നാലു മാസം പ്രായമായ കുഞ്ഞിൻ്റെ മരണം!! കുട്ടി കരഞ്ഞപ്പോൾ മൂക്കും വായയും ഒരുമിച്ചു പൊത്തിപ്പിടിച്ചപ്പോൾ കൊലപാതകം നടന്നെന്ന് മൊഴി: മാതാവ് പൊലീസ് കസ്റ്റഡിയിൽ, സംഭവം പൊലിസിനെ അറിയിച്ചത് ബന്ധുക്കൾ

കാഞ്ഞിരപ്പള്ളിയിൽ നാലു മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തിൽ അമ്മയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടി കരഞ്ഞപ്പോൾ മൂക്കും വായയും ഒരുമിച്ചു പൊത്തിപ്പിടിച്ചതിനെ തുടർന്നാണ് കുഞ്ഞു മരിച്ചതെന്നു അമ്മ കുറ്റം സമ്മതിച്ചിട്ടുണ്ട്.
എന്നാൽ, മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. തുടർന്നു, ഇവരെ പൊലീസ് കസ്റ്റഡിയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനസിക നില സാധാരണ ഗതിയിൽ ആയ ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസമാണ് കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ നാലു മാസം പ്രായമുള്ള ആൺകുഞ്ഞിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്തിയത്.
കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ സൂസൻ ദമ്പതികളുടെ മകനായ ഇഹാനെയാണ് മരിച്ച നിലയിൽ കണ്ടത്. നേരത്തെ തന്നെ മാനസിക അസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്ന സൂസൻ, ചികിത്സയുടെ ഭാഗമായി ദിവസവും മരുന്ന് കഴിച്ചിരുന്നു. സംഭവ ദിവസം രാവിലെയും മരുന്ന് കഴിച്ചിരുന്ന ഇവർ, ഉറങ്ങാൻ കിടന്നപ്പോൾ ഉണർന്ന കുട്ടി കരയുകയായിരുന്നു.
തുടർന്നു, കുട്ടിയുടെ കരച്ചിൽ നിർത്താൻ വായും, മൂക്കും ചേർത്തു പൊത്തിപ്പിടിച്ചതായി സൂസൻ പൊലീസിനു മൊഴി നൽകി. അൽപ സമയം കഴിഞ്ഞപ്പോൾ കുട്ടിയുടെ അനക്കമുണ്ടായിരുന്നില്ല. ഇതോടെ വിവരം ഭർത്താവിനെ അറിയിച്ചു. ഭർത്താവ് എത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ ബന്ധുക്കളാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്നു, നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചത് എന്നു കണ്ടെത്തി. കുട്ടിയുടെ മൂക്കും വായും ചേർത്തു പൊത്തിപ്പിടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നു പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്‌ടർമാർ കണ്ടെത്തി.
സംഭവം നടന്ന ദിവസമുള്ള സൂസൻ്റെ മാനസിക നിലയും, ഇപ്പോഴുള്ള മാനസിക നിലയും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിനു പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാവും തുടർ നടപടികൾ.
https://www.facebook.com/Malayalivartha

























