മതിലുചാടി എത്തിയ ഉദ്യോഗസ്ഥരെ പട്ടിയെ അഴിപ്പിച്ചുവിട്ട് വീട്ടുകാർ; സിൽവർ ലൈന്റെ കല്ലിടലിന് പിന്നാലെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിഷേധങ്ങൾ കൊണ്ട് ഇളകിമറി കേരളം, ബഹുജനങ്ങളെ വിശ്വാസത്തിലെടുത്തല്ലാതെ ഒരു പദ്ധതിയും വിജയകരമായി നടപ്പാക്കാനാവില്ലെന്നു നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട് എന്ന പേരിൽ സിപിഎമ്മിന്റെ കൊച്ചി സംസ്ഥാന സമ്മേളനം കഴിഞ്ഞ ദിവസം അംഗീകരിച്ച നയരേഖ, പ്രതിഷേധം എന്തായാലും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ

ഒരു പതിറ്റാണ്ട് മുമ്പ് രൂപകല്‍പ്പന ചെയ്ത സില്‍വര്‍ ലൈന്‍ എന്ന പദ്ധതി ഇടതുസർക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. സില്‍വര്‍ ലൈനിനു കേന്ദ്ര റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കിയിരിക്കുകയാണ്. എന്നാൽ സിൽവർ ലൈന്റെ കല്ലിടലിന് പിന്നാലെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം പ്രതിഷേധങ്ങൾ കൊണ്ട് ഇളകിമറിയുകയാണ്. സിൽവർ ലൈൻ കല്ലിടലിനെതിരെ കോഴിക്കോട്ടും കൊച്ചിയിലും ഉൾപ്പടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അലയടിക്കുമ്പോഴും സ്ഥലമേറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. മതിലുചാടി എത്തിയ ഉദ്യോഗസ്ഥരെ പട്ടിയെ അഴിപ്പിച്ചുവിട്ട വീട്ടുകാർ വരെ നമുക്ക് മുന്നിൽ ഉണ്ട്. എന്നിട്ടും എത്ര എതിർപ്പുണ്ടായാലും സിൽവർ ലൈൻ പദ്ധതി സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചുകഴിഞ്ഞു.
അങ്ങനെ സാധാരണക്കാരായ ജനങ്ങൾ അധികൃതർക്ക് നേരെ തിരിഞ്ഞ് പ്രതിഷേധം ശക്തമാക്കുമ്പോഴും അതിനുനേരെ കണ്ണടയ്ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഒരൊറ്റ വാക്കിലൂടെ എല്ലാ പ്രതിഷേധങ്ങൾക്കും മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇത്തരത്തിൽ പ്രതിപക്ഷത്തിന്റെ മാത്രം എതിർപ്പാക്കി മാറ്റിനിർത്തുന്നതിലൂടെ ഖനിക്കപ്പെടുന്നത് സാധാരണക്കാരായ ജനങ്ങളുടെ അവകാശങ്ങൾ കൂടിയാണ്.
ഒരിടത്ത് സിൽവർ ലൈൻ പോലുള്ള വൻകിട പദ്ധതികൾക്കെതിരായ രാഷ്ട്രീയ കുത്തിത്തിരിപ്പുകളെ നേരിടുന്നതിനൊപ്പം ജനങ്ങളുടെ ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാൻ ബഹുജന വിദ്യാഭ്യാസവും പ്രചാരണവും പാർട്ടി ഏറ്റെടുക്കണമെന്ന് സിപിഎം വികസന രേഖ പുറത്തിറക്കുമ്പോൾ മറ്റൊരിടത്ത് എതിർക്കുന്നവരുടെ നെഞ്ചത്താണേലും കല്ലിടുമെന്ന് പറയുന്ന ചില നേതാക്കൾ. പ്രത്യക്ഷത്തിൽ കേരളത്തിൽ എന്താണ് സംഭവിക്കുന്നത്? സിൽവർ ലൈൻ എന്ന പദ്ധതിയെ പിന്താങ്ങി വരുന്ന സംഘർഷങ്ങൾ രാഷ്ട്രീയ സംഘര്ഷങ്ങളായി മാറുമ്പോൾ കടുത്ത ആശങ്കയിലാണ് സാധാരണക്കാരായ ജനങ്ങൾ.
ബഹുജനങ്ങളെ വിശ്വാസത്തിലെടുത്തല്ലാതെ ഒരു പദ്ധതിയും വിജയകരമായി നടപ്പാക്കാനാവില്ലെന്നു നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട് എന്ന പേരിൽ സിപിഎമ്മിന്റെ കൊച്ചി സംസ്ഥാന സമ്മേളനം കഴിഞ്ഞ ദിവസം അംഗീകരിച്ച നയരേഖയിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ അതേ ദിവസം നേരത്തെ സൂചിപ്പിച്ച മുഖ്യമന്ത്രി പറഞ്ഞ വാക്കുകളും ചർച്ചയാകുകയാണ്. സമ്മേളനത്തിലുയർന്നുവന്ന ഭേദഗതികൾ സഹിതമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച നയരേഖ സിപിഎം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ നയരേഖ ഇറക്കിയതിന് പിന്നാലെ ജനങ്ങളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കോടിയേരി വ്യക്തമാക്കി. എന്നാൽ ഇതിന് നേർവിപരീതമായിട്ടുള്ളതാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. സാധാരണ ജനകളുടെ ആവശ്യം കേട്ടറിയേണ്ട മുഖ്യമന്ത്രി അതിനെ കണ്ണടച്ച് തള്ളിക്കളയുമ്പോൾ പാർട്ടിയുടെ നയരേഖയിൽ ജനങ്ങളെ ചേർത്തുപിടിക്കുമെന്ന് ചൂണ്ടിക്കാണിക്കുകയാണ്. ഇങ്ങനെ പാർട്ടിയിലെ തന്നെ രണ്ടുതരത്തിലുള്ള പ്രസ്താവനകൾ മൂലം കുഴയുകയാണ് ജനങ്ങൾ.
പൊതുജനങ്ങളെ ഒഴിച്ചുനിർത്തിയ ബാക്കി പ്രതിഷേധിക്കുന്നത് പ്രതിപക്ഷമാണ്. അവരെ സർക്കാർ തന്നെ നോക്കിക്കൊള്ളും, സില്‍വര്‍ ലൈനെ എതിര്‍ത്താല്‍ സുധാകരന്റെ നെഞ്ചത്തു കൂടി ട്രെയിന്‍ ഓടിച്ച് പദ്ധതി നടപ്പാക്കുമെന്നുവരെ വെല്ലുവിളിവിളിച്ചിരിക്കുകയാണ് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ സമരത്തെ രാഷ്ട്രീയമായി നേരിടാൻ തയ്യാറെന്ന് വിളിച്ചുപറഞ്ഞ് കോടിയേരിയും രംഗത്ത് എത്തി. 'സമരം നടത്തേണ്ടവര്‍ക്ക് നടത്താം. പോലീസിന് മാര്‍ഗതടസ്സം സൃഷ്ടിച്ചാല്‍ അതിനെ നീക്കാനുള്ള നടപടിയുണ്ടാകും. ഒന്നും ചെയ്യാന്‍ സമ്മതിക്കില്ലെന്ന ചിലരുടെ നിലപാടിന് വഴങ്ങിയാല്‍ സര്‍ക്കാര്‍ ഉണ്ടാകില്ല. വെടിവെയ്പ് ഉണ്ടാക്കി 'നന്ദിഗ്രാം' സൃഷ്ടിക്കാനാണ് ശ്രമമെങ്കില്‍ അതിനു കഴിയില്ല. ഗെയില്‍ പദ്ധതിക്കെതിരേയും ഇടമണ്‍-കൊച്ചി വൈദ്യുതി ലൈനിനെതിരേയും സമരം നടന്നിട്ടുണ്ട്. തടസ്സം നോക്കിനിന്നാല്‍ പദ്ധതി നടിപ്പിലാകില്ല' എന്നും കോടിയേരി ചൂണ്ടിക്കാണിച്ചു.
അതോടൊപ്പം തന്നെ ഈ കല്ലിടൽ കർമം പഠനം നടത്താനാണ് എന്നും അല്ലാതെ അല്ലാതെ കല്ലിടുന്ന ഭാഗം മുഴുവനായി ഏറ്റെടുക്കുന്നില്ലെന്നും കോടിയേരി വ്യക്തമാക്കുകയും ചെയ്തു. ബിജെപി-ജമാഅത്തെ ഇസ്ലാമി-എസ്ഡിപിഐ തുടങ്ങിയവരുമായി ചേര്‍ന്ന് മാര്‍ക്‌സിസ്റ്റ് വിരുദ്ധ മുന്നണി രൂപീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും കോടിയേരി ആരോപണം ഉന്നയിക്കുകയുണ്ടായി.
ഇതുകൂടാതെ കേരളത്തിന്റെ വികസനം തടയുന്നതിനായി ആളുകളെ സംഘടിപ്പിക്കാനായി ബി.ജെ.പിയും കോണ്‍ഗ്രസും ഒത്തുചേരുകയാണ് എന്നാണ് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം സമരങ്ങളിലൂടെ മണ്ണെണ്ണ ഒഴിച്ച് ആളുകളെ കൊല്ലാനാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നെതന്നും വര്‍ഗീസ് വ്യക്തമാക്കി.
'സുധാകരന്‍ പറഞ്ഞു, കല്ല് ഞങ്ങള്‍ പിഴുതെടുക്കും. സുധാകരന്റെ മാത്രമല്ല കോണ്‍ഗ്രസിനെ ആകെ പിഴുതെടുത്തു കൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ ജനങ്ങള്‍. ഇനി ഒരിടത്തും പിഴുതെടുക്കാനില്ല. അഞ്ചുവര്‍ഷക്കാലം പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കും. സഖാവ് പിണറായിയാണ് പ്രഖ്യാപിച്ചതെങ്കില്‍, അതിവേഗ റെയില്‍ എന്ന് പറഞ്ഞതെങ്കില്‍ ആ അതിവേഗ റെയില്‍വേ ഇതിലൂടെ ഓടിച്ചുകൊണ്ടായിരിക്കും അടുത്ത തിരഞ്ഞെടുപ്പില്‍ വരുന്നത്. തടയാന്‍ വന്നാല്‍ തടയാന്‍ വരുന്ന കെ സുധാകരന്റെ നെഞ്ചത്തൂടെ കേറ്റിക്കൊണ്ടുപോയി ഓടിക്കും. യൂത്ത് കോണ്‍ഗ്രസുകാരന്‍ മണ്ണെണ്ണ കൊണ്ടുപോയി എല്ലാവരുടെയും ദേഹത്തേക്ക് ഒഴിക്കുകയാണ്. എല്ലാവരെയും തീവെച്ചുകൊല്ലാന്‍ വേണ്ടി ശ്രമിക്കുകയാണ്' എന്നും വര്‍ഗീസ് പറഞ്ഞു.
പാർട്ടികൾ തമ്മിൽ വാഗ്‌വാദങ്ങൾ നുരഞ്ഞുപൊന്തുമ്പോൾ പൊരിവെയിലിൽ സ്വന്തം കിടപ്പാടം പോകാതിരിക്കാൻ അലമുറയിട്ടു കരയുകയാണ് മുഖ്യന്റെ സ്വന്തം ജനത. ജനങ്ങൾക്കിടയിൽ കൃത്യമായ പഠനം പോലും നടത്താതെ അവരുടെ പുരയിടത്തിൽ കല്ലിടുന്നത് മറ്റൊരിടത്തുമല്ല എന്തിനും മുന്നിൽ നിൽക്കുന്ന നമ്മുടെ കേരളത്തിൽ തന്നെ എന്നതും നാം ഓർക്കേണ്ടതാണ്....
https://www.facebook.com/Malayalivartha