ബംഗളുരുവില്‍ നിന്ന് വോള്‍വോ ബസില്‍ തലസ്ഥാനത്തേക്ക് 8 കിലോ കഞ്ചാവ് കടത്ത്.... വള്ളക്കടവ് അനന്തുവിനെ ഹാജരാക്കാന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കോടതിയുടെ അന്ത്യശാസനം, 2020 ജൂലൈ 1 മുതല്‍ 4 തവണ ആവശ്യപ്പെട്ടിട്ടും പ്രതിയെ ഹാജരാക്കുകയോ സമന്‍സ് മടക്കുകയോ ചെയ്യാത്തതിന് സിഐയ്ക്ക് രൂക്ഷ വിമര്‍ശനം

ബംഗ്‌ളുരുവില്‍ നിന്ന് വോള്‍വോ ബസില്‍ തലസ്ഥാനത്തേക്ക് 8 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതി വള്ളക്കടവ് അനന്തുവിനെ ഹാജരാക്കാന്‍ തിരുവനന്തപുരം അഡീ. ജില്ലാ സെഷന്‍സ് കോടതി നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് അന്ത്യ ശാസനം നല്‍കി.
2020 ജൂലൈ 1, 2021 മാര്‍ച്ച് 8 , അഗസ്റ്റ് 10 , 2022 ഫെബ്രുവരി 22 എന്നീ തീയതികളിലായി 4 തവണ ആവശ്യപ്പെട്ടിട്ടും പ്രതിയെ ഹാജരാക്കുകയോ സമന്‍സ് മടക്കുകയോ ചെയ്യാത്തതിന് സിഐയെ വിചാരണ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
സമന്‍സ് ഉത്തരവ് നടപ്പിലാക്കാത്തതും നടപ്പിലാക്കാത്തതിന് കാരണം കാണിച്ച് റിപ്പോര്‍ട്ട് സഹിതം സമന്‍സ് കോടതിക്ക് മടക്കുകയോ ചെയ്യാത്തതുമാണ് കോടതിയെ ചൊടിപ്പിച്ചത്. സി ഐ യുടെ ഉപേക്ഷ ഗുരുതരമായ കൃത്യവിലോപമാണെന്നും നീതി നിര്‍വ്വഹണത്തെ തടസപ്പെടുത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
സൂപ്പര്‍വൈസിംഗ് ഉദ്യോഗസ്ഥരായ ഡിവൈഎസ്പിയും റൂറല്‍ എസ്പിയും അടക്കമുള്ള മേലുദ്യോഗസ്ഥരാരും ഇതൊന്നും കാണുന്നില്ലേയെന്നും കോടതി ചോദിച്ചു. പ്രതിയെ കുറ്റം ചുമത്തലിനായി ജൂണ്‍ 17 നാണ് ഹാജരാക്കേണ്ടത്. കഞ്ചാവ് കടത്ത് കേസ് പ്രതി വള്ളക്കടവ് വയ്യാമൂല ഇരു പാറ മുടുമ്പില്‍ വീട്ടില്‍ അനന്തു (24) നെയാണ് ഹാജരാക്കേണ്ടത്.
2020 നവംബര്‍ 27 നാണ് സംഭവം നടന്നത്. വോള്‍വോ ബസില്‍ കഞ്ചാവുമായി വരവേ അമരവിള ചെക് പോസ്റ്റില്‍ പിടിയിലാവുകയായിരുന്നു. ബെംഗളുരുവിലെ മഡിവാളയില്‍ താമസിക്കുന്ന മലയാളിയുമായി ചേര്‍ന്നാണ് പ്രതി കഞ്ചാവെത്തിക്കാന്‍ ശ്രമിച്ചത്. വിപണിയില്‍ നാലു ലക്ഷം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്.
അനന്തു ബാഗിലാണ് കഞ്ചാവ് പൊതിയാക്കി സൂക്ഷിച്ചത്. 27 ന് രാവിലെ ബസ് പരിശോധനക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. തലസ്ഥാനത്ത് കഞ്ചാവ് ചില്ലറ വില്‍പന നടത്താനായാണ് എത്തിച്ചത്. അനന്തു 2019 ലും കഞ്ചാവ് കടത്തിയിട്ടുണ്ട്. ഇയാളുടെ പേരില്‍ നേരത്തെയും പോലീസും എക്‌സൈസും കേസെടുത്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha