ചടയമംഗലത്തിനടുത്ത് ബസുകള്‍ കൂട്ടിയിട്‌ച്ച് 5 പേര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്

കൊല്ലം ജില്ലയിലെ ചടയമംഗലത്തിനടുത്ത് ബസ്സുകള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. തിരുവനന്തപുരത്ത് നിന്ന് പമ്പയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സും പുനലൂര്‍-കടയ്ക്കല്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.
രാവിലെ 10.15 ഓടെയായിരുന്നു സംഭവം. മരിച്ചവരില്‍ ഒരു സ്ത്രീയുടെ മുഖം തിരിച്ചറിയാനാകാത്തവിധം ചതഞ്ഞരഞ്ഞ നിലയിലാണ്. ഇടിയുടെ ആഘാതത്തില്‍ ഏതാനും പേര്‍ ബസ്സിനുള്ളില്‍ ഏറെ നേരം കുടുങ്ങിപ്പോയി. എം.സി റോഡില്‍ ഇളവക്കോട് ശ്രീംരംഗം ജംഗ്ഷനിലാണ് അപകടം നടന്നത്. പുനലൂര്‍-കടയ്ക്കല്‍ റൂട്ടിലോടുന്ന ത്രിവേണി ബസ്സാണ് അപകടത്തില്‍ പെട്ടത്. സ്വകാര്യ ബസ്സിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു
അപകടത്തില്‍ പെട്ട ബസ്സിന് പിന്നാലെയെത്തിയ കെ.എസ്.ആര്‍.ടി.സി ബസ്സിലാണ് പരിക്കേറ്റവരെ കടയ്ക്കല്‍ താലൂക്ക് ആസ്പത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ഇതില്‍ തന്നെ ചിലരെ വെഞ്ഞാറന്മൂടിലുള്ള ഗോകുലം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞ സ്ത്രീയുടെ മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് ബസ്സുകളിലുമായി നൂറിലേറെ യാത്രക്കാരുണ്ടായിരുന്നു. അപകടമുണ്ടായ ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി. പരിക്കേറ്റവരെ വിവിധ വാഹനങ്ങളിലായി വളരെപ്പെട്ടെന്ന് തന്നെ ആസ്പത്രയിലേക്ക് കയറ്റിവിടാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. ഇത് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ സഹായിച്ചു.
https://www.facebook.com/Malayalivartha