സമൂഹ നന്മയ്ക്കുതകുന്ന നൂതനാശയങ്ങൾ യുവതലമുറയിൽ നിന്ന് ഉണ്ടാവണം - മന്ത്രി എ കെ ശശീന്ദ്രൻ

സമൂഹ നന്മയ്ക്കുതകുന്ന രീതിയിലുള്ള നൂതനാശയങ്ങൾ യുവതലമുറയിൽ നിന്ന് ഉണ്ടാവണമെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കേരള ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ ഡിസ്ക്) യങ് ഇന്നൊവേഷൻ പരിപാടിയായ ഐഡിയ ഫെസ്റ്റ് -2023 ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമാക്കി വികസിപ്പിച്ചെടുക്കുക എന്നത് കാലം ആവശ്യപ്പെടുന്ന ദൗത്യമാണ്. ആ ദൗത്യം ധൈര്യപൂർവ്വം ഏറ്റെടുത്താണ് കേരള സർക്കാർ കെ ഡിസ്കിന് രൂപം നൽകിയത് എന്നും അദ്ദേഹം പറഞ്ഞു.
ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജ് വൈ ഐ പി ക്ലബ്ബുമായി ചേർന്നാണ് എലത്തൂർ നിയോജക മണ്ഡലതല പരിപാടി സംഘടിപ്പിച്ചത്. യുവജനങ്ങളിൽ നൂതനാശയ വികസന പാടവം പ്രോത്സാഹിപ്പിക്കുകയാണ് യങ് ഇന്നൊവേഷൻ പരിപാടിയിലൂടെ കെ ഡിസ്ക് ലക്ഷ്യമിടുന്നത്.
ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷീർ അധ്യക്ഷത വഹിച്ചു. കെ ഡിസ്ക് ജില്ലാ ഓഫീസർ അനുമരിയ സി.ജെ ആശയ അവതരണം നടത്തി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കവിത പി കെ, അധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സി ആർ സന്തോഷ് സ്വാഗതവും വൈ ഐ പി കോഡിനേറ്റർ ധന്യ കൃഷ്ണ നന്ദിയും പറഞ്ഞു.
https://www.facebook.com/Malayalivartha



























