ഒടുവില്‍ ട്വിറ്റര്‍ പത്തി മടക്കി...പുതിയ ഐടി നിയമങ്ങളോടു സഹകരിക്കും; കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യശാസനത്തിനു പിന്നാലെയാണ് ട്വിറ്ററിന്റെ മനംമാറ്റം; അനുസരിക്കാം പക്ഷേ, കൊവിഡ് സാഹചര്യമായതിനാല്‍ നിയമങ്ങള്‍ പാലിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ട്വിറ്റര്‍

കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയതിന് പിന്നാലെ പത്തിമടക്കി ട്വിറ്റര്‍. പുതിയ ഐടി നിയമങ്ങളോടു സഹകരിക്കാന്‍ തയാറാണെന്ന് ട്വിറ്റര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ കൊവിഡ് സാഹചര്യമായതിനാല്‍ നിയമങ്ങള്‍ പാലിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ട്വിറ്റര്‍ ആവശ്യപ്പെട്ടു. പുതിയ നിയമവുമായി സഹകരിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യശാസനയാണ് ഫലം കണ്ടത്.
'ഐടി മന്ത്രാലയത്തിന്റെ പുതിയ നിയമങ്ങള്‍ പാലിക്കാന്‍ തയാറാണെന്നു കേന്ദ്ര സര്‍ക്കാരിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മറ്റു പുരോഗതികള്‍ സര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാരുമായുള്ള കൂടുതല്‍ ആശയവിനിമയം നടന്നുവരികയാണ്' ട്വിറ്റര്‍ വക്താവ് ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി നിയമങ്ങള്‍ സ്വതന്ത്ര അഭിപ്രായ പ്രകടനം തടസ്സപ്പെടുത്തുന്നതാണെന്നു കാട്ടിയാണ് ട്വിറ്റര്‍ സര്‍ക്കാരിനെതിരെ തുറന്ന പോരിനിറങ്ങിയത്. എന്നാല്‍ നിയമങ്ങള്‍ പാലിക്കാനുള്ള അവസാന അവസരമാണിത്. വീഴ്ച വരുത്തിയാല്‍ ഐടി നിയമം 2000 ലെ 79ാം അനുഛേദം അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിക്കും. കൂടാതെ ഐടി നിയമം, രാജ്യത്തെ മറ്റു ശിക്ഷാ നിയമങ്ങള്‍ എന്നിവ പ്രകാരമുള്ള അനന്തരനടപടികള്‍ നേരിടേണ്ടി വരും'. ഐടി ഇന്റര്‍മീഡിയറി ചട്ടം നടപ്പാക്കണമെന്ന അന്ത്യശാസനവുമായി കേന്ദ്ര ഐടി മന്ത്രാലയം ട്വിറ്ററിനു നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു
ഉള്ളടക്കത്തിന്റെ പേരില്‍ പ്ലാറ്റ്‌ഫോമുകള്‍ പ്രതിയാകുന്ന അവസ്ഥ ഒഴിവാക്കുന്ന 'സേഫ് ഹാര്‍ബര്‍' പരിരക്ഷ നിലവില്‍ സമൂഹമാധ്യമങ്ങള്‍ക്കു ലഭിക്കുന്നത് ഈ ചട്ടം അനുസരിച്ചാണ്. ഇതില്ലാതാകുമെന്ന മുന്നറിയിപ്പാണു കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. അതേസമയം, ചട്ടങ്ങള്‍ നടപ്പാക്കാനുള്ള സമയപരിധി വ്യക്തമാക്കിയിട്ടില്ല. ഫെബ്രുവരിയില്‍ കേന്ദ്രം പ്രഖ്യാപിച്ച പുതിയ ഐടി ചട്ടങ്ങള്‍ നടപ്പാക്കാന്‍ അനുവദിച്ചിരുന്ന സമയപരിധി മേയ് 25ന് അവസാനിച്ചിരുന്നു.
'ഉപയോക്താക്കളുടെ പരാതികള്‍ കേള്‍ക്കാനും പരിഹാരിക്കാനുമുള്ള സംവിധാനം കമ്പനി ഉറപ്പാക്കേണ്ടതുണ്ട്. രാജ്യത്തെ നിയമം നടപ്പാക്കണമെന്ന ആവശ്യം തുടര്‍ച്ചയായി നിഷേധിക്കുകയാണ്. ഒരു പതിറ്റാണ്ടിലേറെയായി രാജ്യത്തു പ്രവര്‍ത്തിക്കുന്ന കമ്പനിയാണെങ്കിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല' കത്തില്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടി നിയമങ്ങളില്‍ ചിലത് സ്വതന്ത്ര അഭിപ്രായപ്രകടനത്തെ തടസ്സപ്പെടുത്തുന്നതാണെന്നു ട്വിറ്റര്‍ അഭിപ്രായപ്പെട്ടിരുന്നു. സന്ദേശങ്ങളുടെ ഉറവിടം 36 മണിക്കൂറിനകം അറിയിക്കണം, കംപ്ലയന്‍സ് ഓഫിസറെ നിയമിക്കണം തുടങ്ങിയ നിബന്ധനകളാണു ചൂണ്ടിക്കാട്ടുന്നത്.
സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട പുതിയ ഐടി ചട്ടം ട്വിറ്റര്‍ പാലിക്കണമെന്നു ഡല്‍ഹി ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. ഐടി ചട്ടങ്ങള്‍ നടപ്പാക്കിയെന്നും ഗ്രീവന്‍സ് ഓഫിസറെ നിയമിച്ചുവെന്നും ട്വിറ്റര്‍ കോടതിയെ അറിയിച്ചെങ്കിലും കേന്ദ്രം നിഷേധിച്ചു. വാട്‌സാപ്, ഫെയ്‌സ്ബുക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള സര്‍ക്കാരിന്റെ പുതിയ ഐടി നിയമങ്ങള്‍ പാലിക്കാന്‍ തയാറാണെന്ന് നേരത്തെ അറിയിച്ചിരുന്നു.
ചീഫ് കംപ്ലയന്‍സ് ഓഫിസര്‍, നോഡല്‍ കോണ്ടാക്ട് പഴ്‌സന്‍, ഗ്രീവന്‍സ് ഓഫിസര്‍ തുടങ്ങിയ പദവിയിലുള്ളവരുടെ പേരുകള്‍ ഗൂഗിള്‍, ഫെയ്‌സ്ബുക്, വാട്‌സാപ്, കൂ, ലിങ്ക്ഡ് ഇന്‍ തുടങ്ങിയ കമ്പനികള്‍ നല്‍കിയിരുന്നു. എന്നാല്‍ ട്വിറ്റര്‍ ചീഫ് കംപ്ലയന്‍സ് ഓഫിസറെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയില്ല. ഗ്രീവന്‍സ് ഓഫിസറായി ഒരു അഭിഭാഷകനെ നിയമിച്ചതിന്റെ വിവരങ്ങള്‍ മാത്രമാണു സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha