ഭരണം പോര... സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്‌തനല്ലെന്ന് കെഎം മാണി, വിവാദങ്ങള്‍ സര്‍ക്കാരിന് മങ്ങലേല്‍പ്പിച്ചെന്ന് ആര്യാടന്‍ മുഹമ്മദ്

സംസ്ഥാനത്തെ രണ്ട് മുതിര്‍ന്ന മന്ത്രിമാര്‍ ഭരണം തൃപ്‌തികരമല്ലെന്ന ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുന്നു. കേരള കോണ്‍ഗ്രസ് നേതാവും ധനമന്ത്രിയുമായ കെഎം മാണിയെ ചുറ്റിപ്പറ്റിയായിരുന്നു സംസ്ഥാന രാഷ്‌ട്രീയം കഴിഞ്ഞ വാരം. ഒരു പക്ഷേ കെഎം മാണി മുഖ്യമന്ത്രി ആകുമെന്ന് യുഡിഎഫ് നേതാക്കള്‍ പോലും വിശ്വസിച്ചു പോയി. മുഖ്യമന്ത്രിയാകാന്‍ വളഞ്ഞ വഴി സ്വീകരിക്കില്ലെന്ന് മാണി പറഞ്ഞതോടെയാണ് ഇതിനൊരു അയവ് വന്നത്. ഈയൊരു സാഹചര്യം നിലനില്‍ക്കുന്ന സമയത്താണ് മാണി സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ കണ്ടെത്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി, അവരുടെ രാഷ്‌ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍, പ്രതിരോധ മന്ത്രി എ.കെ. ആന്റണി എന്നിവരുമായാണ് അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയത്.
എന്നാല്‍ അതിനുശേഷം ശക്തമായ വിമര്‍ശനവുമയി മാണിയെത്തിയത് വീണ്ടും യുഡിഎഫിനെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ താന്‍ തൃപ്തനല്ലെന്നും ഘടകകക്ഷികളെ അംഗീകരിച്ചും വിശ്വാസത്തിലെടുത്തും കോണ്‍ഗ്രസ് മുന്നോട്ടുപോകണമെന്നും ധനമന്ത്രി കെ.എം.മാണി പറഞ്ഞു.
അപമാനം സഹിച്ചു മുന്നണിയില്‍ തുടരില്ലെന്നും കേരളാ കോണ്‍ഗ്രസിന് ആരോടും തൊട്ടുകൂടായ്‌മയില്ലെന്നും ഇപ്പോള്‍ യു.ഡി.എഫ്. വിടേണ്ട സാഹചര്യ മില്ലെന്നും മാണി. രാഷ്‌ട്രീയ അപകര്‍ഷതയില്ലാത്തതിനാല്‍ കേരളാ കോണ്‍ഗ്രസിന് ഒറ്റയ്‌ക്കു നില്‍ക്കാനുള്ള ശേഷിയുണ്ട്. പ്രതിച്‌ഛായ മെച്ചപ്പെടുത്തിയില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്കു തിരിച്ചടി നേരിടും
പലവട്ടം കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചിട്ടും കേരള കോണ്‍ഗ്രസിന് അര്‍ഹമായ സ്‌ഥാനം നല്‍കിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യു.ഡി.എഫ്. സര്‍ക്കാരിന്റെ ഇപ്പോഴത്തെ പോക്കില്‍ പൂര്‍ണ തൃപ്‌തനല്ലെന്ന സൂചനയും മാണി നല്‍കി. അസംതൃപ്‌തിയില്ല; എന്നാല്‍ പൂര്‍ണ തൃപ്‌തനുമല്ല.
അതേസമയം സമീപകാലത്തുണ്ടായ വിവാദങ്ങള്‍ സര്‍ക്കാരിന് മങ്ങലേല്പിച്ചുവെന്ന് വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്. യു ഡി എഫിലെ എല്ലാവരും ഒരുമിച്ചു നില്‍ക്കുകയാണെങ്കില്‍ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഒഴിവാക്കാവുന്നതാണെന്നും ആര്യാടന്‍ പറഞ്ഞു.
കോണ്‍ഗ്രസിലും യു.ഡി.എഫിലും യാതൊരു പ്രശ്നങ്ങളുമില്ല. യു.ഡി.എഫ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും. പാര്‍ലമെന്റിലെ സീറ്റ് വിഭജനം സംബന്ധിച്ച് യു.ഡി.എഫാണ് തീരുമാനമെടുക്കേണ്ടതെന്നും ആര്യാടന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha