ഇക്കൊല്ലം പ്രൈവറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷ മേല്‍നോട്ട കമ്മിറ്റിയുടെ നേതൃത്വത്തില്‍; തലവരിവാങ്ങാമെന്ന് സുപ്രീം കോടതിയുടെ പരിഹാസം

ഇക്കൊല്ലം പ്രൈവറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷ മേല്‍നോട്ട കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കട്ടെയെന്ന് സുപ്രീം കോടതി. പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
മാനേജ്‌മെന്റ് ക്വാട്ടയില്‍ അസോസിയേഷന്‍ നടത്തിയ പ്രവേശന പരീക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് മാനേജ്‌മെന്റ് അസോസിയേഷന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. ജസ്റ്റിസുമാരായ എച്ച്.എല്‍ ദത്തു,ദീപക് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. നിങ്ങള്‍ക്ക് തലവരി വാങ്ങുകയും ചെയ്യാമെന്നും കോടതി പരിഹസിച്ചു.
ഇക്കൊല്ലം മാത്രമേ മേല്‍നോട്ട കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരീക്ഷ നടത്താവൂ എന്ന ഹര്‍ജിക്കാരുടെ നിര്‍ദേശത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തില്ല. എന്നാല്‍ സുതാര്യമായിരിക്കണം പരീക്ഷയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആര്‍.ബസന്ത് കോടതിയില്‍ പറഞ്ഞു.
ഹൈക്കോടതി മുന്‍ ജഡ്‌ജിയായിരുന്ന ജെ.എം ജെയിംസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് മാനേജ്‌മെന്റ് പരീക്ഷ റദ്ദാക്കിയത്. 35 ശതമാനം വരുന്ന മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് ഇരുപത്തിയൊന്നിന് മേല്‍നോട്ട സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്. മേല്‍നോട്ട കസമിതിയുടെ നേതൃത്വത്തിലുള്ള പരീക്ഷ അസോസിയേഷന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ സഹായിക്കുമെന്നും കോടതി നിരീക്ഷിച്ചു.
കേരള പ്രൈവറ്റ് മാനേജ്‌മെന്റ് അസോസിയേഷന് കീഴില്‍ എട്ടു കോളേജുകളാണ് ഉള്ളത്. ഇതില്‍ 900 സീറ്റില്‍ 315 സീറ്റാണ് മാനേജ്‌മെന്റ് ക്വാട്ടയിലുള്ളത്. ക്രൈസ്‌തവസഭാ മാനേജ്‌മെന്റ് ഒഴിച്ചുള്ളവരാണ് പ്രൈവറ്റ് മാനേജ്‌മെന്റ് അസോസിയേഷനിലുള്ളത്.
https://www.facebook.com/Malayalivartha