ഓപറേഷന് സിന്ദൂര്‍ ചര്‍ച്ചയില്‍ മറുപടി പറയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിലെത്താത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം

ഓപറേഷന് സിന്ദൂര്‍ ചര്‍ച്ചയില്‍ മറുപടി പറയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിലെത്താത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. രണ്ടു ദിവസം നീണ്ട ചര്‍ച്ചയുടെ അവസാനം, ബുധനാഴ്ച വൈകീട്ട് അമിത് ഷാ മറുപടി പ്രസംഗം ആരംഭിച്ചപ്പോള്‍ പ്രധാനമന്ത്രിയാണ് മറുപടി പറയേണ്ടതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹളം വെച്ചു. ഓപറേഷന്‍ സിന്ദൂറിനെക്കുറിച്ച് 16 മണിക്കൂര്‍ ചര്‍ച്ചക്ക് ശേഷം പ്രധാനമന്ത്രി മോദി സഭയെ അഭിസംബോധന ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉപാധ്യക്ഷനോട് പറഞ്ഞു
അമിത് ഷാക്ക് മറുപടി നല്‍കാന്‍ കഴിവില്ലെന്ന് പറയുന്നില്ല. പക്ഷേ, പ്രധാനമന്ത്രി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിക്കുന്നത് സഭയോടും രാജ്യസഭ അംഗങ്ങളോടും ചെയ്യുന്ന അനാദരവാണ്. പ്രധാനമന്ത്രി മറുപടി പറയേണ്ട നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു.
എന്നാല്‍, ഭരണപക്ഷത്തുനിന്ന് ആരാണ് സംസാരിക്കേണ്ടതെന്ന് സര്‍ക്കാറാണ് തീരുമാനിക്കലെന്നായിരുന്നു അമിത് ഷായുടെ മറുപടി. പ്രസംഗം തുടര്‍ന്നതോടെ, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. ചൊവ്വാഴ്ച ഉച്ച മുതലാണ് രാജ്യസഭയില്‍ ഓപറേഷന്‍ സിന്ദൂര്‍ ചര്‍ച്ച തുടങ്ങിയത്.
പഹല്‍ഗാം ഭീകരാക്രമണം നടത്തിയവരെ ഇല്ലാതാക്കിയ ഓപറേഷന് മഹാദേവ് എന്ന പേര് നല്‍കിയത് മതം നോക്കിയല്ലെന്നും മുഗളന്മാര്‍ക്കെതിരെ സ്വാതന്ത്ര്യത്തിനായി പോരാടിയ ശിവാജി ഉപയോഗിച്ച യുദ്ധ മുദ്രാവാക്യമാണെന്നും അമിത് ഷാ . ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷം ഇന്ത്യയില്‍ നിരവധി ഭീകര സംഘടനകളെ നിരോധിച്ചു.
കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ നിരവധി ഭീകരരെ വിട്ടയക്കുകയാണുണ്ടായതെന്നും മറുപടി പ്രസംഗത്തില്‍ അമിത് ഷാ പറഞ്ഞു.
"
https://www.facebook.com/Malayalivartha