സ്വകാര്യ കോളജുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി നിലനിന്ന അനിശ്ചിതത്വത്തിനു വിരാമം... സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിലെ അധ്യാപക അനധ്യാപക നിയമനങ്ങളില്‍ ഭിന്നശേഷി സംവരണത്തിനു ഹൊറിസോണ്ടല്‍ രീതി പിന്തുടരണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

സ്വകാര്യ കോളജുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി നിലനിന്ന അനിശ്ചിതത്വത്തിനു വിരാമം... സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിലെ അധ്യാപക അനധ്യാപക നിയമനങ്ങളില്‍ ഭിന്നശേഷി സംവരണത്തിനു ഹൊറിസോണ്ടല്‍ രീതി പിന്തുടരണമെന്ന് സര്‍ക്കാര്‍ ഉത്തരവ്.
2016ലെ കേന്ദ്ര നിയമപ്രകാരം ഭിന്നശേഷിക്കാര്‍ക്കു 4% തൊഴില്‍ സംവരണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടായിരുന്നു. എന്നാല്‍, സംവരണത്തിനു ഏതു രീതിയാണു പിന്തുടരേണ്ടതെന്ന ആശയക്കുഴപ്പം കാരണം അര്‍ഹര്‍ക്കു അവസരം നഷ്ടമാകുന്നതായി പരാതിയുണ്ടായിരുന്നു.
പുതിയ ഉത്തരവുപ്രകാരം നിയമനം നടത്തുമ്പോള്‍ ഓരോ ഇരുപത്തിയഞ്ചിന്റെ ബ്ലോക്കിലും 1, 26, 51, 76 എന്ന ക്രമത്തില്‍ ഭിന്നശേഷി പ്രാതിനിധ്യം ഉറപ്പാക്കേണ്ടതാണ്. കാഴ്ചപരിമിതര്‍, ശ്രവണപരിമിതര്‍, അംഗപരിമിതര്‍, ലോക്കോമോട്ടര്‍ ഡിസബിലിറ്റിയോ സെറിബ്രല്‍ പാള്‍സിയോ ബാധിച്ചവര്‍ എന്നീ ക്രമത്തിലായിരിക്കും അവസരം ലഭിക്കുക.
എയ്ഡഡ് മേഖലയിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, എന്‍ജിനീയറിങ്, ട്രെയിനിങ്, അറബിക് കോളജുകള്‍, പോളിടെക്‌നിക് എന്നിവയ്ക്കു പുതിയ ഉത്തരവ് ബാധകമാണ്. 1996 ഫെബ്രുവരി 2 മുതല്‍ 2017 ഏപ്രില്‍ 18 വരെ 3%, അതിനു ശേഷം 4% എന്നിങ്ങനെയാണു ഭിന്നശേഷി സംവരണം നടപ്പാക്കേണ്ടത്. ഇതുവരെ നിയമനം നടത്താത്ത സ്ഥാപനങ്ങള്‍ ഇതു ബാക്ക് ലോഗായി കണക്കാക്കി തുടര്‍ നിയമനങ്ങളില്‍ ഇതു നികത്തേണ്ടതാണ്. ഇതിനകം നടത്തിയ ഭിന്നശേഷി നിയമനങ്ങള്‍ ബാക്ക് ലോഗില്‍ കുറവുവരുത്താം.
ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത തസ്തികയില്‍ അപേക്ഷകരില്ലെങ്കില്‍ ഒരു തവണ കൂടി ഒഴിവ് വിജ്ഞാപനം ചെയ്യേണ്ടതാണ്. രണ്ടാം തവണയും അപേക്ഷകരില്ലെങ്കില്‍ റൊട്ടേഷന്‍ മാറ്റാവുന്നതാണ്. ഉദാഹരണത്തിനു കാഴ്ചപരിമിതര്‍ക്കുള്ള ഒഴിവില്‍ രണ്ടു തവണ അപേക്ഷകരില്ലെങ്കില്‍ അതു ശ്രവണപരിമിതര്‍ക്കായി നീക്കിവയ്ക്കാവുന്നതാണ്. ഏതു വിഭാഗത്തിനാണു സംവരണമെന്നു വിജ്ഞാപനത്തില്‍ വ്യക്തമാക്കുകയും വേണ്ം. ഉത്തരവ് നടപ്പാക്കുന്നതിനു സര്‍വകലാശാലകളില്‍ ചട്ട ഭേദഗതി ആവശ്യമെങ്കില്‍ 3 മാസത്തിനകം നടപ്പാക്കണം. ബാക്ക് ലോഗ് തയാറാക്കുന്നതിനായി വിവിധ കമ്മിറ്റികളെയും ചുമതലപ്പെടുത്തിയതായി സാമൂഹിക നീതി വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
ഹൊറിസോണ്ടല്‍ സംവരണം എന്നു പറഞ്ഞാല്‍ ആകെ 100 നിയമനം നടത്തിയാല്‍ 4 ഭിന്നശേഷിക്കാര്‍ക്ക് അവസരം ഉറപ്പാക്കുന്നതാണു ഹൊറിസോണ്ടല്‍ രീതി. കാഴ്ചവൈകല്യമുള്ളവര്‍ക്കു നീക്കിവച്ച ടേണില്‍ ആളില്ലെങ്കില്‍ ഭിന്നശേഷിക്കാരനായ അടുത്ത അപേക്ഷകന് അവസരം ലഭിക്കും. നിയമനത്തില്‍ ഭിന്നശേഷിക്കാര്‍ക്കു 4% സംവരണം ഉറപ്പാക്കുന്നുവെന്നതാണു ഇതിന്റെ പ്രത്യേകത.
വെര്‍ട്ടിക്കല്‍ രീതിയില്‍, ഒരു സംവരണ വിഭാഗത്തില്‍ അപേക്ഷകരില്ലെങ്കില്‍ അത് അടുത്ത വിഭാഗത്തിനു ലഭിക്കില്ല. ഉദാഹരണത്തിന് കാഴ്ചപരിമിതരുടെ ഒഴിവില്‍ അപേക്ഷകരില്ലെങ്കില്‍ അതു കേള്‍വിപരിമിതര്‍ക്കു നല്‍കുന്നതിനു പകരം പൊതുവിഭാഗത്തിലേക്കു പോകും. ഇതുമൂലം ആകെ സംവരണത്തില്‍ കുറവുണ്ടാകുകയും ചെയ്യും.
അതേസമയം, സര്‍ക്കാരിന്റെ പുതിയ ഉത്തരവ് വെര്‍ട്ടിക്കല്‍ രീതിയില്‍ ഭിന്ന ശേഷി സംവരണം നടപ്പാക്കിയ സര്‍വകലാശാലകള്‍ക്കു പ്രശ്‌നമാകും. ഈ രീതിയെ ചോദ്യം ചെയ്തു നിയമനം നിഷേധിക്കപ്പെട്ടവര്‍ നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.
https://www.facebook.com/Malayalivartha