കേരളത്തിൽ കൊവിഡ് മരണങ്ങൾ വർദ്ധിക്കുന്നതിൽ കടുത്ത ആശങ്ക; ഡിസംബർ മൂന്ന് വെള്ളിയാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തത് 2118 കൊവിഡ് മരണങ്ങളാണ്, സംസ്ഥാനത്തിന് കത്തയച്ച് കേരളം! നാല് ജില്ലകളിൽ സ്ഥിതി ഗുരുതരമെന്ന് കേന്ദ്രം
കേരളത്തിൽ കൊവിഡ് മരണങ്ങൾ വർദ്ധിക്കുന്നതായി ആശങ്ക അറിയിച്ച് കേന്ദ്രസർക്കാർ. കഴിഞ്ഞ തിങ്കൾ മുതൽ ഡിസംബർ മൂന്ന് വെള്ളിയാഴ്ചയ്ക്കിടെ 2118 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊട്ടുമുൻപുള്ള ആഴ്ചയിലേക്കാൾ കൂടുതലാണിത് എന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. തൃശൂർ, കോഴിക്കോട്, മലപ്പുറം, കൊല്ലം ജില്ലകളിലാണ് മരണനിരക്ക് കൂടുതലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യവകുപ്പിനയച്ച കത്തിലാണ് ഇത്തരത്തിൽ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
അതോടൊപ്പം തന്നെ ഒരു മാസത്തിനിടെ കേരളത്തിൽ 1,71, 521 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ഒരു മാസത്തെ ആകെ കൊവിഡ് കേസുകളുടെ 55.8 ശതമാനമാണിത്. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകളിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നു എന്നതും ഇതിലൂടെ കാണുവാൻ സാധിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍, കോട്ടയം എന്നീ ജില്ലകളിൽ റിപ്പോർട്ട് ചെയ്യുന്ന പുതിയ കേസുകൾ ആശങ്ക ഉളവാക്കുന്നുവെന്ന് കേന്ദ്രം വെളിപ്പെടുത്തിയിരിക്കുകയാണ്.
അതേസമയം തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, വയനാട് എന്നീ ജില്ലകളിലെ പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് പത്ത് ശതമാനത്തിൽ കൂടുതലാണെന്നും മറ്റ് ഒൻപത് ജില്ലകളിൽ ഇത് അഞ്ച് മുതൽ പത്ത് ശതമാനത്തിനിടയിലാണെന്നും കേന്ദ്രം സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒമിക്രോൺ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ നിരീക്ഷണം കർശനമാക്കണമെന്നും പരിശോധന വർദ്ധിപ്പിക്കണമെന്നും കേന്ദ്രം നിർദേശിക്കുകയുണ്ടായി. കൊവിഡ് സ്ഥിരീകരിക്കുന്നവർ പതിന്നാല് ദിവസത്തെ ക്വാറന്റൈൻ പാലിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ ഉറപ്പുവരുത്തണമെന്നും കേന്ദ്രം നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha