സുധീരന്റെ വാര്‍ഡിലും യു.ഡി.എഫിന് സൗഹൃദമത്സരം

കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്റെ വാര്‍ഡിലും യു.ഡി.എഫിനു സൗഹൃദമത്സരം. തിരുവനന്തപുരം നഗരസഭയിലെ പട്ടം വാര്‍ഡിലാണ് യു.ഡി.എഫ്. ഘടകകക്ഷികളായ കേരള കോണ്‍ഗ്രസും (എം) കോണ്‍ഗ്രസും ഏറ്റുമുട്ടുന്നത്. സീറ്റ് വിഭജന സമയത്ത് കേരള കോണ്‍ഗ്രസി(എം)ന് അനുവദിച്ച സീറ്റില്‍ പിന്നീട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തുകയായിരുന്നു.
സീറ്റ് വിഭജനത്തിന് കോണ്‍ഗ്രസ് രൂപീകരിച്ച എം.എം. ഹസന്‍, കെ. മുരളീധരന്‍, തമ്പാനൂര്‍ രവി, പാലോട് രവി, വി.എസ്. ശിവകുമാര്‍, ഡി.സി.സി. പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള എന്നിവരടങ്ങുന്ന ഉപസമിതിയാണ് പട്ടം വാര്‍ഡ് യു.ഡി.എഫിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസി(എം)ന് അനുവദിച്ചത്.
തീരദേശവാര്‍ഡുകളിലൊന്ന് ആവശ്യപ്പെട്ട അവരെ നിര്‍ബന്ധിച്ചാണ് പട്ടം വാര്‍ഡ് ഏല്‍പ്പിച്ചത്. ഇക്കുറി പട്ടികജാതി വനിതാസംവരണ വാര്‍ഡായതുകൊണ്ടാണ് അത് മാണി ഗ്രൂപ്പിന് നല്‍കിയതെന്നാണ് ഉപസമിതിയുടെ വിശദീകരണം. എന്നാല്‍, കഴിഞ്ഞ തവണ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച വാര്‍ഡ് മാണി ഗ്രൂപ്പിന് നല്‍കിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകോപിതരായി. തുടര്‍ന്ന് അവര്‍ സുധീരന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു.
അതോടെ തന്റെ വാര്‍ഡില്‍ കോണ്‍ഗ്രസ് മത്സരിക്കണമെന്ന നിലപാടില്‍ സുധീരനെത്തി. കോണ്‍ഗ്രസുകാരിയായ രാജലക്ഷ്മിയെ അദ്ദേഹംതന്നെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുകയും ചെയ്തു. അവര്‍ക്ക് കൈപ്പത്തി ചിഹ്‌നവും അനുവദിച്ചു. മാണി ഗ്രൂപ്പിന് മറ്റേതെങ്കിലും സീറ്റ് നല്‍കാന്‍ സുധീരന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ അതിനുള്ള സമയമുണ്ടായിരുന്നില്ല. തങ്ങള്‍ക്ക് അനുവദിച്ച സീറ്റില്‍ കോണ്‍ഗ്രസ് ഔദ്യോഗികസ്ഥാനാര്‍ഥിയെ നിര്‍ത്തിയതില്‍ മാണിഗ്രൂപ്പ് പ്രകോപിതരാകുകയും മന്ത്രി കെ.എം. മാണി കെ.പി.സി.സി. പ്രസിഡന്റിനെ പ്രതിഷേധം നേരിട്ടറിയിക്കുകയും ചെയ്തു. പട്ടം സീറ്റ് തട്ടിയെടുത്താല്‍ നഗരസഭയില്‍ എല്ലായിടത്തും സ്വതന്ത്രമായി മത്സരിക്കുമെന്നു മുന്നറിയിപ്പും നല്‍കി.
എന്നിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചില്ല. തങ്ങള്‍ക്ക് അനുവദിച്ച വാര്‍ഡ് എന്ന നിലയില്‍ സാവിത്രി ഗംഗാധരനെ മാണിഗ്രൂപ്പ് സ്ഥാനാര്‍ഥിയായി നിശ്ചയിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha