തലയിൽ തോർത്തു ചുറ്റി, ഒരു കയ്യിൽ കൈക്കോട്ടും മറുകയ്യിൽ കുട്ട നിറയെ പച്ചക്കറിയും ഒറ്റമുണ്ടുമുടുത്ത് ചിരിച്ച് കൊണ്ട് ചില്ലു; ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ദതിയുടെ ഭാഗ്യചിഹ്നമായി അണ്ണാനെ തെരഞ്ഞെടുത്തതിൽ പൊട്ടിത്തെറിച്ച് കർഷകർ; അണ്ണാൻ അത്ര ഉപദ്രവകാരി അല്ല; നിലപാടിലുറച്ച് കൃഷി വകുപ്പ്

കൃഷി വകുപ്പ് ‘ഞങ്ങളും കൃഷിയിലേക്ക്’ എന്നൊരു പദ്ദതി ആവിഷ്‌ക്കരിച്ചിരുന്നു. കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു പദ്ധതിയായിരുന്നു അത്. ഈ പദ്ധതിയുടെ ഭാഗ്യചിഹ്നമായി ‘ചില്ലു’ എന്ന അണ്ണാറക്കണ്ണനെ തിരഞ്ഞെടുത്തത് വൻ വിവാദമായിരിക്കുകയാണ്. ഒറ്റമുണ്ടുമുടുത്ത്, തലയിൽ തോർത്തു ചുറ്റി, ഒരു കയ്യിൽ കൈക്കോട്ടും മറുകയ്യിൽ കുട്ട നിറയെ പച്ചക്കറിയുമായാണ് ചില്ലുവിനെ രൂപപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ റംബുട്ടാൻ, പപ്പായ, ജാതിക്ക, കൊക്കോ തുടങ്ങിയ വിളകൾ നശിപ്പിച്ച് കളയുന്ന അണ്ണാനെ ഭാഗ്യചിഹ്നമാക്കിയതു ശരിയല്ലെന്നാണ് ഒരു വിഭാഗം കർഷകർ ആരോപിക്കുന്നത്. കൃഷി പാഠത്തെക്കുറിച്ചു അറിവില്ലാത്തവരാണു ചിഹ്നം തിരഞ്ഞെടുത്തത്. ഈ കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് കൃഷിമന്ത്രിക്കും ഡയറക്ടർക്കും പരാതി കൊടുത്തിരിക്കുകയാണ്.
എന്നാൽ കൃഷി വകുപ്പ് പറയുന്നത് കുടുംബങ്ങളെയും കുട്ടികളെയും ലക്ഷ്യമിട്ടാണ് അണ്ണാറക്കണ്ണനെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തതെന്നാണ്. മാത്രമല്ല അണ്ണാൻ അത്ര ഉപദ്രവകാരി അല്ലെന്നു അവർ പറയുന്നു. ചിഹ്നം അർഥമാക്കുന്നത് അണ്ണാറക്കണ്ണനും തന്നാലായത് എന്നാണ്. തീരുമാനം മാറ്റില്ലെന്നു കൃഷി വകുപ്പ് തറപ്പിച്ച് പറഞ്ഞു.
ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത് പരിമിതമായ സ്ഥലത്തു പോലും കൃഷിയിറക്കുക എന്ന ആശയമാണ്. ചില്ലുവിനെ കഥാപാത്രമാക്കി 3ഡി അനിമേഷൻ വിഡിയോകൾ ഉൾപ്പെടെ വൻപ്രചാരണ പരിപാടികൾ തയ്യാറാക്കുന്നുണ്ട്. കണ്ണൂർ സ്വദേശി ആർട്ടിസ്റ്റ് ദീപക് മൗത്താട്ടിലാണ് ഭാഗ്യചിഹ്നത്തെ രൂപ കൽപ്പന ചെയ്തത്. കുട്ടികളെ കൂടി കൃഷിയിലേക്ക് ആകർഷിക്കുന്നതിനാണ് ഭാഗ്യചിഹ്നം രൂപകൽപന ചെയ്തത്. ഇപ്പോൾ ഉണ്ടായ വിവാദങ്ങൾ നിർഭാഗ്യകരമാണെന്നും ദീപക് പറയുകയുണ്ടായി.
https://www.facebook.com/Malayalivartha