കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡിൽ നിന്നും മോഷണം പോയ നവജാത ശിശുവിനെ കണ്ടെത്തി; കുട്ടിയെ തട്ടിയെടുത്തത് നഴ്‌സിന്റെ വേഷമിട്ടെത്തിയ സ്ത്രീ; കുട്ടിയെ കണ്ടെത്തിയത് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ ഹോട്ടലിനുള്ളിൽ നിന്ന്

കോട്ടയം: മെഡിക്കൽ കോളേജ് ആസുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്നും മോഷണം പോയ കുട്ടിയെ കണ്ടെത്തി. മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ ഫ്‌ളോറൽ പാർക്ക് ഹോട്ടലിനുള്ളിൽ നിന്നാണ് കുട്ടിയെയും തട്ടിക്കൊണ്ടു പോയ സ്ത്രീയെയും, ഇവരുടെ ഒപ്പമുണ്ടായിരുന്ന എട്ടു വയസുകാരനെയും, കണ്ടെത്തിയത്.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡിൽ നിന്നുമാണ് നവജാത ശിശുവിനെ കാണാതായത്. ഇടുക്കി സ്വദേശികളുടെ നവജാത ശിശുവിനെയാണ് നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ തട്ടിയെടുത്തത്. ആശുപത്രിയിലെ അതീവ സുരക്ഷിത മേഖലയായ ഗൈനക്കോളജി വാർഡിൽ നിന്നും കുട്ടിയെ തട്ടിയെടുത്തത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.
വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ ഇടുക്കി സ്വദേശികളോട് കുട്ടിയെ ചികിത്സയ്ക്കായി ആവശ്യപ്പെടുകയായിരുന്നു. നഴ്‌സാണ് എന്ന ധാരണയിൽ കുട്ടിയെ ഇവർക്ക് മാതാപിതാക്കൾ കൈമാറി. കുറച്ചധികം സമയം കഴിഞ്ഞിട്ടും കുട്ടിയെയുമായി ഇവർ തിരികെ എത്താതെ വന്നതോടെയാണ് ബന്ധുക്കൾ നഴ്‌സിംങ് ജീവനക്കാരെ സമീപിച്ചത്.
എന്നാൽ, തങ്ങൾ ആരും തന്നെ കുട്ടിയെ ഏറ്റെടുക്കാൻ എത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചതോടെ ആശങ്കയായി. തുടർന്നു നടത്തിയ പരിശോധനയിലാണ് കുട്ടിയെ മോഷ്ടിച്ചെടുത്താണ് എന്നു കണ്ടെത്തിയത്. ഇതോടെ വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു. സംഭവം അറിഞ്ഞ് ഗാന്ധിനഗർ പൊലീസ് ആശുപത്രിയിലും പരിസര പ്രദേശത്തും കുട്ടിയെ കണ്ടെത്തുന്നതിനായി തിരച്ചിൽ ശക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ ഫ്‌ളോറൽ പാർക്ക് ഹോട്ടലിനുള്ളിൽ നിന്ന് കുട്ടിയെയും തട്ടിക്കൊണ്ടു പോയ സ്ത്രീയെയും പോലീസ് പിടികൂടിയത്.
https://www.facebook.com/Malayalivartha