വ്യാജ രേഖ ചമച്ച് വാഹന ഇന്‍ഷുറന്‍സ് തുക തട്ടി; പൊലീസുകാര്‍ ഉള്‍പ്പെടെ 26 പേരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വ്യാജ രേഖ ചമച്ച് വാഹന ഇന്‍ഷുറന്‍സ് തുക തട്ടിയ കേസില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 26 പേരെ പ്രതിചേര്‍ത്തു. അഞ്ച് പൊലീസുകാരും അഭിഭാഷകനും ഉള്‍പ്പെടെ 26 പേരെ പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസന്വേഷിച്ച് വ്യാജ റിപ്പോര്‍ട്ട് തയാറാക്കിയ തിരുവനന്തപുരം സിറ്റി ട്രാഫിക് സ്റ്റേഷനിലെ അഞ്ച് പൊലീസുകാരാണ് പ്രതികള്‍. ഇതില്‍ നാല് പേരും വിരമിച്ചു. അഞ്ച് കേസും വാദിച്ച അഭിഭാഷകന് പൂവച്ചല്‍ അരുണ്‍, ഏജന്റ്, അപകടം പറ്റിയതായി പരാതി നല്കിയവര് സാക്ഷികള്‍ എന്നിവരാണ് മറ്റ് പ്രതികള്‍.
കുന്നുകുഴി സ്വദേശി സെബാസ്റ്റ്യന്റെ ബൈക്ക് ഇടിച്ചുവെന്ന് വ്യാജ രേഖയുണ്ടാക്കിയാണ് അഞ്ച് കേസും രജിസ്റ്റര്‍ ചെയ്തത്. സെബാസ്റ്റ്യനെ കൂടാതെ സഹോദരങ്ങളായ വിമല്‍രാജും ആന്റണിയും പ്രതികളാണ്. ഇവര്‍ വാഹനം ഓടിച്ചപ്പോഴും അപകടമുണ്ടാക്കിയെന്ന് വ്യാജ കേസെടുത്തിരുന്നു. അപകടത്തില്‍ പരിക്കേറ്റുവെന്ന് മൊഴി നല്‍കുകയും കേസ് നല്‍കുകയും ചെയ്തവരാണ് മറ്റ് പ്രതികള്‍. തെങ്ങില്‍നിന്നു വീണും വീട്ടില്‍ തെന്നിവീണും പരിക്കേറ്റവരെ വാഹനാപകടത്തില്‍ പരിക്കേറ്റതായി രേഖയുണ്ടാക്കിയാണ് ഇന്‍ഷുറന്‍സ് തുക തട്ടിയത്.
പരിശോധനഫലം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാകും ഡോക്ടര്‍മാരെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. കേസിലെ മൊഴികളും മഹസറും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമെല്ലാം വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വ്യാജ കേസെടുത്ത പൊലീസുകാരാണ് കോടതിയെയും ഇന്‍ഷുറന്‍സ് കമ്ബനിയെയും കബളിപ്പിക്കാന്‍ കളമൊരുക്കിയത്. തട്ടിപ്പിനുപയോഗിച്ച ബൈക്ക് ഒ.എല്‍.എക്സ് വഴി ഉടമ വിറ്റിരുന്നു. ബൈക്ക് വാങ്ങിയ കാട്ടാക്കട സ്വദേശിയില്‍ നിന്നാണ് വാഹനം പിടിച്ചെടുത്തത്. ക്രൈംബ്രാഞ്ച് ഡിവെ.എസ്.പി കെ.ആര്. ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വാഹനാപകട ഇന്‍ഷുറന്‍സിന്റെ മറവില്‍ സംസ്ഥാനത്ത് നടന്നത് വന്‍ തട്ടിപ്പാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വിദേശത്തും തമിഴ്നാട്ടിലും നടന്ന അപകടങ്ങള്‍ പോലും തിരുവനന്തപുരത്തെ വിവിധ ഭാഗങ്ങളില്‍ നടന്നെന്ന് എഫ്.ഐ.ആറുണ്ടാക്കി കോടികള്‍ തട്ടാന്‍ ശ്രമമുണ്ടായതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.
https://www.facebook.com/Malayalivartha