പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും.... യുവമോര്‍ച്ച സംഘടിപ്പിക്കുന്ന റോഡ് ഷോയിലും യുവം പരിപാടിയിലും പങ്കെടുക്കും, ക്രൈസ്തവ സഭാധ്യക്ഷന്‍മാരുമായുള്ള കൂടിക്കാഴ്ചയുമുണ്ടാകും, നഗരത്തിലെങ്ങും കനത്ത സുരക്ഷ

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. വൈകുന്നേരം കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി യുവമോര്‍ച്ച സംഘടിപ്പിക്കുന്ന റോഡ് ഷോയിലും യുവം പരിപാടിയിലും പങ്കെടുക്കും. ക്രൈസ്തവ സഭാധ്യക്ഷന്‍മാരുമായുള്ള കൂടിക്കാഴ്ചയുമുണ്ടാകും. കൊച്ചി നഗരത്തിലെങ്ങും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
വൈകുന്നേരം അഞ്ചിനാണ് പ്രധാനമന്ത്രി കൊച്ചി നാവികവിമാനത്താവളത്തില്‍ ഇറങ്ങുക. തുടര്‍ന്ന് സുരക്ഷ അകമ്പടിയോടെ വെണ്ടുരുത്തി പാലത്തിലെത്തുകയും അവിടെ നിന്നാണ് 1.8 കിലോ മീറ്റര്‍ ദൂരത്തില്‍ റോഡ് ഷോ തുടങ്ങുന്നത്.
റോഡിനിരുവശവും ബാരിക്കേഡ് കെട്ടി ആളുകളും നിയന്ത്രിക്കുകയും ചെയ്യും. പതിനയ്യായിരം പേരെങ്കിലും റോഡ് ഷോ കാണാനായി എത്തുമെന്നാണ് പ്രതീക്ഷ. തേവര എസ് എച്ച് കോളജില്‍ എത്തുന്ന പ്രധാനമന്ത്രി യുവം പരിപാടി ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് വിവിധ തൊഴില്‍ മേഖലകളിലെ യുവാക്കളുമായി മുഖാമുഖം. കേരളത്തിന്റെ വികസനത്തിന് യുവസമൂഹം എന്താഗ്രഹിക്കുന്നു എന്നതാണ് വിഷയം. ഇതിന് ശേഷം വൈകിട്ട് 7 മണിക്കാണ് കര്‍ദിനാള്‍മാരടക്കം ക്രൈസ്തവ മേലധ്യക്ഷന്‍മാരുമായുളള കൂടിക്കാഴ്ചയുണ്ടാകുക.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് 2600 പൊലീസുകാരെയാണ് സുരക്ഷയുടെ ഭാഗമായി നഗരത്തിലെങ്ങും വിന്യസിച്ചിരിക്കുന്നത്. രാവിലെ മുതല്‍ നഗരത്തില്‍, പ്രത്യേകിച്ച് തേവര ഭാഗത്ത് ഗതാഗത ക്രമീകരണവുമുണ്ട്.
നാളെ രാവിലെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെയെത്തി വന്ദേഭാരത് ട്രെയിനും കൊച്ചി വാട്ടര്‍ മെട്രോയും അടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha






















