സദാചാര പോലീസിന്റെ ഭീഷണിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം... ഒളിവില്‍ പോയ യുവാക്കളായ 4 പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ജില്ലാ കോടതി തള്ളി

സദാചാര പോലീസ് ചമഞ്ഞ് നാലു യുവാക്കള്‍ ഭീഷണിപ്പെടുത്തിയതിലും അപകീര്‍ത്തിപ്പെടുത്തിയതിലും വച്ചുള്ള മനോവിഷമത്താല്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തിരുവനന്തപുരം ആറാം ജില്ലാ സെഷന്‍സ് കോടതി തള്ളി.
ആരോപണം ഗൗരവമേറിയതിനാല്‍ അന്വേഷത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് കാട്ടിയാണ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.
ആനാവൂര്‍ കുന്നത്തുകാല്‍ ചാവടി നരിയൂര്‍ കരുണാലയത്തില്‍ സുരേഷ് കുമാറിന്റെ ഭാര്യ അക്ഷര (36) യാണ് കൈ ഞരമ്പ് മുറിച്ച ശേഷം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവിതം അവസാനിപ്പിച്ചത്.
ആത്മഹത്യ പ്രേരണ കേസില്‍ ഒളിവില്‍ കഴിയുന്ന ഒന്നു മുതല്‍ നാലുവരെ പ്രതികളായ വെള്ളറട കുന്നത്തുകാല്‍ ചാവടി സ്ഥലവാസികളായ മണികണ്ഠന്‍ എന്ന ശ്രീജിത്ത് , സുബാഷ് , വിഷ്ണു , രഞ്ജിത് എന്ന ശ്രീജിത് എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജികളിലാണ് കോടതി ഉത്തരവ്.
ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് ജഡ്ജി കെ.എന്‍.അജിത് കുമാര്‍ തള്ളിയത്.
ഫെബ്രുവരി 18 വ്യാഴാഴ്ച രാത്രിയിലാണ് നാടിനെ ദു:ഖത്തിലാഴ്ത്തിയ സംഭവം നടന്നത്. നാറാണിയിലെ ടെക്സ്റ്റയില്‍സ് ജീവനക്കാരിയായിരുന്നു അക്ഷര.
സമീപത്ത് പണമിടപാട് സ്ഥാപനം നടത്തുന്ന പരശുവയ്ക്കല്‍ സ്വദേശി ബിജു യുവതിയുടെ ഭര്‍ത്താവിന് കടം നല്‍കിയ പണം വാങ്ങാനായി വീട്ടില്‍ വന്നപ്പോള്‍ പരിസരവാസികളായ പ്രതികള്‍ സദാചാര പോലീസ് ചമഞ്ഞ് അയാളെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി.
അക്ഷരയെയും അവര്‍ ഭീഷണിപ്പെടുത്തി. ഭീഷണിയിലും അപകീര്‍ത്തിപ്പെടുത്തലിലും മനംനൊന്ത് യുവതി ആത്മഹത്യ ചെയ്‌തെന്ന ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
വ്യാഴാഴ്ച രാത്രിയില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകിട്ടോടെ മരിച്ചു. യുവതിക്ക് രണ്ടു മക്കളുണ്ട്.
പണമിടപാട് സ്ഥാപന ഉടമയെ അന്യായമായി തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തിയ പരാതിയിലും വീട്ടമ്മയുടെ മരണത്തെത്തുടര്‍ന്നുള്ള ബന്ധുക്കളുടെ പരാതിയിലുമാണ് പോലീസ് കേസെടുത്തത്. ആത്മഹത്യാ പ്രേരണക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 306 പ്രകാരം ജാമ്യമില്ലാ കേസെടുക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha























