ലിജുമുതല്‍ ഷമ വരെ... കൂട്ട പരാജയത്തിലും സീറ്റിനായി അടിപിടി തുടര്‍ന്ന് കേരളത്തിലെ നേതാക്കള്‍; ആകെയുള്ള ഒരു രാജ്യസഭാ സീറ്റില്‍ കണ്ണ് വച്ച് ഹൈക്കമാന്‍ഡും; രാജ്യസഭാ സീറ്റ് എങ്ങനെയും ഒപ്പിച്ചെടുക്കാന്‍ നൂറോളം പേര്‍ ഒളിഞ്ഞും തെളിഞ്ഞും രംഗത്ത്; അവസാന റൗണ്ടില്‍ പത്തോളം പേര്‍

എത്ര കിട്ടിയിട്ടും പഠിക്കില്ല എന്ന അവസ്ഥയിലാണ് കോണ്‍ഗ്രസുകാര്‍. കേരളത്തില്‍ നിന്നും ഒരു രാജ്യസഭാ സീറ്റുമുണ്ട് അവകാശം ഉന്നയിച്ച് നൂറോളം പേരുമുണ്ട്. ഇതില്‍ ജില്ലാ നേതാക്കള്‍ മുതല്‍ ചാനല്‍ ചര്‍ച്ചക്കാരും പ്രിയങ്ക ഗാന്ധിയുടെ വിശ്വസ്തനും ഹൈക്കമാന്‍ഡിന്റെ ആള്‍ക്കാരും വരെയുണ്ട്.
രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുകയാണ്. സ്ഥാനാര്‍ത്ഥി ആരാകണം എന്നതില്‍ സംസ്ഥാന നേതൃത്വം ഹൈക്കമാണ്ടുമായി ഇന്നും ചര്‍ച്ച തുടരും. പല പേരുകളാണ് ഇപ്പോള്‍ നേതൃത്വത്തിന്റെ അവസാന പരിഗണനയില്‍ ഉള്ളത്. എം ലിജു, ഷാനിമോള്‍ ഉസ്മാന്‍, വി ടി ബല്‍റാം, സതീശന്‍ പാച്ചേനി, എംഎം ഹസ്സന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഷമ മുഹമ്മദ് തുടങ്ങിയവരുള്ള പട്ടികയാണ് സംസ്ഥാനനേതൃത്വം തയ്യാറാക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ കഴിഞ്ഞദിവസം ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതിലൊന്നും ധാരണയായിരുന്നില്ല.
എം ലിജുവിനെ ഒപ്പംകൂട്ടിയാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഇന്നലെ രാഹുല്‍ഗാന്ധിയെ കാണാനെത്തിയത്. വാര്‍ത്ത പുറത്തുവന്ന് അല്പം കഴിഞ്ഞതോടെ ലിജുവിനെതിരെ കേരളത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ തന്നെ രംഗത്തെത്തി. അടുത്തകാലത്ത് തിരഞ്ഞെടുപ്പില്‍ തോറ്റ ആരെയും സ്ഥാനാര്‍ത്ഥിയായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാലും എ ഗ്രൂപ്പും രംഗത്തുവരികയും ചെയ്തു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാവായ കെ.മുരളീധരനും ഇതേ നിലപാടായിരുന്നു.
അതിനിടെ ഹൈക്കമാന്‍ഡ് നോമിനിയായി തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണനെ മത്സരിപ്പിക്കാന്‍ ദേശീയതലത്തില്‍ സമ്മര്‍ദമുണ്ടായി. ഇതിനെതിരെ എതിര്‍പ്പ് സംസ്ഥാനത്ത് എതിര്‍പ്പ് ശക്തമായതോടെ അക്കാര്യത്തിലും തീരുമാനമായില്ല.
അതേസമയം, എല്‍ ഡി എഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളായ സി പി എം പ്രതിനിധി എ.എ.റഹീം, സി പി ഐ പ്രതിനിധി പി. സന്തോഷ്‌കുമാര്‍ എന്നിവര്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് 2.30നാകും പത്രിക സമര്‍പ്പിക്കുക.
ഇതിനിടെ ദേശീയ തലത്തിലും കോണ്‍ഗ്രസില്‍ അടി തുടരുകയാണ്. കോണ്‍ഗ്രസില്‍ സമഗ്രമായ അഴിച്ചുപണി ആവശ്യപ്പെടുന്ന 23 നേതാക്കളുടെ കൂട്ടായ്മ തങ്ങളുടെ നിലപാടുകള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. ജി 23 അംഗമായ മുന്‍ ഹരിയാന മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഭൂപേന്ദര്‍ ഹൂഡ ഇന്നലെ രാഹുല്‍ ഗാന്ധിയെ കണ്ട് ബുധനാഴ്ചത്തെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ധരിപ്പിച്ചു. രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ജി 23ന്റെ കോര്‍കമ്മിറ്റി വീണ്ടും ചര്‍ച്ച നടത്തി.
ബുധനാഴ്ച നടക്കുന്ന യോഗത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ജി 23 നേതാക്കളില്‍ പ്രമുഖനായ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിനോട് പറഞ്ഞിരുന്നു. ഇതു പ്രകാരം ഇരുവരും ഇന്നലെ കൂടിക്കാഴ്ച നടത്താനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ പകരം ജി 23യിലെ മറ്റൊരു പ്രമുഖനായ ഭൂപേന്ദര്‍ ഹൂഡയെ ദൂതനായി രാഹുലിന്റെ അടുത്തേക്ക് അയച്ചു. രാഹുലിന്റെ വസതിയില്‍ 45 മിനിട്ടു നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം ഹൂഡ നേരെ പോയത് ഗുലാം നബി ആസാദിന്റെ വസതിയിലേക്കാണ്. അവിടെ ആനന്ദ് ശര്‍മ്മയുമുണ്ടായിരുന്നു. പിന്നീട് സംഘത്തിലെ മറ്റൊരു പ്രമുഖനായ കപില്‍ സിബലും എത്തി.
നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ നേതൃത്വത്തില്‍ നിന്ന് പാര്‍ട്ടിയില്‍ മാറ്റമുണ്ടാക്കുന്ന തരത്തില്‍ സമഗ്രമായ സമീപനവും എല്ലാവരെയും ഒന്നിച്ചു നിറുത്തി തീരുമാനങ്ങളെടുക്കുന്ന രീതിയും വരാനാണ് ആഗ്രഹിക്കുന്നതെന്ന് ബുധനാഴ്ചത്തെ യോഗത്തിന് ശേഷം ജി23 നേതാക്കള്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബി.ജെ.പിയെ എതിരിടാന്‍ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സമാന മനസ്‌കരുടെ പൊതുവേദി സജ്ജമാക്കാന്‍ നടപടി വേണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
"
https://www.facebook.com/Malayalivartha