ഇതാണ് രാജയോഗം.... മോന്‍സന്റെ അത്യാഡംബര ജീവിതം കണ്ട് അമ്പരന്ന നാട്ടുകാരെ ഞെട്ടിപ്പിച്ച് അറസ്റ്റ്; സെമിനാരിയില്‍ നിന്ന് വൈദിക പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് മുങ്ങി; പിന്നെ പൊങ്ങിയത് നാട്ടുകാരെ ഞെട്ടിപ്പിച്ച്; ടിപ്പുവിന്റെ സിംഹാസനം മുതല്‍ വെള്ളിക്കാശ് വരെ സ്വന്തം

മോണ്‍സണ്‍ മാവുങ്കലിന്റെ വളര്‍ച്ചയും തളര്‍ച്ചയും കണ്ട നാട്ടുകാര്‍ എത് വിശ്വസിക്കണം ഏത് വിശ്വസിക്കേണ്ട എന്ന അവസ്ഥയിലാണ്. അത്യാഡംബര ജീവിതവും ഉന്നത ബന്ധങ്ങളും കൊണ്ട് നാട്ടുകാരെ വിസ്മയിപ്പിച്ച മോണ്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റ് വിശ്വസിക്കാനാകാതെ കഴിയുകയാണ് നാട്.
സാധാരണ കുടുംബത്തില്‍ ജനിച്ച ഇയാള്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം വൈദിക പഠനത്തിന് ചേര്‍ന്നു. സെമിനാരിയില്‍ നിന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് മുങ്ങി. ശേഷം ഇടവ പള്ളിയിലെ കപ്യാരുടെ ചുമതല. ഇതിനിടെയാണു സ്‌കൂള്‍ അധ്യാപികയുമായി അടുപ്പത്തിലായത്. നാട്ടില്‍നിന്ന് കടന്ന ഇരുവരും വിവാഹം കഴിച്ച് ഇടുക്കിയില്‍ വര്‍ഷങ്ങളോളം താമസിച്ചു. പിന്നീട് ഇവര്‍ മടങ്ങിയെത്തിയത് കുടുംബ സമേതമാണ്.
കോസ്മറ്റോളജി ഡോക്ടറായും പുരാവസ്തു ബിസിനസുകാരനായുമായായിരുന്നു രണ്ടാംവരവ്. വിവാഹശേഷം നാട്ടുകാരുമായി കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ല. എന്നാല്‍, സമൂഹത്തിലെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നതില്‍ ഏറെ ശ്രദ്ധിച്ചു. ഈ സമയത്താണ് വടക്കേ അങ്ങാടി കവലക്ക് സമീപത്തും പള്ളിപ്പുറത്തും സൗന്ദര്യ വര്‍ധക ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങിയത്. പതിവായി ആളുകള്‍ എത്തിയതോടെ നാട്ടുകാര്‍ ശ്രദ്ധിച്ചുതുടങ്ങി. പോലീസ് രഹസ്യാന്വേഷണ വിഭാഗം ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ മുക്കിയതായാണ് വിവരം.
വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വല്ലയില്‍ ക്ഷേത്രത്തിന് സമീപം വീടുവച്ചത്. ഇവിടെയും പ്രദേശവാസികളുമായി അടുപ്പം പുര്‍ത്തിയിരുന്നില്ല.
സിനിമ മേഖലക്ക് ആവശ്യമായ ആഡംബര വാഹനങ്ങള്‍ എത്തിച്ച് നല്‍കുന്ന ബിസിനസും ഇയാള്‍ക്കുണ്ടായിരുന്നു. മറ്റുള്ളവരില്‍നിന്ന് വാടകയ്ക്ക് എടുത്താണ് വാഹനങ്ങള്‍ നല്‍കിയിരുന്നത്. കരാര്‍ കമ്പനിയുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് മോന്‍സണ്‍ കോടതിയെ സമീപിച്ചു. കോടതി നിര്‍ദേശപ്രകാരം കാരവനടക്കം 21 വാഹനങ്ങള്‍ പിടിച്ചെടുത്ത് ഒരു വര്‍ഷമായി ചേര്‍ത്തല പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ സൂക്ഷിക്കുകയുമാണ്.
മോന്‍സണ്‍ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തോടൊപ്പം ഈ കേസിലെ ഉന്നത ഇടപെടലും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതായാണ് വിവരം.
എറണാകുളത്ത് നിന്ന് എത്തിയ ക്രൈം ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം ചേര്‍ത്തലയിലെ വീട്ടില്‍ നിന്ന് മോന്‍സണെ അറസ്റ്റ് ചെയ്യുമ്പോഴും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ സ്‌റ്റേഷന്‍ ഇന്‍സ്പക്ടര്‍ വരെ ഇവിടെ ഉണ്ടായിരുന്നതായാണ് സൂചന. മോന്‍സന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിലാണ് പോലീസിന്റെ സജീവ സാന്നിധ്യം ഉണ്ടായത്.
ബീറ്റ് പോലീസ് പട്രോളിങ്ങിനു എത്തുന്നതിനുള്ള സൗകര്യവും ഇദ്ദേഹത്തിന്റെ വല്ലയിലെ വീടിന് മുന്നിലാണ് ഒരുക്കിയിട്ടുള്ളത്. മോന്‍സണെതിരെ രണ്ട് വര്‍ഷമായി പല പരാതികള്‍ ഉയര്‍ന്നെങ്കിലും ഇതെല്ലാം പോലീസ് ബന്ധത്തില്‍ പരിഹരിക്കുകയായിരുന്നെന്നാണു വിവരം.
https://www.facebook.com/Malayalivartha
























