കോട്ടയം ജില്ലയിൽ കെ റെയിൽ സമരം കത്തി നിൽക്കുന്നു; തെരുവിൽ ഏറ്റുമുട്ടുന്ന സി.പി.എമ്മും കോൺഗ്രസും; പാലാ നഗരസഭയിലെ കോൺഗ്രസ് സിപിഎം കൗൺസിലർമാരുടെ ആഘോഷ ഉല്ലാസ യാത്ര
ജില്ലയിൽ കെ റെയിൽ സമരം കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം ആയി മാറിയിരിക്കുകയാണ്. കെ റെയിൽ സർവേ കല്ലുകൾ പിഴുതു മാറ്റിയതിന് കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിനെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. കെ റെയിൽ വിരുദ്ധ സമരസമിതിക്ക് പിന്തുണ നൽകിക്കൊണ്ട് ജില്ലയിലെമ്പാടും സമരം ശക്തിപ്പെടുത്താൻ തന്നെയാണ് കോൺഗ്രസും യുഡിഎഫും തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ ഇരുപാർട്ടികളുടെയും നിലപാടുകളെ തള്ളും വിധമാണ് പാലാ നഗരസഭയിലെ കോൺഗ്രസ് സിപിഎം കൗൺസിലർമാർ ഇന്ന് ഒരുമിച്ച് ഉല്ലാസയാത്രയ്ക്ക് പോയിരിക്കുന്നത്. ഇടതുമുന്നണിയിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ കൗൺസിലർമാരെ ഒഴിവാക്കി സിപിഎം അംഗങ്ങളാണ് ഉല്ലാസയാത്രയിൽ കോൺഗ്രസ്, കേരള കോൺഗ്രസ് അംഗങ്ങൾക്കൊപ്പം പങ്കെടുക്കുന്നത്. വാഗമണ്ണിലേക്ക് ആണ് കൗൺസിലർമാരുടെ ഉല്ലാസയാത്ര എന്ന വിവരമാണ് ലഭിച്ചത്.
പാലായിൽ കേരളകോൺഗ്രസും, സിപിഎമ്മും തമ്മിൽ അത്ര സുഖകരമായ ബന്ധം അല്ല. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരള കോൺഗ്രസ് സിപിഎം കൗൺസിലർമാർ തമ്മിൽ നഗരസഭാ കൗൺസിൽ ഹാളിൽ വച്ച് കയ്യാങ്കളി ഉണ്ടായിരുന്നത് വലിയ വാർത്തയായിരുന്നു. ചെയർമാൻ പദവി വീതം വയ്ക്കുന്നതിന് ചൊല്ലിയും ഇരു പാർട്ടികളിലെ അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ട്. കോൺഗ്രസിലും ചില ഉൾ പോരുകൾ അംഗങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ രണ്ട് കൗൺസിലർമാരും ഉല്ലാസയാത്രയ്ക്ക് പോയിട്ടുണ്ട്. ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സഹകരിച്ചുകൊണ്ട് നഗരസഭയ്ക്ക് ഉള്ളിൽ ഒരു കുറുമുന്നണി രൂപപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ പാലാ നഗരസഭയിൽ ഉള്ളത്.
സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽ നിന്ന് ശശി തരൂരിനെയും, കെവി തോമസിനെയും, ആർ ചന്ദ്രശേഖരനെയും കെപിസിസി പ്രസിഡൻറ് കെ സുധാകരൻ നേരിട്ട് വിലക്കി എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്ന സമയത്താണ് സിപിഎം കോൺഗ്രസ് അംഗങ്ങൾ ഒരുമിച്ച് ഉല്ലാസയാത്രയ്ക്ക് പോയത്.
പ്രതിപക്ഷനേതാവ് വിഡി സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ കഴിഞ്ഞദിവസം കെ റെയിൽ സമരവുമായി ബന്ധപ്പെട്ട് പൊലീസ് ആക്രമിച്ച സമരസമിതി പ്രവർത്തകരെ നേരിട്ട് കാണാനെത്തിയ ജില്ലയിൽ ഇത്തരമൊരു അപൂർവ കൂട്ടായ്മ വലിയ പ്രതിസന്ധി ഇരുപാർട്ടികൾക്കും സൃഷ്ടിക്കും.
കെ സുധാകരൻറെ നെഞ്ചത്ത് കൂടി ട്രെയിൻ ഓടിക്കും എന്നു നിലപാട് എടുത്തിരിക്കുന്ന സിപിഎമ്മുമായി ചൂടു പിടിച്ചിരിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയെ സഹകരിച്ച് ഉല്ലാസയാത്രയ്ക്ക് പോയത് കോൺഗ്രസ് നേതൃത്വം ഗൗരവമായി കണക്കിലെടുക്കാൻ സാധ്യതയുണ്ട്. സിപിഎം പാർലമെൻററി പാർട്ടി ലീഡറും യാത്രയിൽ പങ്കാളിയായി എന്നുള്ളത് സിപിഎമ്മിനെയും വെട്ടിലാക്കും.
https://www.facebook.com/Malayalivartha