വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 13 ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 13 ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ടയാളാണ് യുവതിയില്‍ നിന്ന് വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുത്തത്. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി മുഹമ്മദ് നംഷീറിനെയാണ് (32) കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യുവതിയെ ദുബൈയില്‍ എന്‍ജിനീയറാണെന്ന് വിശ്വസിപ്പിച്ചായിരുന്നു പ്രതി തട്ടിപ്പ് നടത്തിയത്. വിദേശ മൊബൈല്‍ നമ്പറില്‍ നിന്ന് വാട്‌സ് ആപ്പില്‍ ബന്ധപ്പെട്ട് ചില കേസില്‍പെട്ടെന്നും അതൊഴിവാക്കാന്‍ പണം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പല തവണയായി യുവതി 13 ലക്ഷം രൂപ ഇയാള്‍ക്ക് കൈമാറി.
രണ്ടാം വിവാഹത്തിന് മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന യുവതികളെ പ്രതി നേരത്തെയും കബളിപ്പിച്ചെന്നും ഇത്തരത്തിലുള്ള രണ്ടുപേരെ വിവാഹം കഴിച്ചെന്നും പൊലീസ് പറഞ്ഞു. പരിചയപ്പെടുന്ന യുവതികളുടെ വീഡിയോ വാട്‌സ് ആപ് വഴി ശേഖരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്രതിയില്‍നിന്ന് കുറ്റകൃത്യത്തിനുപയോഗിച്ച മൊബൈല്‍ ഫോണും മറ്റും പിടിച്ചെടുത്തു.സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടര്‍ ദിനേശ് കോറോത്തും സംഘവും പരാതിക്കടിസ്ഥാനമായ മാട്രിമോണിയല്‍ സൈറ്റില്‍നിന്നുള്ള വിവരങ്ങളും ഫോണ്‍ കോളുകളും സമൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. വിദേശത്തുനിന്ന് തിരിച്ചെത്തി ബംഗളൂരുവില്‍ വ്യാജ വിലാസത്തില്‍ താമസിക്കുമ്‌ബോഴാണ് അറസ്റ്റ്. എ.എസ്.ഐ ജിതേഷ് കൊള്ളങ്ങോട്ട്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാജേഷ് ചാലിക്കര, കെ.ആര്‍. ഫെബിന്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha



























