കസ്റ്റംസ് ഒത്താശയോടെ സ്വര്‍ണ്ണക്കള്ളക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം 3 പ്രതികളെ ഹാജരാക്കാന്‍ സിബിഐ കോടതി ഉത്തരവ്: കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ ജനുവരി 12 ന് പ്രതികള്‍ ഹാജരാകാന്‍ സി ബി ഐ കോടതി ഉത്തരവ് , പ്രതികള്‍ പ്രഥമദൃഷ്ട്യാ കൃത്യം ചെയ്തതായി അനുമാനിക്കാന്‍ അടിസ്ഥാനമുണ്ടെന്ന് കോടതി, പ്രതികളെ വിചാരണ ചെയ്യാന്‍ മതിയായ തെളിവുകളുണ്ടെന്നും കോടതി

തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കസ്റ്റംസ് ഒത്താശയോടെ ട്രാവല്‍ ഏജന്‍സി ഉടമ ഒരു കിലോ സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തിയ കേസില്‍ വനിതാ കസ്റ്റംസ് സൂപ്രണ്ടക്കം മൂന്നു പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്താന്‍ തിരുവനന്തപുരം സി ബി ഐ കോടതി ഉത്തരവിട്ടു.
കോടതി സ്വമേധയാ തയ്യാറാക്കിയ കുറ്റപത്രം പ്രതികളെ വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്തുന്നതിലേക്കായി ജനുവരി 12 ന് എല്ലാ പ്രതികളും ഹാജരാകാന്‍ സി ബി ഐ കോടതി ഉത്തരവിട്ടു.
പ്രതികള്‍ പ്രഥമ ദൃഷ്ട്യാ കൃത്യം ചെയ്തതായി അനുമാനിക്കാന്‍ അടിസ്ഥാനമുണ്ട്. അതിനാല്‍ തന്നെ പ്രതികളെ വിചാരണ ചെയ്യാന്‍ മതിയായ തെളിവുകളുണ്ടെന്നും കുറ്റം ചുമത്തല്‍ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.
ക്രിമിനല്‍ ഗൂഢാലോചന , വിശ്വാസ വഞ്ചന ചെയ്ത് ചതിക്കല്‍ , അഴിമതി , പൊതുസേവകര്‍ കളവായ സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ , വ്യാജ തെളിവ് നല്‍കല്‍ , കുറ്റക്കാരെ ശിക്ഷയില്‍ നിന്ന് മറയ്ക്കാന്‍ കളവായ വിവരം നല്‍കല്‍ , തെളിവ് അപ്രത്യക്ഷമാക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്ക് മേല്‍ ചുമത്തി പ്രതികളെ വിചാരണ ചെയ്യാനാണ് സി ബി ഐ ജഡ്ജി കെ. സനില്‍കുമാര്‍ ഉത്തരവിട്ടത്.
തങ്ങളെ വിചാരണ ചെയ്യാന്‍ തക്ക തെളിവുകള്‍ ഇല്ലാത്തതിനാല്‍ വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന പ്രതികളുടെ വാദം കോടതി തള്ളി. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 240 പ്രകാരമാണ് പ്രതികള്‍ കൃത്യം ചെയ്തതായി അനുമാനിക്കാന്‍ അടിസ്ഥാനമുണ്ടെന്ന് വിലയിരുത്തിക്കൊണ്ട് കുറ്റം ചുമത്താന്‍ ഉത്തരവിട്ടത്.
2018 മാര്‍ച്ചിലാണ് കേസിനാധാരമായ സംഭവം നടന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടായിരുന്ന ആന്‍സി ഫിലിപ്പ് , കസ്റ്റംസ് ഹവില്‍ദാര്‍ ജി. റാണിമോള്‍ , ട്രാവല്‍ ഏജന്‍സി ഉടമ ഷബീര്‍ അക്ബര്‍ ഖാന്‍ എന്നിവരാണ് സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികള്‍.
ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സാണ് പ്രതികളെ തൊണ്ടി മുതലായ 35 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോ സ്വര്‍ണ്ണം തൊണ്ടി സഹിതം പിടികൂടിയത്. മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന ഹാളിന്റെ സമീപത്ത് വച്ച് ട്രാവല്‍ ഏജന്‍സി ഉടമ ഷബീര്‍ സ്വര്‍ണ്ണമടങ്ങിയ ബാഗ് കസ്റ്റംസ് ഉദ്യോഗസ്ഥക്ക് കൈമാറുകയായിരുന്നു. നിയമവിരുദ്ധ കടത്ത് സാധൂകരിക്കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തെറ്റായ ഔദ്യോഗിക റെക്കോര്‍ഡുകളും വ്യാജ രേഖകളും കള്ള തെളിവുകളും നിര്‍മ്മിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ തുടരന്വേഷണം സിബിഐ ഏറ്റെടുത്തു.
അഴിമതി കേസില്‍ നാലാം പ്രതിയും കൃത്യത്തില്‍ കുറഞ്ഞ പങ്കും പങ്കാളിത്ത്വവുമുള്ള കസ്റ്റംസ് സൂപ്രണ്ട് സഞ്ജീവിനെ കോടതി മാപ്പുസാക്ഷിയാക്കി. സഞ്ജീവ് താന്‍ ചെയ്ത കൃത്യവും മറ്റു പ്രതികള്‍ ചെയ്ത കൃത്യവും ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെ രഹസ്യമൊഴി നല്‍കി. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരമാണ് മജിസ്ട്രേട്ട് കോടതി രഹസ്യ മൊഴിയെടുത്തത്. നടന്ന സംഭവങ്ങള്‍ പൂര്‍ണ്ണമായും സത്യസന്ധമായും വിചാരണയില്‍ മൊഴി നല്‍കാമെന്ന് കോടതി മുമ്പാകെ ബോധിപ്പിച്ചു. മൊഴിപ്പകര്‍പ്പ് ലഭിച്ച സി ബി ഐ സഞ്ജീവിനെ മാപ്പുസാക്ഷിയാക്കണമെന്നാനാവശ്യപ്പെട്ട് സി ജെ എം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.
പ്രതിയെ വരുത്തിക്കേട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി പ്രതിയോട് മാപ്പ് സ്വീകരിക്കാന്‍ തയ്യാറാണോയെന്ന് ആരാഞ്ഞു. നടന്ന സംഭവങ്ങള്‍ പൂര്‍ണ്ണമായും സത്യസന്ധമായും വിചാരണയില്‍ സാക്ഷിമൊഴി നല്‍കണമെന്ന വ്യവസ്ഥയിലാണ് മാപ്പ് നല്‍കുന്നതെന്നും വ്യവസ്ഥ ലംഘിച്ചാല്‍ വീണ്ടും പ്രതിയാക്കി വിചാരണ ചെയ്യുമെന്ന മുന്നറിയിപ്പും നല്‍കി. വ്യവസ്ഥകള്‍ സമ്മതിച്ച് മാപ്പ് സ്വീകരിക്കാന്‍ തയ്യാറാണെന്ന് സഞ്ജീവ് സി ജെ എം കോടതിയില്‍ ബോധിപ്പിച്ച് സത്യവാങ്മൂലം ഒപ്പിട്ട് നല്‍കി. തുടര്‍ന്ന് ക്രിമിനല്‍ നടപടി ക്രമത്തിലൈ വകുപ്പ് 306 പ്രകാരം പ്രതിക്ക് മാപ്പു നല്‍കി പ്രതിസ്ഥാനത്ത് നിന്ന് കുറവു ചെയ്ത് മാപ്പുസാക്ഷിയാക്കുകയായിരുന്നു.
കുറ്റ സ്ഥാപനത്തില്‍ രണ്ടു വര്‍ഷത്തിന് മേല്‍ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ കേസായതിനാല്‍ സി ബി ഐ കുറ്റപത്രവും കേസ് റെക്കോര്‍ഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കോടതി കുറ്റപത്രമാണ് പ്രതികളെ വായിച്ച് കേള്‍പ്പിച്ച് കുറ്റം ചാര്‍ത്തുന്നത്.
"
https://www.facebook.com/Malayalivartha