എ.റ്റി.എമ്മിൽ നിന്ന് ഒരു കോടി രൂപയുടെ കവർച്ച... കള്ളന്മാരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് കോടതി...

ഇന്ത്യയിലൊട്ടാകെ അറുപതോളം എ.ടി എം കൗണ്ടറുകളിൽ നിന്നായി ഒരു കോടി രൂപ കവർന്ന ബാംഗ്ളൂർ - ജാർഖണ്ഡ് സ്വദേശികളായ 2 യുവാക്കളെ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു.
എ റ്റി എം കവർച്ചാ കേസിൽ ഒന്നും രണ്ടും പ്രതികളായ ജാർഖണ്ഡ് ഛത്രക് ജില്ലയിൽ കാബിയ ജൂഡ്കോരി പോലീസ് സ്റ്റേഷന് സമീപം താമസം മനീഷ് കുമാർ സിങ് (22) , ബാംഗ്ളൂർ നാഗസാന്ദ്ര ദൊട്ട ബിനുക്കൽ മാറന്നലെ ഔട്ട് ഹൗസ് നമ്പർ - 6 ൽ താമസം അരുൺകുമാർ (24) എന്നിവരെയാണ് കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചത്.
ഇവരുടെ ജാമ്യ ബോണ്ടുകൾ റദ്ദാക്കിയ മജിസ്ട്രേട്ട് വിവിജാ രവീന്ദ്രൻ ഇവർക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു. സ്ഥാവരജംഗമ സ്വത്തുക്കൾ ജപ്തി ചെയ്യാൻ പ്രതികളുടെ വാസസ്ഥലത്തെ വില്ലേജാഫീസർമാരോടും ഉത്തരവിട്ടു.
വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടപ്പോഴാണ് പ്രതികൾ കോടതിയിൽ ഹാജരാകാതെ മുങ്ങി ഒളിവിൽ പോയത്.
2012 -13 കാലയളവിലാണ് പ്രതികൾ തലസ്ഥാനത്തെ പൂജപ്പുര , മ്യൂസിയം പോലീസ് സ്റ്റേഷൻ ലോക്കൽ ലിമിറ്റ്സിൽ പെട്ട എ റ്റി എം കൗണ്ടറുകൾ വഴിയുള്ള വൻ തട്ടിപ്പിന് കളമൊരുക്കിയത്. രണ്ട് എ റ്റി എം ഒരുമിച്ച് പ്രവർത്തിക്കുന്ന കൗണ്ടറുകളിൽ നിന്നാണ് ഇരുവരും പണം കവർന്നത്.
രാവിലെ കറങ്ങി നടന്ന് എറ്റിഎം കൗണ്ടറുകൾ കണ്ടുവെച്ച് ഉച്ചയ്ക്ക് ശേഷമാണ് ഇവർ മോഷണം നടത്തുന്നത്. മനീഷ് കുമാർ സിങ് ആദ്യം എ റ്റി എം കൗണ്ടറിൽ പ്രവേശിച്ച് മെഷീനിലെ എൻ്റർ കീ തീപ്പെട്ടിക്കൊള്ളിയും പശയും ഉപയോഗിച്ച് അമർത്തിവയ്ക്കും.
തുടർന്ന് കൗണ്ടറിൽ തന്നെയുള്ള രണ്ടാമത്തെ മെഷീനിൽ പണമെടുക്കാനെന്ന വ്യാജേന നിൽക്കും. ഇതിനകം ആദ്യ കൗണ്ടറിൽ എത്തുന്ന ഇടപാടുകാർ എ റ്റി എം കാർഡിട്ട ശേഷം പിൻ നമ്പർ അമർത്തും. തുടർന്ന് എൻ്റർ കീ അമർത്തുമ്പോൾ തുടർന്നുള്ള പ്രവർത്തനം നടക്കില്ല.
ഇതോടെ ഇടപാടുകാരൻ പണമെടുക്കാനാവാതെ എ റ്റി എം കാർഡുമായി മടങ്ങും. തൊട്ടടുത്ത മെഷീന് സമീപം നിൽക്കുന്ന മനീഷ് കുമാർ സിങ് ഇടപാടുകാരൻ്റെ പിൻ നമ്പർ ഇതിനോടകം മന:പാഠമാക്കും.
തുടർന്ന് എ റ്റി എം കൗണ്ടറിൽ എത്തി തീപ്പെട്ടിക്കൊള്ളി ഇളക്കി മാറ്റി എൻറർ കീ ശരിയാക്കിയ ശേഷം പിൻ നമ്പർ ഒന്നു കൂടി അമർത്തി പണം പിൻവലിക്കുകയാണ് തട്ടിപ്പിൻ്റെ രീതി.
ഇത്തരത്തിൽ പൂജപ്പുര പോലീസ് സ്റ്റേഷനിൽ മൂന്നു കേസുകളും മ്യൂസിയം സ്റ്റേഷനിൽ ഏഴു കേസുകളും ഇവർക്കെതിരെ നിലവിലുണ്ട്. 40,000 , 35,000 , 20,000 രൂപ എന്നിങ്ങനെയാണ് സിങ് ഒറ്റയടിക്ക് പിൻവലിക്കുന്നത്.
ഇത്തരത്തിൽ രാജ്യത്തിലൊട്ടാകെ 60 ഓളം എറ്റി എമ്മുകളിൽ നിന്ന് പണം പിൻവലിച്ച ശേഷം ബാംഗ്ളൂരിലെത്തി നക്ഷത്ര ഡാൻസിങ് പബ്ബ് ബാറുകളിലും മറ്റുമായി ആഡംബര ജീവിതം നയിക്കുകയാണ് പ്രതികളുടെ പതിവ്.
എ.റ്റി.എം കൗണ്ടറുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ സിങിൻ്റെ ചിത്രം പതിഞ്ഞിരുന്നു. സിറ്റി പോലീസിൻ്റെ മിഷൻ 30 ഡെയ്സിൻ്റെ ഭാഗമായ അന്വേഷണത്തിനിടെ ഇരുവരും പി.എം.ജി യിലെ ഒരു എ.റ്റി.എം കൗണ്ടറിന് സമീപത്തു നിന്നും പിടിയിലാവുകയായിരുന്നു.
തമിഴ്നാട് , കർണാടക , മഹാരാഷ്ട്ര , ഡൽഹി എന്നിവിടങ്ങളിൽ ഇവർക്കെതിരെ കേസുണ്ട്. അരുൺകുമാർ ബാംഗ്ളൂരിൽ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. മനീഷ് കുമാർ സിങ് ബാംഗ്ളൂരിൽ എ.റ്റി.എം മോഷണക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























