നന്മവറ്റാത്തവര്‍ ഇനിയുമുണ്ട്... 103 വയസ് പൂര്‍ത്തിയാക്കി മാര്‍ത്തോമ്മാ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത; ചിരിച്ചും ചിന്തിപ്പിച്ചും എല്ലാവരേയും ഒരുപോലെ സ്‌നേഹിക്കുന്ന മനുഷ്യസ്‌നേഹി

ചിരിക്കും ചിന്തയ്ക്കും ഒരു വയസുകൂടി എഴുതിച്ചേര്‍ത്ത് മാര്‍ത്തോമ്മാ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് ഇന്ന് ജന്മദിനം. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഇന്ന് 103 വയസ് പൂര്‍ത്തിയാക്കുന്നു.
ജന്മദിനത്തില്‍ തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണെങ്കിലും മാര്‍ ക്രിസോസ്റ്റത്തിനു വേണ്ടി മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തില്‍ സ്‌തോത്ര പ്രാര്‍ഥന നടത്തും. ശാരീരിക ക്ഷീണത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചിരിയ്‌ക്കൊപ്പം ചിന്തയുംനിറച്ച ആത്മീയയാത്രയ്ക്ക് ഇന്ന് ഒരുവയസ് കൂടിയിരിക്കുകയാണ്. സന്യാസം എന്ന പദത്തിന്റെ ആഴവും പരപ്പും തലമുറകളെ പഠിപ്പിച്ച ചിരിയുടെ വലിയ തമ്പുരാന് ഇന്ന് പിറന്നാളാണ്. ജാതി–മതഭേദമന്യേ തന്റെ ചുറ്റുമുള്ള ജനങ്ങളുടെ നടുവിലൊരാളായി, ഏത് ചോദ്യത്തിനും തന്റേതായ ശൈലിയില്‍ ചിരിനിറച്ച ചിന്തകള്‍വിതറി അദ്ദേഹമുണ്ട്.
മനസിനെയല്ല, ശരീരത്തെ വാര്‍ധക്യം അലട്ടുന്നുണ്ട്. പിറന്നാള്‍ ദിനങ്ങളില്‍ സാധാരണ നടക്കാറുള്ള ചെറിയ ആഘോഷംപോലും ഇത്തവണയില്ല. സന്ദര്‍ശകര്‍ക്കും നിയന്ത്രണമുണ്ട്.
കുമ്പനാട് കലമണ്ണില്‍ കെ.ഇ ഉമ്മന്‍ കശീശയുടേയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27ന് ജനിച്ച തിരുമേനിയുടെ ആദ്യനാമം ഫിലിപ്പ് ഉമ്മന്‍ എന്നാണ്. 1953 മെയ് 23ന് മാര്‍ത്തോമ്മാസഭയില്‍ എപ്പിസ്‌കോപ്പയായി അഭിഷിക്തനായി. 99മുതല്‍ 2007വരെ സഭയുടെ പരമാധ്യക്ഷനും. കേരളത്തിന്റെ ആത്മീയ–സാമൂഹിക മണ്ഡലത്തില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന, ദൈവത്തിന്റെ സ്വര്‍ണനാവിനുടമയ്ക്ക് 2018ല്‍ രാജ്യം ആദരവോടെ പത്മഭൂഷണ്‍ ചാര്‍ത്തി.
'ദൈവം തനിക്ക് നല്‍കിയത് ഏറ്റവും സംതൃപ്തമായ ജീവിത'മെന്നാണ് തിരുമേനി ഇടയ്ക്കിടെ പറയാറ്. ആ സഫലജീവിത ആത്മീയയാത്രയ്ക്കാണ് ഇന്ന് നൂറ്റിമൂന്ന് ആണ്ട് തികയുന്നത്.
ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ലിംഗ വ്യത്യാസമില്ലാതെ ജനസഹസ്രങ്ങള്‍ നെഞ്ചിലേറ്റി ആദരിച്ചുവരുന്ന സന്യാസിവര്യനാണ് ഡോ . ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത തിരുമേനി. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായ തിരുമേനിക്ക് നൂറ്റിമൂന്നിന്റെ നിറവിലും അശേഷം തളരാത്ത പൗരബോധവും രാജ്യസ്‌നേഹവും കൈമോശം വന്നിട്ടില്ല. അരുതായ്മ ,വയ്യായ്മ എന്നൊക്കെപ്പറഞ്ഞുകൊണ്ട് ഉത്തരവാദിത്വങ്ങളില്‍ നിന്നും സ്വയം ഉള്‍വലിയാന്‍ ശ്രമിക്കുന്നവര്‍ക്ക് തിരുമേനിയെക്കാള്‍ സ്വീകാര്യനായ മാതൃക വേറെയില്ല .
ഭാരതീയ സന്യാസത്തിന്റെ പൈതൃകത്തിനൊപ്പം ക്രിസ്തു ദേവന്റെ പരിശുദ്ധ സ്‌നേഹം ഇഴചേര്‍ത്ത് നെയ്‌തെടുത്ത വേറിട്ട ആത്മീയസംസ്‌കാരത്തിന്റെ അഭിമാനസ്തംഭം കൂടിയാണ് ക്രിസോസ്റ്റം തിരുമേനി. അദ്ദേഹത്തെ കാലഘട്ടത്തിന്റെ ഋഷിവര്യന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ദൈവീകമായ അനുഗ്രഹാശിസുകള്‍ കൈ നീട്ടി സ്വീകരിക്കാന്‍ സദാ സന്നദ്ധനായ ആത്മാന്വേഷണതല്‍പ്പരന്‍ കൂടിയാണ്.
നീണ്ട എഴുപത് വര്‍ഷക്കാലം മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷപദം അലങ്കരിച്ച ക്രിസോസ്റ്റം വന്ദ്യ തിരുമേനി 2007 ല്‍ സഭയുടെ പരമാദ്ധ്യക്ഷപദവി സ്ഥാനത്യാഗം ചെയ്തുകൊണ്ട് പുതിയ തലമുറയ്ക്ക് കൈമാറുകയാണുണ്ടായത് .
തുടര്‍ന്ന് കോഴഞ്ചേരിയിലെ വസതിയിലെ വിശ്രമ ജീവിതത്തിനിടയിലൂം വിശക്കുന്ന വയറുമായി ആരെങ്കിലും അന്നത്തിന് കൈനീട്ടിയാല്‍ അവര്‍ക്കെല്ലാം ഋഷിതുല്യനായ തിരുമേനി അന്നദാതാവായിരുന്നു .ഏതു ജാതിക്കാരനായാലും, ഏതു മതവിശ്വാസിയായാലും അവരുടെ പ്രശ്‌നങ്ങള്‍ക്കു മുന്‍പില്‍ പുറം തിരിഞ്ഞുനില്‍ക്കാനാറിയാത്ത പക്ഷപാതരഹിതനായ മനുഷ്യസ്‌നേഹി. അതാണ് തിരുമേനി. ചിരിയുടെ തമ്പുരാന്, വലിയ ഇടയന് പിറന്നാള്‍ ആശംസകള്‍
"
https://www.facebook.com/Malayalivartha

























