4 ദിവസത്തെ ചികിത്സയ്ക്ക് ബിൽ 1,67,000 രൂപ... തീവെട്ടികൊള്ളയുമായി കോവിഡിൽ കാലത്ത് സ്വകാര്യ ആശുപത്രികൾ....

കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ഹൈക്കോടതിയിൽ നിന്നുള്ള ഉത്തരവു വരും മുൻപേ ചില സ്വകാര്യ ആശുപത്രികൾ പരമാവധി ലാഭം കൊയ്യുന്നതായി വ്യാപക പരാതിയാണ് ഉയരുന്നത്.
ബില്ലിൽ വിവിധ പേരുകൾ രേഖപ്പെടുത്തി ഉയർന്ന നിരക്ക് ഈടാക്കിയാണ് ആശുപത്രികൾ ഈ കൊള്ള നടത്തുന്നത്. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സർക്കാരിനോടു റിപ്പോർട്ട് തേടിയതിനെ തുടർന്ന് കൂടുതൽ രോഗികൾ ആശുപത്രി ബില്ലും പരാതികളുമായി ഇപ്പോൾ വന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഉയർന്ന നിരക്കു വാങ്ങിയത് വാർത്തയായതോടെ ഇതേ ആശുപത്രിക്കെതിരെ തന്നെ കൂടുതൽ പരാതികളുമായി രോഗികൾ രംഗത്തെത്തുകയുണ്ടായി. സംസ്ഥാനത്ത് പല സ്വകാര്യ ആശുപത്രികൾക്കെതിരെയും ഇത്തരത്തിൽ പരാതി ഉയർന്നിട്ടുണ്ട്.
ആലുവ അൻവർ ആശുപത്രിക്കെതിരെ ഇതിനകം പൊലീസ് കേസെടുക്കുകയും ഹൈക്കോടതി കലക്ടറോട് റിപ്പോർട്ട് തേടുകയും ചെയ്തു. ജില്ലാ മെഡിക്കൽ ഓഫിസർ ആശുപത്രിക്കെതിരെ അന്വേഷണവും ആരംഭിച്ചു. എന്നാൽ ജില്ലയിലെ പല സ്വകാര്യ ആശുപത്രികളും സമാനരീതിയിലാണ് രോഗികളോടു പെരുമാറുന്നതെന്ന് ആക്ഷേപമുണ്ട്.
കോവിഡ് രോഗഭീതിയിൽ ഡോക്ടർമാരോ നഴ്സുമാരോ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പോലും തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയും നിരവധിയാണ്.
കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് പരാതി ഉയർന്ന ആശുപത്രിയിൽ രോഗി ഡിസ്ചാർജ് ആവശ്യപ്പെട്ടതോടെയാണ് ഡോക്ടർ സ്ഥലത്തെത്തി പരിശോധിക്കുന്നത്. ഇവിടെ പലപ്പോഴും നഴ്സുമാർക്ക് വിഡിയോ കോൺഫറൻസിലൂടെ ഡോക്ടർമാർ മരുന്നു നിർദേശിക്കുക മാത്രമാണ് ചെയ്തിരുന്നതെന്നും ആക്ഷേപമുണ്ട്.
കാക്കനാടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ചേർത്തല പള്ളിപ്പുറം സ്വദേശിയായ കോവിഡ് രോഗിക്ക് നാലു ദിവസത്തെ ചികിത്സയ്ക്ക് ഈടാക്കിയത് 1,67,000 രൂപ. ഇവിടെ റൂമിനു പകരം നാലു കോവിഡ് രോഗികൾ കിടക്കുന്ന വാർഡിലായിരുന്നു രോഗിയെ പ്രവേശിപ്പിച്ചത്.
ഇതിൽ ഒരു കിടക്കയ്ക്കു ആശുപത്രി ഈടാക്കിയത് 47,500 രൂപ. ഭക്ഷണത്തിനും മരുന്നിനുമെല്ലാം ഉയർന്ന നിരക്ക് ഈടാക്കിയിട്ടുണ്ട്. എന്നിട്ടും രോഗിയുടെ നില ഗുരുതരമാകുകയും വെന്റിലേറ്റർ ഒഴിവില്ലാത്തതിനാൽ മറ്റൊരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്യേണ്ടി വന്നു. ഇതു സംബന്ധിച്ച ബിൽ ഉൾപ്പടെയുള്ള വിവരങ്ങൾ ജില്ലാ കലക്ടർക്കു കൈമാറിയിട്ടുണ്ട്.
ഇതുകൂടാതെ, കോവിഡ് രോഗമുണ്ടോ എന്നറിയാൻ നടത്തുന്ന ആർടിപിസിആർ പരിശോധനയ്ക്കുള്ള നിരക്ക് സർക്കാർ വെട്ടിക്കുറച്ചതോടെ പുതിയ തട്ടിപ്പുമായി സ്വകാര്യ ആശുപത്രികൾ എത്തിയിട്ടുണ്ട്.
അഡ്മിഷനിലുള്ള രോഗികൾക്കും രോഗപരിശോധനയ്ക്ക് എത്തുന്നവർക്കും ആർടിപിസിആർ പരിശോധന നടത്താതെ ഉയർന്ന ചെലവുള്ള ട്രൂനാറ്റ് പരിശോധന നടത്തുകയാണ്. ആർടിപിസിആർ നടത്തുന്നില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഒടുവിൽ ഉയർന്ന നിരക്കു നൽകി ട്രൂനാറ്റ് പരിശോധനയ്ക്ക് സമ്മതിക്കേണ്ടി വരുന്നു എന്നതാണ് രോഗികൾ നേരിടുന്ന പ്രതിസന്ധി. ചികിത്സയിലുള്ള രോഗികളുടെ ബന്ധുക്കൾ ഈ വിവരം അറിയുന്നത് ബിൽ വരുമ്പോൾ മാത്രമാണ്.
വിമാനത്താവളത്തിലും മറ്റും ഈ ഫലം അംഗീകരിക്കില്ല എന്നതിനാൽ ആളുകൾക്ക് ഇത് അനാവശ്യ ചെലവായി മാറുകയാണ്. ആർടിപിസിആറിന് പരമാവധി 500 രൂപ ഈടാക്കാനാണ് സർക്കാർ ഉത്തരവ്. എന്നാൽ 1,500 രൂപയ്ക്കു മുകളിലാണ് ട്രൂനാറ്റ് പരിശോധനയ്ക്ക് ഈടാക്കുന്നത്.
ചേർത്തലയിൽ കോവിഡ് പോസിറ്റീവായതിനു പിന്നാലെ രോഗിയെ ചേർത്തല താലൂക്ക് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. കുറച്ചു കൂടി മെച്ചപ്പെട്ട ചികിത്സയ്ക്ക് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റാൻ നിർദേശിച്ചതിനെ തുടർന്ന് അന്വേഷിക്കുമ്പോൾ അവിടെ കിടക്ക ഒഴിവില്ലെന്നറിഞ്ഞു.
ഇതോടെ എറണാകുളത്തെ ഏതെങ്കിലും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാമെന്നു തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ഒരാൾ പറഞ്ഞാണ് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ കിടക്ക ലഭ്യമാണെന്ന വിവരം അറിയുന്നത്. ഇവിടുത്തെ പിആർഒയുടെ സുഹൃത്ത് വിളിച്ചു ചോദിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് ആംബുലൻസിൽ രോഗിയുമായി ആശുപത്രിയിലെത്തുന്നത്.
ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുന്ന രോഗിയെ പരിശോധിക്കാനോ ആംബുലൻസിൽ നിന്ന് ഇറക്കാനോ ആശുപത്രിക്കാർ സമ്മതിച്ചില്ല. 50,000 രൂപ അഡ്വാൻസ് കെട്ടിവച്ച ശേഷമേ രോഗിയെ ഇറക്കാൻ അനുവദിക്കൂ എന്നായിരുന്നു നിർദേശം.
https://www.facebook.com/Malayalivartha


























