ടൂറിസ്റ്റ് ഹോം റൂംബോയിയെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു; മൂന്നംഗ സംഘം അറസ്റ്റില്‍!! പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു

കണ്ണൂര്‍ നഗരത്തിലെ ടൂറിസ്റ്റ് ഹോമിലെത്തിയ സംഘം റൂം ബോയിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കി റോഡില്‍ തള്ളിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ സിറ്റി ഉരുവച്ചാലിലെ സുനില്‍ കുമാര്‍ (40), തയ്യില്‍ സ്വദേശി വെങ്കിടേഷ് (25), മൈതാനപ്പള്ളി സ്വദേശി അഭിമന്യു (26) എന്നിവരെയാണ് ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ശ്രീജിതുകൊടേരിയും സംഘവും പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മുനീശ്വരന്‍ കോവിലിന് സമീപത്തെ അഭിലാഷ് ടൂറിസ്റ്റ് ഹോം ജീവനക്കാരന്‍ ചിറക്കല്‍ അഞ്ചുക്കണ്ടിയിലെ ഷിബിനെയാണ് കാറിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടു പോയത്. പെരുന്നാള്‍ ദിവസം ലോഡ്ജിലെത്തിയ സംഘം അസഭ്യം പറഞ്ഞത് ഷിബിന്‍ ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
വിവരമറിഞ്ഞ് എസ്‌ഐ ഹാരിസ്, സിറ്റി സ്റ്റേഷന്‍ എസ്‌ഐ സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചലില്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ ഷിബിനെ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ ആശുപത്രിയിലെത്തിക്കുകയും തെരച്ചലില്‍ മൂന്ന് പ്രതികളെയും ഇവര്‍ സഞ്ചരിച്ച പി.വൈ 03 എ 7 948 നമ്പർ ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ കണ്ണൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha



















