സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ‘കേരള സോപ്സി’ന്റെ ഉത്പന്നങ്ങൾ അയൽസംസ്ഥാനങ്ങളിൽ മികച്ച പ്രതികരണമാണ് നേടുന്നത്;സോപ്പ് വിഭാഗത്തിൽ ചന്ദനം അടങ്ങിയ കേരള സാൻഡൽ സോപ്പിന് അയൽ സംസ്ഥാനങ്ങളിൽ ആവശ്യക്കാരേറെയാണെന്നും മന്ത്രി പി രാജീവ്

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ‘കേരള സോപ്സി’ന്റെ ഉത്പന്നങ്ങൾ അയൽസംസ്ഥാനങ്ങളിൽ മികച്ച പ്രതികരണമാണ് നേടുന്നതെന്ന് മന്ത്രി പി രാജീവ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ‘കേരള സോപ്സി’ന്റെ ഉത്പന്നങ്ങൾ അയൽസംസ്ഥാനങ്ങളിൽ മികച്ച പ്രതികരണമാണ് നേടുന്നത്.
കേരള സോപ്സിന് ലഭിക്കുന്ന ബിസിനസിൻ്റെ 40 ശതമാനവും ഇപ്പോൾ അയൽസംസ്ഥാനങ്ങളിൽ നിന്നാണ്. തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളാണ് കേരള സോപ്സിൻ്റെ പ്രധാന ആവശ്യക്കാർ. സോപ്പ് വിഭാഗത്തിൽ ചന്ദനം അടങ്ങിയ കേരള സാൻഡൽ സോപ്പിന് അയൽ സംസ്ഥാനങ്ങളിൽ ആവശ്യക്കാരേറെയാണ്. നിലവിൽ 17 തരം സോപ്പുകൾ നമ്മൾ ഉത്പാദിപ്പിക്കുന്നുണ്ട്.
2020-21ൽ 10.13 കോടി രൂപയുടെ 737 ടൺ സോപ്പുകളാണ് കേരളത്തിലും പുറത്തുമായി വിറ്റതെങ്കിൽ നടപ്പുസാമ്പത്തിക വർഷം ഒക്ടോബർ വരെ മാത്രം 6.84 കോടി രൂപയുടെ (410 ടൺ) സോപ്പ് വിപണിയിലെത്തിക്കാൻ സാധിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിലും സ്ഥാപനത്തിന് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.
സാനിറ്റൈസർ, ഹാൻഡ്‌വാഷ് എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറിയത്. 2020-21-ൽ 45,000 ലിറ്റർ സാനിറ്റൈസർ വിൽപ്പന നടത്തിയിട്ടുണ്ട്. നടപ്പു സാമ്പത്തികവർഷം ഇതിനോടകം 6,350 ലിറ്റർ സാനിറ്റൈസർ വിറ്റഴിക്കാനായി. ഹാൻഡ്‌വാഷ് ഉത്പാദനം കഴിഞ്ഞ സാമ്പത്തിക വർഷവും ഈ വർഷം ഇതുവരെയുമായി 21,000 ലിറ്ററാണ്.
നടപ്പു സാമ്പത്തികവർഷം മികച്ച പ്രകടനമാണ് കേരള സോപ്സ് കാഴ്ച വെക്കുന്നത്. ഒക്ടോബർ വരെ കമ്പനി 8.37 കോടി രൂപയുടെ വിറ്റുവരവ് നേടിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങൾക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലും വിപണി കണ്ടെത്താനുള്ള ശ്രമങ്ങളുമായി ഇപ്പോൾ കേരള സോപ്സ് മുന്നോട്ടുപോവുകയാണ്. ഇതിലൂടെ നടപ്പു സാമ്പത്തികവർഷം 15-20 ശതമാനം വരെ വളർച്ച കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha