മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തല്‍; ഐ.ജിയെ സസ്‌പെന്റ് ചെയ്യും

സോളാര്‍ വിഷയത്തില്‍ മന്ത്രിമാരുടെ അടക്കം ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ സൈബര്‍ സെല്ലിന്റെ ചുമതലയുള്ള ഐ.ജി ടി.ജെ. ജോസിനെ സസ്‌പെന്റ് ചെയ്യും. ഐ.ജി കുറ്റക്കാരനാണെന്ന അന്വേഷണ റിപ്പോര്‍ട്ട് ഇന്റലിജന്‍സ് എ.ഡി.ജി.പി, ടി.പി സെന്‍കുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കി. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ എ.ഡി.ജി.പിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് സെന്‍കുമാര്‍ ടി.ജെ ജോസിനെ ചോദ്യം ചെയ്‌തിരുന്നു. പക്ഷെ, മറുപടി തൃപ്‌തികരമായിരുന്നില്ല. തുടര്‍ന്ന് മുഖ്യമന്ത്രി ജോസിനെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഫോണ്‍ ചോര്‍ത്തിക്കൊടുത്തില്ലെന്നായിരുന്നു ഐ.ജിയുടെ വിശദീകരണം.
നിരവധി പ്രമുഖര്‍ സരിതയെ നിരന്തരം വിളിച്ചതിന്റെ വിശദവിവരങ്ങളാണ് പുറത്തുവന്നത്. ഫോണ്‍ രേഖ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഐ.ജി ജോസ് നല്‍കിയ വിശദീകരണം തൃപ്‌തികരമല്ലെന്നും ഐ.ജിയുടെ വിശദീകരണം പൂര്‍ണമായും കളവാണെന്നും എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മന്ത്രിമാരുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങളുടെ ആദ്യ രേഖ ചോര്‍ത്തിയത് തലശേരി പൊലീസ് സ്റ്റേഷനില്‍ നിന്നാണെന്നാണ് സൂചന. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് രണ്ട് പൊലീസുകാരാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 13 സ്ഥലങ്ങളില്‍ നിന്നായി ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ മേല്‍നോട്ടത്തിലാണ് സൈബര്‍ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്.
മൊബൈല്‍ ഫോണ്‍ സേവനദാതാക്കളുമായി ബന്ധപ്പെട്ട് ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ പൊലീസ് സ്റ്റേഷന് കഴിയും. ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിന്‍മേല്‍ അതീവ രഹസ്യമായി സൈബര്‍ പൊലീസ് സ്റ്റേഷനും പൊലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹൈടെക് സെല്ലും ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ ശേഖരിക്കാറുണ്ട്. ഐ.ജി ടി.ജെ. ജോസ് ഫോണ്‍ ചോര്‍ത്തലില്‍ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാണെന്ന് സെന്‍കുമാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha