴ്ച മാത്രം 34,804 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്.
ഇതില്‍ ബംഗളൂരുവില്‍ മാത്രം 20,733 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം കോവിഡ് ബാധിച്ച് 143 പേരാണ് മരിച്ചത്. സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2,62,162 ആയി ഉയര്‍ന്നിരിക്കുകയാണ്.
ബംഗളൂരുവില്‍ മാത്രം 1,80,542 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.70 ശതമാനവും മരണനിരക്ക് 0.41 ശതമാനവുമായി ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായാണ് 14 ദിവസത്തേക്ക് ഭാഗിക ലോക്ക് ഡൗണ്‍ എന്ന രീതിയില്‍ കോവിഡ് കര്‍ഫ്യൂ പ്രഖ്യാപിചിരിക്കുന്നത്.
ബംഗളൂരുവിലും മറ്റു രോഗ വ്യാപനം കൂടിയ സ്ഥലങ്ങളിലും ആശുപത്രികളില്‍ കിടക്കകള്‍ ഒഴിവില്ലാത്തതും ഓക്സിജന്റെ ക്ഷാമവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നിര്‍ണായകമായി.
14 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കോവിഡ് സാങ്കേതിക ഉപദേശക സമിതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ചത്തെ മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ച ചെയ്ത് 14 ദിവസത്തേക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അന്തിമ തീരുമാനം എടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha






















