മുസ്ലീം ലീഗിന് പള്ളിയിൽ കാര്യമുണ്ടെങ്കിൽ, ബി.ജെ.പിയ്ക്ക് അമ്പലങ്ങളിലും കാര്യമുണ്ട്;പൊതുമണ്ഡലങ്ങളിലെ വിമർശനങ്ങളിൽ നിന്ന് ഒളിച്ചോടിയിരിക്കാൻ പറ്റിയ ഇടങ്ങൾ ആരാധനാലയങ്ങളാണ്;അവിടെ ചോദ്യങ്ങളേ ഇല്ലല്ലോ; പണിയെടുക്കണം അതിനു വയ്യാതെ വന്നാൽ പിന്നെ മതം പുരട്ടിയ മയക്കുവെടിയേ ഉള്ളു രക്ഷ;ഡോ.അരുൺകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്

വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട മാധ്യമപ്രവർത്തകനാണ് ഡോ അരുൺ കുമാർ. ശ്രീകണ്ഠൻ നായർക്കൊപ്പം തന്നെ ട്വന്റി ഫോർ ന്യൂസ് ചാനലിന്റെ മുഖമായിരുന്നു അദ്ദേഹം. ഇപ്പോൾ ചാനലിൽ നിന്നും രാജി വച്ച അദ്ദേഹം ഇപ്പോൾ അദ്ധ്യാപകനാണ്. അദ്ദേഹം ഫേസ്ബുക്കിലൂടെ തനിക്ക് പറയാനുള്ളതെല്ലാം പറയാറുണ്ട്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
മുസ്ലീം ലീഗിന് പള്ളിയിൽ കാര്യമുണ്ടെങ്കിൽ, ബി.ജെ.പിയ്ക്ക് അമ്പലങ്ങളിലും കാര്യമുണ്ട്. പൊതുമണ്ഡലങ്ങളിലെ വിമർശനങ്ങളിൽ നിന്ന് ഒളിച്ചോടിയിരിക്കാൻ പറ്റിയ ഇടങ്ങൾ ആരാധനാലയങ്ങളാണ്. അവിടെ ചോദ്യങ്ങളേ ഇല്ലല്ലോ. ക്രിയാത്മക രാഷ്ട്രീയത്തിന് ആശയം വേണം. ആശയങ്ങൾ പൊതുയിടങ്ങളിലെ സംവാദങ്ങളിലും സമരങ്ങളിലും അണി ചേർന്ന് പുതുക്കി കൊണ്ടേയിരിക്കണം.
കണ്ണുനീർ പെയ്ത്തിലും സമരകൊടുങ്കാറ്റിലും ഉലയാതെ തോൾ ചേരണം. പുതു മനുഷ്യർക്ക് ചേരുന്ന സ്വപ്നങ്ങൾ നെയ്യണം. തുരുമ്പ് പിടിച്ചവ ചവറ്റുകൊട്ടയിലിടണം. അണികളോട് ചേർന്ന് നെഞ്ചിടിപ്പറിയണം. ചുരുക്കി പറഞ്ഞാൽ പണിയെടുക്കണം. അതിനു വയ്യാതെ വന്നാൽ പിന്നെ മതം പുരട്ടിയ മയക്കുവെടിയേ ഉള്ളു രക്ഷ .
അതാണ് പള്ളിയിലെ രാഷ്ട്രീയ പടയൊരുക്കം. ആശയം വറ്റുമ്പോൾ അമ്പലവും പള്ളിയും അല്ലാതെ മറ്റ് എന്ത് വഴികൾ?അറുപത് ലക്ഷം ജൂതൻമാരെ കൊന്നൊടുക്കിയത് ഹിറ്റ്ലറാണ് എന്ന് ഓർത്തു വയ്ക്കുന്നതല്ല, വിദ്യാഭ്യാസം. എന്തുകൊണ്ട് സാധാരണക്കാരായ ജർമ്മൻ മനുഷ്യർക്ക് ഇതിനോട് യോജിക്കാൻ കഴിഞ്ഞു എന്ന് പഠിക്കലാണ് വിദ്യാഭ്യാസം.
എപ്പോഴും തോൽക്കുന്നത് ആര് എന്നതല്ല എന്തുകൊണ്ട് അവർ തോറ്റു കൊണ്ടിരിക്കുന്നു എന്നത് പഠിക്കലാണ് വിദ്യാഭ്യാസം. അടുക്കളയിൽ ആര് എന്നതല്ല എന്തു കൊണ്ട് ഇവർ മാത്രം അടുക്കളയിൽ എന്നത് പഠിക്കലാണ് വിദ്യാഭ്യാസം. പ്രാർത്ഥന പഠിക്കലല്ല എന്തിനാണ് പ്രാർത്ഥന എന്ന് പഠിക്കലാണ് വിദ്യാഭ്യാസം. നിർഭാഗ്യവശാൽ അതൊട്ടു നമ്മൾ പഠിക്കുന്നതേ ഇല്ല.
https://www.facebook.com/Malayalivartha