ഡോ. എസ്. ജയ്ശങ്കർ തലസ്ഥാനത്തേക്ക് വരുന്നു? ഉദ്ദേശം തരൂരിനെ അട്ടിമറിക്കാൻ

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ തിരുവനന്തപുരത്ത് നിന്നും പാർലെമെൻറിലേക്ക് മത്സരിക്കുമോ? ജയശങ്കറിൻ്റെ തിരുവനന്തപുരം സന്ദർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടിപിക്കുന്ന അസ്വസ്ഥതയുടെ കാരണവും ഇതു തന്നെയാണെന്നാണ് മനസിലാക്കുന്നത്. 1955 ജനവരി 9ന് ന്യൂഡൽഹിയിൽ താമസിക്കുന്ന ഒരു തമിഴ് കുടുംബത്തിലാണ് ജയ് ശങ്കർ ജനിച്ചത്. പ്രമുഖ ഇന്ത്യൻ സ്ട്രാറ്റജിക് അനലി സ്റ്റായ കെ.സുബ്രഹ്മണ്യത്തിൻ്റെ മകനായിട്ടാണ് ജനനം.
പ്രമുഖ ചരിത്രകാരൻ സഞ്ജയ് സുബ്രഹ്മണ്യവും ഐ.എ.എസ്.ഉദ്യോഗസ്ഥനായ എസ് വിജയകുമാറും അദ്ദേഹത്തിൻ്റെ സഹോദരങ്ങളാണ്. ഡൽഹിയിലെ -എയർ ഫോഴ്സ് സ്കുളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഡൽഹിയിലെ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും കെമിസ്ട്രിയിൽ ബിരുദമെടുത്ത ജയശങ്കർ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്നാണ് പി.എച്ച്ഡി നേടിയത്. 1977 ലാണ് അദ്ദേഹം ഇന്ത്യൻ ഫോറിൻ സർവീസിൽ അംഗമായത്.
സോവിയറ്റ് യൂണിയൻ മിഷനിൽ രണ്ടു തവണ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഒട്ടേറെ രാജ്യങ്ങളിൽ ഇന്ത്യൻ സ്ഥാനപതിയായിരുന്നു. ചൈനയിൽ ഏറ്റവുമധികം കാലം ഇന്ത്യൻ അംബാസിഡറായിരുന്നു ജയ് ശങ്കർ. പിന്നീട് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി ജയശങ്കർ മാറി. 2019 മേയ് 31നാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായി അദ്ദേഹം ചുമതലയേറ്റു. ഗുജറാത്തിൽ നിന്നാണ് അദ്ദേഹം രാജ്യസഭയിലെത്തുന്നത്. 2025 വരെ അദ്ദേഹത്തിന് രാജ്യസഭയിൽ കാലാവധിയുണ്ട്. 2024ൽ തോറ്റാലും അദ്ദേഹത്തിന് രാജ്യസഭയിൽ കാലാവധിയുണ്ട്.
ശശി തരൂരിനെതിരെ ഒരു സ്ഥാനാർത്ഥിയെ അന്വേഷിക്കുകയായിരുന്നു ബിജെപി. കേരളത്തിൽ നിന്ന് 2024 ൽ ഒരു പാർലെമെൻറംഗത്തെ കണ്ടെത്തണമെന്ന അമിത് ഷായുടെ പദ്ധതിയുടെ ഭാഗമാണ് ജയശങ്കർ ഓപ്പറേഷൻ. ജയ് ശങ്കറെ പോലൊരാളെ തിരുവനന്തപുരത്ത് നിർത്തിയാൽ ജയിക്കുമെന്ന് ബിജെപി കരുതുന്നു. ശശി തരൂരിനെ കോൺഗ്രസ് തിരുവനന്തപുരത്ത് 2009 ൽ അവതരിപ്പിച്ചതും ഇങ്ങനെയാണ്.
തരൂരിനെതിരെ മത്സരിക്കാൻ ഇടതു മുന്നണിക്ക് സാധാരണ ഗതിയിൽ സ്ഥാനാർത്ഥികളെ കിട്ടാറില്ല. സി പി ഐ ക്കാണ് തിരുവനന്തപുരം സീറ്റ് ഇടതു മുന്നണി നൽകിയിട്ടുള്ളത്. കിട്ടുന്ന ആരെയെങ്കിലും മത്സരിപ്പിക്കുക എന്നതിൽ കവിഞ്ഞ് തിരുവനന്തപുരത്ത് സി പി ഐ ക്ക് സ്ഥിരം സ്ഥാനാർത്ഥികളൊന്നുമില്ല.തരൂരിന് സി പി എമ്മുമായി മികച്ച ബന്ധം ഉള്ളതുകൊണ്ട് സി പി എം വോട്ടുകൾ ചോർന്ന് തരൂരിൻ്റെ പോക്കറ്റിലെത്തും.. പാലക്കാടുകാരനായ തരൂരിന് പ്രകാശ് കാരാട്ടുമായുള്ള ബന്ധം പ്രസിദ്ധമാണ്. ശശി തരൂരും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള ഭിന്നത രൂക്ഷമാണ്. ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൊമ്പുകോർക്കുന്ന തരൂർ കോളത്തിൽ കെ സുധാകരനുമായി പലവട്ടം കൊമ്പുകോർത്തിട്ടുണ്ട്.
ശശി തരൂർ ബിജെപിയിലേക്കെന്ന് പലവട്ടം വാർത്തകൾ വന്നു. എന്നാൽ ബി ജെ പിയിൽ ചേരാൻ അദ്ദേഹം തയ്യാറായില്ല. മുമ്പ് മുല്ലപ്പള്ളി രാമചന്ദ്രൻ തരൂരിനെതിരെ അതിശക്തമായി രംഗത്തെത്തിയത് ഇത്തരം ഒരു വാർത്ത പ്രചരിച്ചതിൻ്റെ അടിസ്ഥാനത്തിലാണ്. തരൂരിന്റെ ദില്ലിയിലെ വീട്ടിൽ സോണിയാ- രാഹുൽ വിരുദ്ധ സംഘത്തിന്റെ യോഗം വിളിച്ചത് ബി ജെ പിയിലേക്കുള്ള വാതിൽ തുറക്കുന്നതിന്റെ ഭാഗമാണെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം കരുതിയിരുന്നു.
നരേന്ദ്ര മോദിയുടെ രഹസ്യ നീക്കത്തിൽ ഒട്ടുമിക്ക കോൺഗ്രസ് നേതാക്കളും വീണു എന്നാണ് കോൺഗ്രസിന്റെ ദേശീയ നേതൃത്വം കരുതുന്നത്. അതിന്റെ മുന്നണിയിൽ തരൂർ ഉണ്ടെന്ന് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം കരുതുന്നു. ശശി തരൂരിന്റെ വീട്ടിൽ നടന്ന രാത്രിസത്കാരത്തിലാണ് ഹൈകമാന്റിനെതിരെ മണിശങ്കർ അയ്യർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്.
ദേശീയ നേത്യത്വത്തിനെതിരെ കത്തയച്ച തരൂരിന്റെ നടപടിയാണ് കോൺഗ്രസ് നേര്യത്വത്തെ ചൊടിപ്പിച്ചത്. പാർട്ടി അച്ചടക്കം തരൂരിനും ബാധകമാണെന്നാണ് നേതാക്കൾ പറഞ്ഞത്.അഭിപ്രായം പാർട്ടി വേദികളിൽ പറയണമെന്നും നേതാക്കൾ കുട്ടിച്ചേർത്തു. തിരുവനന്തപുരത്ത് വരാതെ ദില്ലിയിരുന്ന് തരൂർ പ്രവർത്തിക്കുന്നതിനെയും കോൺഗ്രസ് നേതാക്കൾ വിമർശിക്കുന്നു. ദില്ലിയിൽ താമസിച്ച് നിരന്തരം നേതാക്കളെ കണ്ടു കൊണ്ടിരിക്കുന്ന തരൂർ ദേശീയ നേതൃത്വത്തിനെതിരെ കത്ത് എഴുതുന്നതിൽ ദുരുഹതയുണ്ടെന്നായിരുന്നു നേത്യത്വത്തിൻ്റെ അഭിപ്രായം.
കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ അധ്യക്ഷ സ്ഥാനത്തെ ചെല്ലിയാണ് കെ പി സി സി അധ്യക്ഷ നായിരുന്ന മുല്ലപ്പള്ളിയും തരൂരും ആദ്യം ഉടക്കിയത്. ഡിജിറ്റൽ മീഡിയ അധ്യക്ഷ സ്ഥാനം രാജീവയ്ക്കുന്ന വിവരം തരൂർ ആദ്യം അറിയിച്ചത് സെല്ലിലെ തന്റെ സഹപ്രവർത്തകരെയാണ് . നടപടിക്രമം അനുസരിച്ച് രാജി വിവരം അറിയിക്കേണ്ടത് കെ പി സി സി അധ്യക്ഷനെയാണ്. എന്നാൽ അന്ന് അതിന് അദ്ദേഹം തയ്യാറായില്ല. തരൂർ രാജിവച്ച വിവരം മുല്ലപ്പള്ളി അറിഞ്ഞത് കെപിസിസി ജീവനക്കാർ പറഞ്ഞപ്പോഴാണ്.
തനിക്ക് മുല്ലപ്പള്ളിക്ക് മുന്നിലെത്തി നമസ്കരിക്കാനൊന്നും നേരമില്ലെന്നാണ് ശശിതരൂർ അന്നു പറഞ്ഞത്. ജീവിതാവസാനം വരെ കോൺഗ്രസിൽ തുടരാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ലെന്നും അന്ന് അദ്ദേഹം പരസ്യമായി പറഞ്ഞു. തന്നെ വെറുമൊരു കോൺഗ്രസ് നേതാവായി പാർട്ടി കാണുന്നു എന്നതിലാണ് തരൂരിന്റെ സങ്കടം. താൻ ആരാണെന്നോ തന്റെ കഴിവുകൾ എന്താണെന്നോ പാർട്ടി മനസിലാക്കുന്നില്ല. അതിൽ അതീവ വേദനയാണ് തരൂരിനുള്ളത്. കേരളത്തിലെ നാലാംകിട കോൺഗ്രസ് രാഷ്ട്രീയം കളിക്കാൻ തനിക്ക് താത്പര്യമില്ലെന്നും തരൂർ ആവർത്തിക്കുന്നു.
ശശി തരൂർ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിന്റെ കാര്യത്തിൽ തീരെ ശ്രദ്ധാലുവല്ല. എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ തനിക്ക് പിടിപ്പത് പണിയുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തിരുവനന്തപുരത്തെ കോൺഗ്രസ് പ്രവർത്തകർക്കും ഇതിൽ നിരാശയുണ്ട്. കൂടുതൽ സമയവും അദ്ദേഹം ഡൽഹിയിലാണ് താമസം. ഇതെല്ലാം കെ പി സി സി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസുകാരനായിരിക്കണമെങ്കിൽ പാർട്ടിക്ക് വിധേയനായിരിക്കണം എന്നു തന്നെയാണ് നേതാക്കൾ വിശ്വസിക്കുന്നത്. ഇതെല്ലാം ബിജെപിയുടെ സാധ്യതകൾ വർധിപ്പിക്കുന്നു.
ഹൈകമാന്റ് തരൂർ വിവാദത്തിൽ കോൺഗ്രസ് നേതാക്കൾക്ക് ഒപ്പമായിരുന്നു.. കോൺഗ്രസിനെ രാജ്യം തറപറ്റിച്ചപ്പോൾ പിടിച്ചു നിർത്തിയ സംസ്ഥാനമാണ് കേരളം.അത് കേരളത്തിന്റെ ബി ജെ പി വിരുദ്ധത ഒന്നു കൊണ്ടു മാത്രമാണ്. തരൂരിനെ ചുമന്ന് കേരളത്തെ പിണക്കാൻ ഹൈകമാന്റ് ഒരുക്കമല്ല. സോണിയയെയോ രാഹുലിനെയോ അടുത്ത കാലത്തായി തരൂർ കാണാറില്ല. കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെ തരൂർ നിരന്തരമായി എതിർക്കുന്നു.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തിൽ തരൂർ നിൽക്കുന്നത് നരേന്ദ്ര മോദിക്ക് ഒപ്പമാണ്. കരൺ അദാനിയുമായുള്ള ബന്ധമാണ് ഇതിന് പിന്നിലെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നത്. തരൂരിന്റെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ബി ജെ പി സ്വീകരിക്കുന്ന തണുപ്പൻ നീക്കം അദാനി കുടുംബത്തിന്റെ ഇടപെടൽ വഴി സംഭവിച്ചതെന്നാണ് കോൺഗ്രസ് കരുതുന്നത്. വിമാനത്താവള വിഷയത്തിൽ സംസ്ഥാന കോൺഗ്രസ് തൂരിനെ തള്ളിയിരുന്നു.നരേന്ദ്ര മോദിയുമായി തരൂരിന് നല്ല ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നു. കരൺ അദാനി തിരുവനന്തപുരത്ത്എത്തുമ്പോൾ തരൂരിൻ്റെ അതിഥിയാകുന്നതു പതിവാണ്.
ജയശങ്കർ വന്നാൽ കോൺഗ്രസ് വോട്ടുകൾ ബിജെപിയിലെത്തുമെന്ന് ദേശീയ നേതൃത്വം കൗതുന്നു. നേമം റയിൽവേ ടെർമിനൽ ഉൾപ്പെടെയുള്ള വാഗ്ദാനം ബിജെപി മുന്നോട്ടുവയ്ക്കും. 2024 ലും മോദി അധികാരത്തിൽ എത്തുമെന്ന പ്രതീതിയുണ്ടെന്നിരിക്കെ തിരുവനന്തപുരത്ത് നിന്നും ജയ്ശങ്കറെ കരകയറ്റാം എന്നു തന്നെയാണ് ബിജെപിയുടെ പദ്ധതി. എന്നാൽ ഇക്കാര്യം ബിജെപി ഇതുവരെ പുറത്തു വിട്ടിട്ടില്ല. തൻ്റെ തിരുവനന്തപുരം സന്ദർശനത്തിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ടെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.
രാജ്യത്തിൻ്റെ പ്രാദേശികമായ പ്രത്യേകതകളെ മനസ്സിലാക്കുക എന്നതാണ് ഈ സന്ദര്‍ശനത്തിൻ്റെ ലക്ഷ്യമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ബിജെപി നേതാവ് എന്ന നിലയിൽ കൂടിയാണ് ഈ സന്ദര്‍ശനം. എൻ്റേയും മുഖ്യമന്ത്രിയുടേയും ലക്ഷ്യങ്ങൾ വ്യത്യസ്തമാകാം. എന്നാൽ രാഷ്ട്രീയത്തിന് മുകളിൽ ആരും വികസനത്തെ കാണരുത്. ആളുകൾ ഇതിൻ്റെ പേരിൽ അരക്ഷിതരാകരുത്. വികസനം എന്ന് ഞങ്ങൾ വിളിക്കുന്നതിനെ അവർക്ക് രാഷ്ട്രീയം എന്ന് വിളിക്കാം
സ്വർണക്കടത്ത് കേസ് കോടതിയിൽ ഉള്ള വിഷയമായതിനാൽ അതിൽ മറ്റു കാര്യങ്ങളൊന്നും പറയാനാവില്ല. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്. നടപടികൾ ഉണ്ടാകേണ്ട സമയത്ത് അതുണ്ടാകും. സ്വര്‍ണക്കടത്തിൽ വൈകാതെ സത്യം പുറത്ത് വരും. അന്വേഷണ ഏജൻസികളിൽ വിശ്വസിക്കുന്നു. ശ്രീലങ്കൻ വിഷയത്തിൽ അവിടുത്തെ ജനങ്ങൾക്കുള്ള പിന്തുണ ഇന്ത്യ തുടരും. അവിടുത്തെ സംഭവവികാസങ്ങൾ വിദേശകാര്യമന്ത്രാലയം വിലയിരുത്തുകയാണ്. സാമ്പത്തിക വിഷയങ്ങൾ മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നത്. പാശ്ചാത്യ, ഗൾഫ് രാജ്യങ്ങൾക്ക് മോദി സർക്കാരുമായി നല്ല ബന്ധമാണുള്ളത്. അവർക്ക് ഇന്ത്യൻ സർക്കാരിൽ വിശ്വാസം ഉണ്ട്.
ഫെഡറൽ വ്യവസ്ഥയോടുള്ള മുഖ്യമന്ത്രിയുടെ നിഷേധാത്മക നിലപാടാണ് കേന്ദ്ര വിദേശകാര്യ വകുപ്പ്മന്ത്രി എസ്.ജയ്ശങ്കറിനെതിരായ പരാമർശത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.. വിദേശകാര്യമന്ത്രിയുടെ സാന്നിധ്യം പോലും മുഖ്യമന്ത്രിയെ അസ്വസ്ഥമാക്കുകയാണ്.
കേന്ദ്രമന്ത്രി സംസ്ഥാന സർക്കാരിന്‍റെ അധികാരമല്ല മറിച്ച് സംസ്ഥാന സർക്കാർ വിദേശകാര്യ വകുപ്പിന്‍റെ അധികാരപരിധിയാണ് കയ്യേറുന്നത്. വിദേശ രാജ്യത്തിന്‍റെ കോൺസുലേറ്റുമായി ബന്ധപ്പെടാൻ സംസ്ഥാന സർക്കാരിന് എന്ത് അധികാരമാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രോട്ടോകോൾ ലംഘനം നടത്തിയത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മന്ത്രിമാരുമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
വിദേശകാര്യ മന്ത്രിയുടെ കൈയിലാണ് മുഖ്യമന്ത്രിയുടെ ഭാവി. വിദേശ കറൻസി കടത്തിലും മറ്റും ആരോപണ വിധേയനായ മുഖ്യമന്ത്രിക്ക് വിദേശകാര്യ മന്ത്രിയുടെ സന്ദർശനം അസ്വസ്ഥതതയുണ്ടാക്കുന്നത് സ്വാഭാവികമാണ്. ഇത് ബിജെപി സർക്കാർ പ്രതീക്ഷിക്കുന്ന കാര്യമാണ്. അതു കൊണ്ടു തന്നെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രിയെ തിരുവനന്തപുരത്തേക്കിറക്കിതും. വിദേശകാര്യ മന്ത്രിയുടെ തിരുവനന്തപുരം ദിനങ്ങൾ മുഖ്യമന്ത്രിയെ തീർത്തും ആകുലപ്പെടുത്തുന്നുണ്ട്.
കേന്ദ്രസർക്കാർ പദ്ധതിയായ കഴക്കൂട്ടം ബൈപ്പാസ് നിർമ്മാണം കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ്.ജയശങ്കർ സന്ദർശിച്ചതിൽ മുഖ്യമന്ത്രി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ഭയം കൊണ്ടാണ്. പല കേന്ദ്ര പദ്ധതികളും വഴിമാറ്റി ചെലവഴിക്കുന്നത് കേന്ദ്രമന്ത്രി കണ്ടുപിടിക്കുമെന്ന് മനസിലായതു കൊണ്ടാണ് പിണറായി വിജയൻ ഈ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്. കേന്ദ്രസർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കാനുള്ള അവകാശം കേന്ദ്രമന്ത്രിമാർക്കുണ്ട്.
മുഖ്യമന്ത്രിയുടെ മരുമകനായ പൊതുമരാമത്ത് മന്ത്രി കേന്ദ്ര സർക്കാരിൻെറ പല റോഡ് പദ്ധതികളും സ്വന്തം പദ്ധതികളാക്കി മാറ്റാൻ ശ്രമം നടത്തിയിരുന്നു.ഇതിനെ തുടർന്നാണ് തിരുവനന്തപുരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ബി ജെ പി കേന്ദ്ര ഗതാഗത പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്.
ജനങ്ങളിലേക്ക് ഇറങ്ങി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നവരാണ് മോദി സർക്കാരിലെ മന്ത്രിമാർ. ആയിരക്കണക്കിന് പൊലീസിന്റെ നടുവിൽ ജനങ്ങളെ ബന്ദികളാക്കി ഏകാധിപതിയായി നാട് ഭരിക്കുന്ന പിണറായിയല്ല ഇന്നത്തെ കേന്ദ്ര മന്ത്രിമാർ. ലോകകാര്യങ്ങൾ നോക്കുന്ന തിരക്കുള്ള മന്ത്രി, കഴക്കൂട്ടത്തെ പാലം പണി നോക്കുന്നതിന് പിന്നിലെ ചേതോവികാരം അറിയാമല്ലോയെന്നാണ് പിണറായി വിജയൻ ചോദിച്ചത്.
സംസ്ഥാന പെൻഷനേഴ്സ് യൂണിയൻ രജത ജൂബിലി സമ്മേളന ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറെ വിമർശിച്ചത്. കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്‍റെ സന്ദർശനം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന പരോക്ഷ വിമർശനവും മുഖ്യമന്ത്രി നടത്തി.
https://www.facebook.com/Malayalivartha



























