ദിലീപിനൊപ്പം കാവ്യയും ഓട്ടം തുടങ്ങി! കാവ്യമാധവനെ പോലീസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു... ശരത്തിനെ ചോദ്യം ചെയ്തതോടെ പുറത്ത് വന്നത് നിർണായക വിവരങ്ങൾ...

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു നടിയെ ആക്രമിച്ച കേസ് പുനരന്വേഷണത്തിന്റെ ചുരുളഴിച്ചത്. അതിനു ശേഷം സംഭവിച്ചതൊന്നും ചെറിയകാര്യങ്ങളല്ലായിരുന്നു. രക്ഷപ്പെട്ടിരുന്ന ദിലീപിന് പിന്നാലെ കുരുക്കിന് മേൽ കുരുക്കായിരുന്നു. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ. കാവ്യയോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഉടൻ നോട്ടീസ് നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. ദിലീപിനെ ചോദ്യം ചെയ്തതിന് പിന്നാലെയായിരിക്കും കാവ്യ മാധവനെ ചോദ്യം ചെയ്യുക. കേസിൽ ബാലചന്ദ്രകുമാർ പറഞ്ഞ 'വിഐപി' ദിലീപിന്റെ അടുത്ത സുഹൃത്തായ ശരത് തന്നെയാണെന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പ്രതി ദിലീപിന് എത്തിച്ചു നല്‍കിയത് ഒരു 'വിഐപി'യാണെന്നായിരുന്നു ബാലചന്ദ്രകുമാറിൻറെ മൊഴി.താൻ ദിലീപിന്‍റെ വീട്ടിലുള്ള സമയം ഇക്ക എന്ന് ദിലീപും കാവ്യയും വിളിക്കുന്ന ഒരാൾ അവിടെ എത്തുകയും ദിലീപിന് ഒരു പെൻഡ്രൈവ് കൈമാറുകയും ചെയ്തെന്നായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. വിഐപി പരിവേഷം ഉള്ളയാളെ പോലെയാണ് ഇയാൾ പെരുമാറിയതെന്നും ഇയാൾ കൊണ്ടുവന്ന പെൻഡ്രൈവ് ലാപ്പിൽ ഘടിപ്പിച്ച ശേഷം പൾസർ സുനിയുടെ ക്രൂരകൃത്യം കാണാൻ ദിലീപ് ക്ഷണിച്ചുവെന്നുമായിരുന്നു ബാലചന്ദ്രകുമാർ പറഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ശരത് തന്നെയാണ് വിഐപിയെന്ന് അന്വേഷണ സംഘം ഉറപ്പിച്ചത്. ഇതോടെ കഴിഞ്ഞ ദിവസം ശരതിനെ അന്വേഷണസംഘം രഹസ്യകേന്ദ്രത്തില്‍ വച്ച് ചോദ്യം ചെയ്തിരുന്നു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ 'മാഡത്തെ'കുറിച്ചുള്ള നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ. നടി ആക്രമിക്കപ്പെട്ട കേസിൽ മാഡത്തെ കുറച്ച് ആദ്യം വെളിപ്പെടുത്തൽ നടത്തിയത് കേസിലെ മുഖ്യപ്രതിയായിരുന്ന പൾസർ സുനിയായിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ മാഡത്തിന് കൈമാറി എന്നായിരുന്നു പൾസർ സുനി ആദ്യം പറഞ്ഞത്. മാഡം സിനിമാ നടിയാണെന്നും പൾസർ സുനി പറഞ്ഞിരുന്നു. അതേസമയം ഇതോടെ സ്ത്രീയുടെ പങ്കിനെ കുറിച്ചുള്ള ചർച്ചകൾ വിവാദമായെങ്കിലും പിന്നീട് അവർക്ക് കേസിൽ വലിയ പങ്കില്ലെന്ന് പൾസർ സുനി തിരുത്തി പറഞ്ഞു. ഇതോടെ ഇത് സംബന്ധിച്ചുള്ള അന്വേഷണം നടന്നിരുന്നില്ല. എന്നാൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലോടെ വീണ്ടും കേസിൽ മാഡത്തിന്റെ പങ്കിനെ കുറിച്ചുള്ള സംശയങ്ങൾ ഉയർന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടതിന് ശേഷം വീട്ട് വരാന്തയിൽ ഇരുന്ന ദിലീപ് പുറകിലേക്ക് നോക്കി നിനക്ക് വേണ്ടിയാണ് താൻ ഇത് ചെയ്തതെന്ന് പറഞ്ഞതായി ബാലചന്ദ്രകുമാർ അന്വേഷണത്തിന് മൊഴി നൽകിയിരുന്നു. ഇത് പറയുമ്പോൾ ദിലീപിന്റെ വീട്ടിൽ മാഡത്തിന്റെ സാന്നിധ്യം ഉണ്ടെന്നാണ് സാക്ഷി മൊഴി.
ഈ സമയം രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നുവെന്നാണ് ബാലചന്ദ്രകുമാർ മൊഴിയിൽ പറഞ്ഞത്. ഇവരുടെ പേരുകളും ബാലചന്ദ്രകുമാർ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ദൃശ്യങ്ങൾ കണ്ടതിന് ശേഷം ആ ടാബ് ദിലീപ് കാവ്യയ്ക്കാണ് കൈമാറിയതെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചു നല്‍കിയ 'വിഐപി'യുമായി കാവ്യ സംസാരിച്ചതായും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്. 'പോയ കാര്യങ്ങള്‍ എന്തായി, നടന്നോ' എന്നായിരുന്നു കാവ്യ ഇയാളോട് ചോദിച്ചതെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. 'വിഐപി'യെന്ന് ഉറപ്പിച്ചതോടെ ശരതിനോട് ഇത് സംബന്ധിച്ചെല്ലാം അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചുവെങ്കിലും അദ്ദേഹം ഇതെല്ലാം നിഷേധിച്ചതായാണ് വിവരം. അതേസമയം എന്ത് ഉദ്ദേശിച്ചാണ് ശരതിനോടുള്ള ചോദ്യങ്ങൾ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ കാവ്യയിൽ നിന്നും അന്വേഷണ സംഘം വ്യക്തത തേടും. മാത്രമല്ല ദൃശ്യങ്ങള്‍ ആദ്യം എത്തിച്ചത് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലാണ് എന്ന സാക്ഷി സാഗറിന്റെ മൊഴിയെക്കുറിച്ചും ക്രൈംബ്രാഞ്ച് ചോദിച്ചറിയും. കേസിൽ ദിലീപിനെ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യുക. തുടരന്വേഷണം പ്രഖ്യാപിച്ച് രണ്ട് മാസത്തിന് ശേഷമാണ് ദിലീപിനെ കേസിൽ വീണ്ടും ചോദ്യം ചെയ്യുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം നടത്തി ഏപ്രിൽ 15 ന് റിപ്പോർട്ട് സമർപ്പിക്കാനാണ് വിചാരണ കോടതി നിർദ്ദേശം നൽകിയിട്ടുള്ളത്.
https://www.facebook.com/Malayalivartha