ഇത്രയും പ്രതീക്ഷിച്ചില്ല... ആദ്യദിനം ജയിലില്‍ വലിയ വേദനയോടെ കിടന്നുറങ്ങി പിസി ജോര്‍ജ്; കസ്റ്റഡിയിലെടുക്കാനുറച്ച് പോലീസ്; എത്രയും വേഗം ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ പിസി ജോര്‍ജ്; ജയിലില്‍ നിന്ന് ജാമ്യം തേടി ഹൈക്കോടതിയില്‍ 3 ഹര്‍ജികള്‍

പിസി ജോര്‍ജിനെ ഒരു ദിവസമെങ്കിലും അകത്തിടണമെന്ന് ഭരണ പ്രതിപക്ഷമില്ലാതെ പലരും പലവട്ടം ചിന്തിച്ചത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. വലിയ വേദനയോടെ പിസി ജോര്‍ജ് ആദ്യ ദിനം ജയിലില്‍ കഴിഞ്ഞു. ഇന്നെങ്കിലും എങ്ങനെയെങ്കിലും ജയിലില്‍ നിന്നും പുറത്തിറങ്ങാനുള്ള ശ്രമത്തിലാണ് പിസി ജോര്‍ജിന്റെ ആള്‍ക്കാര്‍. പിസി ജോര്‍ജ് നല്‍കിയ ജാമ്യ ഹര്‍ജി അടക്കം മൂന്ന് ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ നടത്തിയ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം റദ്ദാക്കിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ആദ്യം പരിഗണിക്കുക. രാവിലെ പത്തേകാലിന് ജസ്റ്റിസ് സിയാദ് റഹ്മാനാണ് കേസ് പരിഗണിക്കുന്നത്. ഇതേ കേസില്‍ പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷയും വെണ്ണല കേസിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും മറ്റൊരു ബഞ്ച് ഉച്ചയ്ക്ക് പരിഗണിക്കും.
തിരുവനന്തപുരം വിദ്വേഷ കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്നും വഞ്ചിയൂര്‍ കോടതിയുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ല എന്നുമാണ് പി സി യുടെ വാദം. ഈ സാഹചര്യത്തില്‍ വഞ്ചിയൂര്‍ കോടതി ഉത്തരവ് റദ്ദാക്കണമെന്നു ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നു. അതേസമയം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യമാണ് പ്രോസിക്യൂഷന്‍ മുന്നോട്ട് വയ്ക്കുന്നത്.
കേസില്‍ വീഡിയോ അടക്കം കൈയ്യില്‍ ഉള്ളപ്പോള്‍ എന്തിനാണ് പ്രതിയെ കസ്റ്റഡിയില്‍ വെക്കുന്നതെന്ന ഹൈകോടതിയുടെ ചോദ്യത്തിലെ സര്‍ക്കാര്‍ മറുപടിയും ഇതില്‍ നിര്‍ണായകമാകും. തിരുവനന്തപുരം ഹിന്ദുമഹാ സമ്മേളനത്തില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ കോടതി നല്‍കിയ ജാമ്യ ഉപാധികള്‍ ലംഘിച്ചതിന് കഴിഞ്ഞ ദിവസമാണ് പി സി ജോര്‍ജിന് നല്‍കിയ ജാമ്യം കോടതി റദ്ദാക്കിയത്.
പിന്നാലെ കൊച്ചിയില്‍ അറസ്റ്റ് ചെയ്ത ജോര്‍ജ്ജിനെ പൊലീസ് അര്‍ദ്ധ രാത്രി തിരുവനന്തപുരത്ത് എത്തിച്ചു. ഇന്നലെ രാവിലെ കനത്ത സുരക്ഷയില്‍ ജഡ്ജിയുടെ ചേംബറില്‍ ഹാജരാക്കി. തുടര്‍ന്ന് ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. തിടുക്കത്തിലുള്ള നടപടികള്‍ക്ക് പിന്നില്‍ സര്‍ക്കാരെന്ന് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ മാധ്യമങ്ങളെ കണ്ട പിസി ജോര്‍ജ് ആരോപിച്ചിരുന്നു.
പിസി ജോര്‍ജിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് വലിയ ശ്രമം നടത്തുന്നുണ്ട്. തുടരെ തുടരെ കുറ്റം ആവര്‍ത്തിക്കുകയാണ് ജോര്‍ജെന്നും അതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ആരോപിക്കുന്നത്. കൂട്ട് പ്രതികളെ കണ്ടെത്താന്‍ ജോര്‍ജിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്നാണ് ആവശ്യം. ഒപ്പം പിസിയുടെ പ്രസംഗവുമായി ദൃശ്യങ്ങളുമായി ഒത്തുനോക്കാന്‍ ശബ്ദ സാമ്പിള്‍ എടുക്കേണ്ടകുണ്ടെന്നും പൊലീസ് ആവശ്യപ്പെട്ടു.
അതേ സമയം വിദ്വേഷ പ്രസംഗ കേസില്‍ തെളിവ് കിട്ടിയിട്ടും പാലാരിവട്ടം പൊലീസ് കസ്റ്റഡിയില്‍ വച്ചത് എന്തിനെന്ന് കോടതി ചോദിച്ചു. ഇതില്‍ വിശദീകരണം നല്‍കണമെന്ന് ഡിജിപിയോട് ജസ്റ്റിസ് പി ഗോപിനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്. വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വര്‍ഗീയ ആക്രമണം നടത്താം എന്ന് സംഘപരിവാറിലെ ചിലര്‍ വിചാരിക്കുന്നുവെന്നും അതിന് ശ്രമിച്ചാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പി.സി.ജോര്‍ജിന്റെ അറസ്റ്റ് ഫസ്റ്റ് ഡോസാണ്. ആട്ടിന്‍ തോലിട്ട ചെന്നായ വരുന്നത് രക്തം കുടിക്കാനാണ്, ആട്ടിന്‍കൂട്ടത്തിന് അത് നന്നായി അറിയാം. വര്‍ഗീയ വിഷം ചീറ്റിയ ആള്‍ക്കെതിരെ നടപടി സ്വീകരിച്ചപ്പോള്‍ അതില്‍ വര്‍ഗീയത കലര്‍ത്താനാണ് ബിജെപിയുടെ ശ്രമം. അറസ്റ്റിലായ ആളുടെ മതം പറഞ്ഞ് വളരാന്‍ നോക്കുകയാണ് ബിജെപി. ക്രിസ്ത്യാനികളെ സംരക്ഷിക്കാനാണ് പിന്തുണക്കുന്നതെന്നാണ് ബിജെപി വാദം. രാജ്യത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിനെതിരെ നടന്ന സംഘപരിവാര്‍ ആക്രമണങ്ങള്‍ മറക്കരുതെന്നും പിണറായി വിജയന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha