താൻ ചെയ്തത് ശരിയായ കാര്യം, ബുള്ളി ഭായ് ആപ് നിർമ്മിച്ചതിൽ ഒരു കുറ്റബോധവുമില്ലെന്ന് പ്രതി നീരജ്; മുംബൈ പൊലീസിനെ പരിഹസിക്കാനും ട്വിറ്റർ അക്കൗണ്ട് നിർമിച്ചു

മുസ്ലിം സ്ത്രീകളെ ഓൺലൈനായി ലേലത്തിന് വച്ച ബുള്ളി ഭായ് ആപ് നിർമ്മിച്ചതിൽ ഒരു കുറ്റബോധവുമില്ലെന്ന് കേസിലെ പ്രധാന പ്രതിയായ നീരജ് ബിഷ്ണോയ്. ശരിയായ കാര്യമാണ് താൻ ചെയ്തതെന്നാണ് വിശ്വസിക്കുന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. അസമിലെ ജോർഹത് സ്വദേശിയാണ് 21 കാരനായ ബിഷ്ണോയ്. ആപ് നിർമിക്കാനുപയോഗിച്ച ഉപകരണങ്ങൾ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ഏഴ് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേർ അറസ്റ്റിലായി. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോമായ ഗിറ്റ്ഹബ്ബിൽ ഹോസ്റ്റ് ചെയ്ത ആപ്ലിക്കേഷനുണ്ടാക്കാനുപയോഗിച്ച ഉപകരണങ്ങള്‍ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
മുംബൈ പൊലീസിനെ പരിഹസിക്കാനായും ഇയാൾ ഒരു ട്വിറ്റർ അക്കൗണ്ട് സൃഷ്ടിച്ചിരുന്നു. നേരത്തെ വന്ന മൂന്ന് അറസ്റ്റുകൾ പുറത്തുവന്നപ്പോൾ ചേരി പൊലീസ് എന്നാണ് ഇയാൾ പരിഹസിച്ചത്. ബുള്ളി ഭായ് കാമ്പെയ്‌നിന്റെ ഭാഗമായി ഒരു സ്ത്രീയെ അപകീർത്തിപ്പെടുത്തുന്നതും അപമാനിക്കുന്ന തരത്തിലുമുള്ള വിദ്വേഷ പ്രസംഗങ്ങളും അഭിപ്രായങ്ങൾ നടത്തുന്നതും ശിക്ഷാർഹമാണ്. കുറ്റവാളികൾക്കെതിരെ കേസെടുക്കാൻ ഐപിസി 499, 503, 506, 507, 509 തുടങ്ങിയ വകുപ്പുകളും ഉപയോഗിക്കാം. മാത്രമല്ല ഐടി ആക്ട് സെക്ഷൻ 66C, 66E, 67, 67A എന്നിവയ്ക്ക് കീഴിൽ സർക്കാരിന് സുള്ളി, ബുള്ളി എന്നീ പ്ലാറ്റ്‌ഫോമുകളുടെ സ്രഷ്‌ടാക്കളെ ജയിലിൽ അടയ്ക്കാനും കഴിയും.
സ്ത്രീകളുടെ മാന്യതയെ അപമാനിക്കൽ, അപകീർത്തിപ്പെടുത്തൽ, അശ്ലീലമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സമൂഹത്തിൽ തിരിച്ചറിയപ്പെടുന്ന സ്ത്രീകളെ അപമാനിക്കുകയാണ് ആപ്പിലൂടെ ചെയ്യുന്നത്. എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ നീരജാണ് ആപ്ലിക്കേഷനുകള്‍ ഉണ്ടാക്കിയതെന്നണ് വിവരം. ഭോപ്പാലിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ബി ടെക് വിദ്യാർഥിയാണ് നീരജ്.
https://www.facebook.com/Malayalivartha