അനന്തപുരിയുടെ സ്വന്തം കൊമ്പൻ ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു... ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു

കേരളത്തിലെ ആനപ്രേമികൾക്കും വിശ്വാസികൾക്കും ഒക്കെ വലിയ വേദനയായി അനന്തപുരിയുടെ സ്വന്തം കൊമ്പൻ ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ആന ശിവകുമാറിന്റെ അന്ത്യം ഇന്ന് രാവിലെയായിരുന്നു. 70 വയസ് പ്രായമുണ്ടായിരുന്നു. ഏറെ നാളായി ആനക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് ക്ഷേത്രത്തിൽ ഭാരവാഹികൾ പറയുന്നത്.
ഒരുപാട് നാളുകളായി ശിവകുമാറിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. വലിയശാല മഹാദേവർ ക്ഷേത്രത്തിൽ ആനയെ ചങ്ങലയ്‌ക്ക് ഇട്ടിരിക്കുകയായിരുന്നു എന്ന് വാർത്തകളുണ്ടായിരുന്നു. ശരീരത്തിലെ മുറിവുകളെ തുടർന്ന് ചികിത്സയിലായിരുന്നു ശിവകുമാർ. രണ്ട് മാസം മുമ്പ് ആന കിടന്ന സ്ഥലത്ത് നിന്നു എഴുന്നേൽക്കാൻ കഴിയാതെ വീണു പോയിരുന്നു. അന്ന് ക്രെയിൻ ഉപയോഗിച്ചാണ് ആനയെ ഉയർത്തിയത്.
അതിന് ശേഷം ആന ചികിത്സയിലായിരുന്നു. ശിവകുമാറിന്റെ നടുവിന് മുകളിലായി ഒരു മുഴ ഉണ്ടാകുകയും ആ മുറിവ് വ്രണം ആകുകയും ചെയ്തതോടെയാണ് ആനയുടെ അവസ്ഥ ഗുരുതരമായത്. നാട്ടുകാരും ഭക്തരും ചേർന്നായിരുന്നു ശിവകുമാറിന് വിദഗ്ധ ചികിത്സ നൽകിയത്. ച്യവനപ്രാവശ്യവും, പുല്ലും, അവിലും വേണ്ട മരുന്നും നൽകി മറ്റു സജ്ജീകരണങ്ങളും നടത്തിയിരുന്നത് ഭക്തരായിരുന്നു.
46 വർഷം മുൻപാണ് ശിവകുമാർ എന്ന ആനയെ നടക്കിരുത്തിയത്. പിന്നീട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആനയായി മാറുകയായിരുന്നു. തിരുവനന്തപുരത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും എഴുന്നള്ളിപ്പിൽ ആന ഭാഗമായി മാറിയിരുന്നു. ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെയും പത്മനാഭസ്വാമി ക്ഷേത്രത്തിലെ കൂടിയാറാട്ടിനും നവരാത്രി ഘോഷയാത്ര തുടങ്ങിയ തിരുവനന്തപുരത്തെ ഭൂരിഭാഗം ഉത്സവങ്ങൾക്കും ശിവകുമാർ തിടമ്പേറ്റിയിട്ടുണ്ട്. നവരാത്രി ഘോഷ യാത്രയിലടക്കം തലയെടുപ്പോടെ മുന്നിൽ നിന്ന ശ്രീകണ്ഠേശ്വരം ശിവകുമാർ ഉണ്ടായിരുന്നു. അനന്തപുരിയിലെ ആനപ്രേമികളുടെ അഭിമാനമായിരുന്നു ശ്രീകണ്ഠേശ്വരം ശിവകുമർ.
https://www.facebook.com/Malayalivartha



























