ജില്ലാ ജയിലില്‍ സുരക്ഷാ പ്രശ്‌നം; പിസിയെ പൂജപ്പുരയിലേയ്ക്ക് മാറ്റി; രാത്രി ജയില്‍ ഭക്ഷണം

പി.സി.ജോര്‍ജിനെ ജില്ലാ ജയിലില്‍നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലേക്കു മാറ്റി. ആശുപത്രി സെല്ലോ സുരക്ഷയുള്ള മറ്റേതെങ്കിലും സെല്ലോ പി.സി.ജോര്‍ജിനു നല്‍കുമെന്ന് പൂജപ്പുര ജയില്‍ സൂപ്രണ്ട് പറഞ്ഞു. പി.സി.ജോര്‍ജിന്റെ സുരക്ഷയും ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുത്താണു ജില്ലാ ജയിലില്‍നിന്ന് തൊട്ടടുത്തുള്ള സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത്. ജില്ലാ ജയിലില്‍ ഡോക്ടറുടെ സേവനം ലഭ്യമല്ല.
രാവിലെ 10 മണിയോടെയാണ് പി.സി.ജോര്‍ജിനെ ജില്ലാ ജയിലിലെത്തിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മറ്റു തടവുകാരോടൊപ്പം അഡ്മിഷന്‍ സെല്ലിലാക്കി. നിരീക്ഷിക്കാന്‍ പൊലീസുകാരെയും ചുമതലപ്പെടുത്തി. ഉച്ചയ്ക്കു ജയില്‍ ഭക്ഷണമാണ് നല്‍കിയത്. ചോറ്, സാമ്പാര്‍, അവിയല്‍, തൈര് എന്നിവയാണ് വ്യാഴാഴ്ച ജയിലിലെ ഉച്ച ഭക്ഷണം. വൈകിട്ടു ചായ നല്‍കി. സെന്‍ട്രല്‍ ജയിലില്‍ രാത്രിയില്‍ ചോറ്, തോരന്‍, തീയല്‍ എന്നിവയാണ് ഭക്ഷണം.
തിരുവനന്തപുരത്തെ ഹിന്ദുമഹാ സമ്മേളനത്തില്‍ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിലാണ് പി.സി.ജോര്‍ജിനെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തത്. പി.സി.ജോര്‍ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്കു മാറ്റി. ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം കോടതി ഉത്തരവിനെതിരെയായിരുന്നു ഹര്‍ജി. ജാമ്യം ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയതിനാല്‍ പി.സി.ജോര്‍ജ് ഇന്ന് ജയിലില്‍ തുടരേണ്ടി വരും.
കാമറയ്ക്കു മുമ്പാകെയാണ് പി.സി. ജോര്‍ജിന്റെ പ്രസംഗമുണ്ടായത്. ഈ സാഹചര്യത്തില്‍ പി.സി. ജോര്‍ജിനെ കസ്റ്റഡിയില്‍ എടുക്കേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കസ്റ്റഡിയില്‍ വേണ്ടതിന്റെ ആവശ്യവും കീഴ്‌കോടതിയില്‍ നടന്ന നടപടിക്രമങ്ങളും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കാണിച്ചു വിശദമായ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോടു കോടതി നിര്‍ദേശിച്ചു.
ഇന്നലെ എറണാകുളത്തുവച്ച് തിരുവനന്തപുരം ഫോര്‍ട്ടു പൊലീസ് അറസ്റ്റു രേഖപ്പെടുത്തി തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. തുടര്‍ന്ന് വഞ്ചിയൂര്‍ കോടതി ജോര്‍ജിനെ റിമാന്‍ഡു ചെയ്തു. ഇതിനിടെ, മജിസ്‌ട്രേട്ട് കോടതി ഉത്തരവിനെതിരെ ഇന്നലെ രാത്രിതന്നെ പി.സി.ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചു.ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഇന്നലെ രാത്രി തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹര്‍ജി ഇന്നു പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha