മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണോയെന്ന് അന്താരാഷ്ട്ര വിദഗ്ദ്ധരടങ്ങിയ സ്വതന്ത്രസമിതി പരിശോധിക്കണമെന്ന് കേരളം... ഇന്ന് സുപ്രീംകോടതിയില്‍ അന്തിമവാദം ആരംഭിക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണോയെന്ന് അന്താരാഷ്ട്ര വിദഗ്ദ്ധരടങ്ങിയ സ്വതന്ത്രസമിതി പരിശോധിക്കണമെന്ന് കേരളം... ഇന്ന് സുപ്രീംകോടതിയില്‍ അന്തിമവാദം ആരംഭിക്കും.
രണ്ടുമാസം മുന്‍പ് കേന്ദ്ര ജലകമ്മിഷന്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിനും, അതംഗീകരിച്ച തമിഴ്‌നാടിനുമുള്ള മറുപടിയായി തിങ്കളാഴ്ച രാത്രിയാണ് പുതിയ സത്യവാങ്മൂലം കൊടുത്തത്. കേരളത്തിന്റെ പുതിയ വാദങ്ങള്‍ പഠിക്കാന്‍ തമിഴ്‌നാട് സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്, ഇന്നലെ ആരംഭിക്കാനിരുന്ന അന്തിമ വാദം കേള്‍ക്കല്‍ സുപ്രീംകോടതി ഇന്നത്തേക്ക് മാറ്റി.
വിശദമായ സുരക്ഷാ അവലോകനം ആവശ്യമാണെന്ന കേന്ദ്ര ജലകമ്മിഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം ഉയര്‍ത്തിയാണ് അന്താരാഷ്ട്ര വിദഗ്ദ്ധരുടെ സഹായം കേരളം ആവശ്യപ്പെട്ടത്. അണക്കെട്ടുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എന്‍ജിനീയര്‍മാരും ബന്ധപ്പെട്ട വിദഗ്ദ്ധരും ഉള്‍പ്പെട്ട സ്വതന്ത്ര പാനല്‍ പരിശോധന നടത്തണം. ഹൈഡ്രോളജി, ഡിസൈന്‍, ഹൈഡ്രോ-മെക്കാനിക്കല്‍ ഡാം സുരക്ഷ, ജിയോളജി, നിര്‍മ്മാണം-മേല്‍നോട്ടം, ഇന്‍സ്ട്രുമെന്റേഷന്‍, ഭൂചലനം എന്നിവയിലെ വിദഗ്ധരാവണം പരിശോധന നടത്തേണ്ടത്.
പത്തു വര്‍ഷത്തിലൊരിക്കല്‍ അണക്കെട്ടുകളുടെ പരിശോധന വേണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ജല കമ്മിഷന്‍ 2018-ല്‍ തയ്യാറാക്കിയ മാര്‍ഗരേഖയും പാലിക്കപ്പെടണം.
കേരളത്തിന്റെ വാദങ്ങളിങ്ങനെ....
വലിയ അണക്കെട്ടുകളില്‍ പത്തുവര്‍ഷത്തിലൊരിക്കല്‍ സുരക്ഷാ പരിശോധന വേണമെന്നത് 2019ല്‍ ചേര്‍ന്ന ഡാം സുരക്ഷാ ദേശീയ സമിതി യോഗം ശരിവച്ചിട്ടുണ്ട്. പരിശോധനയില്‍ കേരളത്തിന്റെ ഓഫീസര്‍മാരെയും ഉള്‍പ്പെടുത്തേണ്ടതാണ്.
2010-11ന് ശേഷം അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച സമഗ്ര പരിശോധന നടന്നിട്ടില്ല. 2014-ലെ സുപ്രീംകോടതി വിധിക്ക് ശേഷമാണ് മുല്ലപ്പെരിയാര്‍ മേഖലയില്‍ രണ്ട് പ്രളയങ്ങള്‍ ഉണ്ടായത്. അണക്കെട്ടിന് സമീപം കഴിഞ്ഞ വര്‍ഷം നിരവധി ഭൂചലനങ്ങളുമുണ്ടായി.
126വര്‍ഷം പഴക്കമുള്ള സുര്‍ക്കി ഡാമിലെ വിള്ളലുകളില്‍ ഗ്രൗട്ട് ഒഴിച്ച് ശക്തിപ്പെടുത്താമെന്ന തമിഴ്‌നാട് വാദം പരമാവധി എട്ടു വര്‍ഷത്തേക്കുള്ള താത്കാലിക പരിഹാരം മാത്രമാണ്. പുതിയ അണക്കെട്ട് നിര്‍മ്മിക്കണം
വള്ളക്കടവ്-മുല്ലപ്പെരിയാര്‍ റോഡിലെ അറ്റകുറ്റപ്പണിക്കും മരം മുറിക്കുമുള്ള അനുമതി വനം, പരിസ്ഥിതി നിയമങ്ങള്‍ പ്രകാരമേ നല്‍കാനാവൂ. നിര്‍ദ്ദേശം നല്‍കാന്‍ മേല്‍നോട്ട സമിതിക്ക് അധികാരമില്ല.
മേല്‍നോട്ട സമിതി കേന്ദ്ര ജലകമ്മിഷന്‍ മാര്‍ഗരേഖ പ്രകാരമുള്ള വിശദമായ പരിശോധന നടത്താറില്ല. ഭൂകമ്പ സാദ്ധ്യതകള്‍ വിലയിരുത്താനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടില്ല.
https://www.facebook.com/Malayalivartha