ആറ്റിങ്ങൽ പോലീസിന് തലവേദനയായി യുവാവിന്റെ ''സ്ഥിരം കല്ലെറിയൽ''... കാര്യം അറിഞ്ഞപ്പോൾ മൂക്കത്ത് വിരൽ വച്ച് പോലീസ്

പോലീസിന് തലവേദനയായി യുവാവിന്റെ പരാക്രമം. പോലീസ് ജീപ്പിന് കല്ലെറിയുന്ന യുവാവിനെക്കൊണ്ട് പൊറുതി മുട്ടിയത് ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ്.
സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് ജീപ്പിലെ ചില്ല് കല്ലെറിഞ്ഞ് തകർത്ത് ഒരു തവണ പിടിയിലായ യുവാവ് വീണ്ടും അതേ സാഹസത്തിന് മുതിരുകയായിരുന്നു. എന്നാൽ ഇതിന് പിന്നിലെ കാര്യം അറിഞ്ഞതോടെ പോലീസ് അന്തംവിട്ടു. ഞായറാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം.
ആറ്റിങ്ങൽ പോലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പിന്റെ പിൻവശത്തെ ചില്ല് ഒരാൾ കല്ലെറിഞ്ഞു പൊട്ടിച്ച ശബ്ദം കേട്ട് പോലീസുകാരെത്തുമ്പോൾ കല്ലെറിഞ്ഞയാൾ റോഡിലുണ്ടായിരുന്നു.
അയിലം സ്വദേശിയായ ബിജു(29)വാണ് കല്ലെറിഞ്ഞതെന്നു കണ്ടെത്തി. പോലീസ് ജീപ്പിന് കല്ലെറിഞ്ഞ ബിജുവിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ ‘ജയിലിൽ പോകാനാണ് സാറേ... ബസിൽ കയറ്റിവിട്ടാലും മതി’ എന്നായിരുന്നു പ്രതികരണം.
രണ്ടാം തവണയാണ് ബിജു സ്റ്റേഷനു മുന്നിൽ കിടക്കുന്ന ജീപ്പിന്റെ ചില്ലു തകർക്കുന്നത്. ആറ് മാസം മുൻപ് സമാനമായ രീതിയിൽ സ്റ്റേഷനു മുന്നിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് ജീപ്പ് എറിഞ്ഞ് തകർത്ത ബിജുവിനെ പിടികൂടി ജയിലിൽ അടച്ചിരുന്നു.
ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ ബിജു വീണ്ടും ജീപ്പ് എറിഞ്ഞു തകർക്കുകയായിരുന്നു. ജീപ്പിന്റെ പിൻഭാഗത്തെ ഗ്ലാസ് തകർന്നു. ജീപ്പിന്റെ ചില്ലു തകർത്ത ശേഷം സമീപത്തു നിന്ന ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് ജയിലിൽ പോകാൻ വേണ്ടിയാണ് താൻ ജീപ്പ് തകർത്തതെന്ന് ഇയാൾ വ്യക്തമാക്കിയത്.
ജയിലിൽ നിന്നു പുറത്തിറങ്ങിയ ശേഷം ജോലിയും ഭക്ഷണവും കിട്ടിയിരുന്നില്ല. ജീവിതം ദുസ്സഹമായി. അതിനാലാണ് വീണ്ടും ജയിലിൽ പോകാൻ തീരുമാനിച്ചതെന്ന് ബിജു പൊലീസിനോട് പറഞ്ഞു.
ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ജയിലിൽ ജോലി ചെയ്തു കിട്ടിയ കാശെല്ലാം തീർന്നെന്നും, പുറത്തിറങ്ങിയ തനിക്ക് ജോലി ലഭിച്ചില്ലെന്നും യുവാവ് പറഞ്ഞു. ഭക്ഷണം കഴിക്കുന്നത് വരെ പ്രതിസന്ധിയിൽ ആയതോടെയാണ് വീണ്ടും ജയിലിലേക്ക് തന്നെ മടങ്ങാൻ തീരുമാനിച്ചതെന്ന് ഇയാൾ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha























