എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസ് .... നാലാം പ്രതി പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി.നവ്യക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു, തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്

പാളയം എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസില്‍ നാലാം പ്രതി നവ്യക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
തൊണ്ടിമുതലുകള്‍ കണ്ടു കിട്ടിയതിനാല്‍ തെളിവു ശേഖരണത്തിന് പ്രതിയെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യേണ്ടതില്ലെന്ന് നിരീക്ഷിച്ചാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റു ചെയ്യുന്ന പക്ഷം ഉടന്‍ തന്നെ ഇരുപത്തയ്യായിരം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടില്‍ പ്രതിയെ വിട്ടയക്കണം. സാക്ഷികളെയോ കേസിന്റെ വസ്തുത അറിയാവുന്നവരേയോ പ്രതി സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. തെളിവു നശിപ്പിക്കരുത്.
അന്വേഷണവുമായി സഹകരിക്കണം. ജാമ്യക്കാലയളവില്‍ മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്. അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖാമൂലം ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. എന്നീ വ്യവസ്ഥയിലാണ് ജഡ്ജി പ്രസുന്‍ മോഹന്‍ ജാമ്യം നല്‍കിയത്.
കേസില്‍ ഒന്നാം പ്രതി ജിതിന് ഡിയോ സ്‌കൂട്ടര്‍ എത്തിച്ചു നല്‍കിയെന്നാരോപിച്ച് ക്രൈം ബ്രാഞ്ചു സമര്‍പ്പിച്ച അഡീ. റിപ്പോര്‍ട്ടിലെ നാലാം പ്രതി പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി. നവ്യക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കോടതി നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ച് കേസ് ഡയറി ഫയല്‍ ഹാജരാക്കി.
നിരപരാധിയെന്നും കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ജാമ്യഹര്‍ജിയില്‍ നവ്യ ബോധിപ്പിച്ചു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. പ്രതിക്ക് ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
https://www.facebook.com/Malayalivartha























