അങ്കമാലിയില്‍ പിടിയിലായ മാവോയിസ്റ്റ് നേതാവ് ജാര്‍ഖണ്ഡില്‍ 11 പൊലീസുകാരെ കൊന്ന പിടികിട്ടാപ്പുള്ളി

ജാര്‍ഖണ്ഡില്‍ നാലു വര്‍ഷം മുന്‍പു കുഴിബോംബ് സ്‌ഫോടനത്തില്‍ 11 പൊലീസുകാരെ കൊലപ്പെടുത്തി ആയുധങ്ങള്‍ തട്ടിയെടുത്ത ശേഷം കേരളത്തിലേക്കു കടന്ന മാവോയിസ്റ്റ് നേതാവ് ജിതേന്ദര്‍ ഒറാം ആണ് അങ്കമാലിയില്‍ പിടിയിലായതെന്ന് പോലീസ്. ജാര്‍ഖണ്ഡിലെ ഗാരു പൊലീസ് സ്‌റ്റേഷനിലെ കേസില്‍ പിടികിട്ടാപ്പുള്ളിയായ ഇയാള്‍ അവിടെ മാവോയിസ്റ്റ് സംഘടനയുടെ സംസ്ഥാന ഗ്രൂപ്പ് കമാന്‍ഡര്‍ ആയിരുന്നു.
അങ്കമാലിയില്‍ ഈ മാസം ഒന്‍പതിന് അറസ്റ്റിലായ ജിതേന്ദറിനെ കസ്റ്റഡിയില്‍ വാങ്ങി റൂറല്‍ എസ്പി ജി.എച്ച്. യതീഷ് ചന്ദ്ര, ഡിവൈഎസ്പി പി.പി. ഷംസ് എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ജാര്‍ഖണ്ഡില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ജാര്‍ഖണ്ഡ് പൊലീസും ആലുവയില്‍ എത്തിയിട്ടുണ്ട്.
ജിതേന്ദറിന്റെ ഗ്രാമമായ സര്‍ജുവില്‍ 2002-ല്‍ ജഗദീഷ് എന്ന യുവാവ് കൊല്ലപ്പെട്ടതോടു കൂടിയാണ് ഇയാള്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ സജീവമായത്. തുടര്‍ന്ന് ഉള്‍ക്കാടുകളില്‍ താമസിച്ച് ആയുധ പരിശീലനം നേടി. എകെ 47, 303 റൈഫിള്‍, എസ്എല്‍ആര്‍, ഇരട്ടക്കുഴല്‍ തോക്കുകള്‍ എന്നിവ അനായാസം ഉപയോഗിക്കാനുള്ള പ്രാവീണ്യം നേടി. ഈ കഴിവും ഏറ്റെടുക്കുന്ന ദൗത്യങ്ങള്‍ വിജയിപ്പിക്കാനുള്ള സാമര്‍ഥ്യവും കാരണം പരിശീലനം കഴിഞ്ഞയുടന്‍ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ പ്രാദേശിക ഒളിപ്പോര്‍ സ്‌ക്വാഡിന്റെ ഗ്രൂപ്പ് കമാന്‍ഡറായി നിയോഗിക്കപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മാവോയിസ്റ്റ് ഗ്രൂപ്പ് ലീഡര്‍മാരുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്നതു ജിതേന്ദറാണ്.
2005-ല്‍ സര്‍ജു ഗ്രാമത്തിലെ സിആര്‍പിഎഫ് ക്യാംപിനു നേരെ ബോംബെറിഞ്ഞും വെടിയുതിര്‍ത്തും ജവാന്മാരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ഗുരുതരമായി പരുക്കേല്‍പിക്കുകയും ചെയ്ത കേസിലാണ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഒളിപ്പോര്‍ സ്‌ക്വാഡിന്റെയും സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെയും ജാര്‍ഖണ്ഡിലെ മുന്‍നിര നേതാക്കളായ ബഡാ വികാസ് പ്രഭാത്, ഭരത്, സുജിത്, സുദര്‍ശന്‍ എന്നിവരാണ് ജിതേന്ദറിന്റെ അക്കാലത്തെ സഹപ്രവര്‍ത്തകര്‍. 2008-ല്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനം വിജയിപ്പിക്കാന്‍ ശ്രമിച്ച സംഘത്തിന്റെ തലവനും ജിതേന്ദറായിരുന്നു.
പോളിങ് ബൂത്തുകളുടെയും വോട്ടര്‍മാരുടെയും സുരക്ഷയ്ക്കായി നിയോഗിച്ച സിആര്‍പിഎഫ് ഭടന്മാരെ ചോപ്പട്ട് നദിയില്‍ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. മഖന്‍പൂര്‍ വനത്തില്‍ 2010-ല്‍ പൊലീസുമായി നടന്ന ഏറ്റുമുട്ടലിനു നേതൃത്വം നല്‍കി. 2011-ല്‍ ലാവര്‍ പൊലീസ് പിക്കറ്റ് പോസ്റ്റില്‍ കുഴിബോംബ് പൊട്ടിച്ചു 11 പൊലീസുകാരെ കൊലപ്പെടുത്തി ആയുധങ്ങള്‍ കവര്‍ന്നതു ജിതേന്ദറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഈ സംഭവത്തിനു ശേഷം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയപ്പോള്‍ ജാര്‍ഖണ്ഡില്‍ നിന്നു കേരളത്തിലേക്കു കടന്നു. ആദ്യം വൈത്തിരിയിലും പിന്നീട് അങ്കമാലിയിലും ജോലി ചെയ്തു.
ജാര്‍ഖണ്ഡിലെ മാവോയിസ്റ്റ് നേതാക്കളുമായി അപ്പോഴും നിരന്തര ബന്ധം പുലര്‍ത്തി. അവരുടെ നിര്‍ദേശപ്രകാരമാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് അങ്കമാലിയില്‍ നിന്നു വന്‍തോതില്‍ സിം കാര്‍ഡുകള്‍ ശേഖരിച്ചത്. അങ്കമാലി സിഐ വിശ്വനാഥന്‍, എസ്‌ഐമാരായ എ. അനൂപ്, എന്‍.എ. രാജന്‍, എസ്‌ഐ സുകേശന്‍, സീനിയര്‍ സിപിഒമാരായ അരുണ്‍, അനില്‍കുമാര്‍, നിജു എന്നിവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha