ശുപാർശ തള്ളിയതായി ചാൻസലർ കൂടിയായ ഗവർണറെ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻ പിള്ള അറിയിച്ചതു സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിലൂടെ; രഹസ്യ സ്വഭാവം സൂക്ഷിക്കുക എന്നൊരു കാര്യം കൂടെ ഉള്ളതിനാൽ സ്വയം എഴുതിയ കത്ത് രാജ്ഭവനിൽ നേരിട്ട് എത്തി വിസി നൽകി; ആ വെളിപ്പെടുത്തൽ പുറത്ത്

രാഷ്ട്രപതി റാം നാഥ് കോവിന്ദിനു ഡി ലിറ്റ് നൽകണമെന്ന ഗവർണറുടെ ശുപാർശ തള്ളിയതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഉണ്ടായത്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ മറ്റൊരു നിർണ്ണായക വെളിപ്പെടുത്തൽ പുറത്ത് വന്നിരിക്കുകയാണ്. ശുപാർശ തള്ളിയതായി ചാൻസലർ കൂടിയായ ഗവർണറെ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻ പിള്ള അറിയിച്ചതു സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിലൂടെയാണ്.
രഹസ്യ സ്വഭാവം സൂക്ഷിക്കുക എന്നൊരു കാര്യം കൂടെ ഉള്ളതിനാൽ സ്വയം എഴുതിയ കത്ത് രാജ്ഭവനിൽ നേരിട്ട് എത്തി വിസി നൽകുകയും ചെയ്തു. കഴിഞ്ഞ മാസം ഏഴിനായിരുന്നു കത്ത് കൊടുത്തത്. എന്നാൽ ഈ കത്ത് കിട്ടിയതിന്റെ പിറ്റേന്ന് ചാൻസലർ പദവി ഒഴിയുകയാണെന്നു വ്യക്തമാക്കി ഗവർണർ മുഖ്യമന്ത്രിക്കു കത്തെഴുതുകയും ചെയ്തു.ഡി ലിറ്റ് ശുപാർശ തള്ളിയ വിസിയുടെ കത്ത് സ്വന്തം കൈപ്പടയിലാണെന്നും രാജ്ഭവനിൽ നേരിട്ടെത്തിച്ചുവെന്നതുമായ വിവരങ്ങൾ അത്യന്തം നടുക്കുകയാണ്.
കേരള സർക്കാരിനെതിരെ വമ്പൻ ആരോപണങ്ങൾ ഗവർണ്ണർ ഇപ്പോഴും ഉന്നയിക്കുന്നുണ്ട്. താൻ ഉന്നയിച്ച വിഷയങ്ങളോടു കേരള സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു. അവരൊന്നും പറയുന്നില്ല. പ്രതിപക്ഷത്തെ ചില നേതാക്കളുടേതു നിരുത്തരവാദപരവും അവഗണിക്കേണ്ടതുമായ ആരോപണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു . അവർക്കിടയിലെ പ്രശ്നങ്ങളാണ് വ്യത്യസ്തമായ ആരോപണങ്ങൾക്കു പിന്നിൽ.
അതിനോടു പ്രതികരിക്കാനില്ല. പ്രതിപക്ഷത്തിന് വിഷയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഗവർണർ പറഞ്ഞു. ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്കു തയാറായിട്ടില്ലെന്നും ഗവർണർ വീണ്ടും ആരോപിച്ചിരിക്കുന്നു. അതേസമയം സർവകലാശാലകളുടെ ചാൻസലർ സ്ഥാനം ഏറ്റെടുക്കണമെങ്കിൽ പുറമേ നിന്നുള്ള ഇടപെടൽ ഉണ്ടാകില്ലെന്ന നിരുപാധിക ഉറപ്പ് ലഭിക്കണമെന്ന് ഗവർണർ നേരത്തെ തറപ്പിച്ച് പറഞ്ഞിരുന്നു. പദവി ഏറ്റെടുക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സർവകലാശാലകൾ മികവിന്റെ കേന്ദ്രമാക്കണമെന്നു വിശ്വസിക്കുന്നവർക്കു ബാഹ്യ ഇടപെടൽ വല്ലാത്ത ദുർഗന്ധമുണ്ടാക്കുന്നതായി ഗവർണർ തുറന്നടിച്ചു. മുൻപ് പലരും ഇക്കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു . സ്കൂൾ വിദ്യാഭ്യാസ മേഖല മെച്ചമാണെങ്കിലും ഉന്നതവിദ്യാഭ്യാസം താറുമാറായി കിടക്കുകയാണെന്നും ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല നിലവിൽ വന്നതുതന്നെ ഓർഡിനൻസിലൂടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha