എത്ര എതിര്‍പ്പുയര്‍ത്തിയാലും നടപ്പാക്കേണ്ടത് നടപ്പാക്കും; നമുക്ക് വേണ്ടിയല്ല നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നത്; സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനാവുന്ന കാര്യങ്ങള്‍ മാത്രമേ പറയൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

എത്ര എതിര്‍പ്പുയര്‍ത്തിയാലും നടപ്പാക്കേണ്ടത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനത്തോട് കള്ളം പറയുന്ന സര്‍ക്കാരല്ല ഇടതുപക്ഷ സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പിന് കീഴില്‍ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന വില്ലേജ് ജനകീയ സമിതിയുടെ ഉദ്ഘാടനം എറണാകുളത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനാവുന്ന കാര്യങ്ങള്‍ മാത്രമേ പറയൂ. പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുകയും ചെയ്യും. നമുക്ക് വേണ്ടിയെന്നല്ല നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതികള്‍. ഇപ്പോള്‍ വേണ്ടെന്ന് പറയുന്നവരോട് പിന്നെ എപ്പോള്‍ എന്ന ചോദ്യമാണ് ഉള്ളത്. ഇപ്പോള്‍ ചെയ്യേണ്ടത് ഇപ്പോള്‍ ചെയ്യണം. നാളെ ചെയ്യേണ്ടത് നാളെ ചെയ്യണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയും ആരോഗ്യ രംഗവും വലിയ രീതിയില്‍ മാറാന്‍ പോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പശ്ചാത്തല സൗകര്യങ്ങള്‍ ഇതിനായി വികസിക്കണം. ഇന്ന് നിന്നടത്ത് നിന്നാല്‍ പോരാ. നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി കണ്ടുള്ള വികസനവുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഒരു ഭേദ ചിന്തയില്ലാതെ നാട് അതിനെ പൊതുവെ പിന്താങ്ങുന്നു. എന്നാല്‍ ഇവ ഇപ്പോള്‍ നടക്കാന്‍ പാടില്ലെന്ന് ചിലര്‍ ചിന്തിക്കുന്നു. ഇപ്പോള്‍ വേണ്ടെന്നാണ് പറയുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത്തരം ചിന്തയുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ കാണുന്ന വികസനങ്ങള്‍ നടക്കില്ലായിരുന്നു. ദേശീയപാത വികസനം ഒരു കാലത് എതിര്‍ത്തിരുന്നു. കാസര്‍ഗോഡ് വരെ യാത്ര നടത്തിയാല്‍ ആരെയും ആവേശം കൊള്ളിക്കുന്ന കാഴ്ച ഇന്ന് കാണാം. മലയോര - തീരദേശ റോഡ് പൂര്‍ത്തിയാകുന്നുണ്ട്. 50000 കോടിയുടെ പദ്ധതി കിഫ്ബി മുഖേന നടപ്പാക്കുമെന്ന് പറഞ്ഞപ്പോള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്ന് പറഞ്ഞവരുണ്ട്. ഇപ്പോള്‍ നടന്നില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ജനങ്ങള്‍ക്ക് സേവനം നല്‍കാനാണ് ഉദ്യോഗസ്ഥരുള്ളത്. കാര്യങ്ങള്‍ നടത്താന്‍ ചില്ലറ സമ്ബാദിച്ചു കളയാം എന്ന് വിചാരിക്കുന്നവരുണ്ട്. അത്തരം ചിലര്‍ സിവില്‍ സര്‍വ്വീസിന് ചേര്‍ന്നവരല്ല. കാര്യങ്ങള്‍ നടത്താന്‍ ഏജന്റുമാരും അവരെ പോത്സാഹിപ്പിക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്. അവരോട് പറയാനുളളത്, അത് കൈവിട്ട കാര്യമാണ് എന്നതാണ്. അഴിമതിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha