അരി നല്‍കിയപ്പോള്‍ റാഗി മതിയെന്ന്... ഫയലുകള്‍ നോക്കി തീരുമാനം എടുക്കുന്ന മുഖ്യമന്ത്രിയല്ല താന്‍, അട്ടപ്പാടിയില്‍ നേരിട്ടു കണ്ടതാണ് പറഞ്ഞത്

അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കിയ ശേഷമാണ് താന്‍ അഭിപ്രായം പറഞ്ഞതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഫയലുകള്‍ നോക്കി തീരുമാനം എടുക്കുന്ന മുഖ്യമന്ത്രിയല്ല താന്‍. ഫീല്‍ഡില്‍ പോയി സാഹചര്യങ്ങള്‍ നേരിട്ട് മനസിലാക്കിയ ശേഷമാണ് പ്രസ്ഥാവന നടത്തിയത്. അട്ടപ്പാടിയിലെ ജനങ്ങളുടെ വികാരമാണ് താന്‍ പറഞ്ഞത്. അട്ടപ്പാടിയില്‍ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍ അവരത് കഴിക്കുന്നില്ലെന്നു മനസിലായി. തുടര്‍ന്ന് റാഗി അവര്‍ ആവശ്യപ്പെട്ടു. ഫുഡ് കോര്‍പ്പറേഷന്‍ ഇന്ത്യ പോലും റാഗി സംഭരിക്കുന്നില്ല. എന്നിട്ടും അതെത്തിച്ചു കൊടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. റാഗി പാചകം ചെയ്‌തു ആദിവാസികള്‍ക്ക് എത്തിക്കുന്ന കാര്യം ആലോചിച്ചു വരികയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. താന്‍ നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശം തെറ്റായി നല്‍കിയ മാധ്യമങ്ങളോട് സഹതാപം മാത്രമെ ഉള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ഔട്ട്ലുക്ക് മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ അഭിപ്രായ പ്രകടനമുണ്ടായിരുന്നത്. അട്ടപ്പാടിയില്‍ ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നുണ്ടെങ്കിലും അത് കഴിക്കാത്തതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ കക്കൂസുകള്‍ ആദിവാസികള്‍ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടും എന്തുകൊണ്ടാണ് അട്ടപ്പാടിയില്‍ ശിശുക്കള്‍ മരിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
https://www.facebook.com/Malayalivartha