ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ റിപ്പോര്‍ട്ട് തേടുമെന്ന ഗവര്‍ണര്‍..ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കണമെന്നും ഗവര്‍ണര്‍..ഇത്തരമൊരു ക്രൂരത ചെയ്യാന്‍ ആര്‍ക്കും ധൈര്യമുണ്ടാകാത്ത വിധത്തില്‍ സര്‍ക്കാര്‍ കര്‍ശനനടപടികള്‍ സ്വീകരിക്കണം

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം അതീവദൗര്‍ഭാഗ്യകരമാണെന്നും സംഭവത്തിന്റെ റിപ്പോര്‍ട്ട് തേടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മേലില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
വളരെയധികം ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. വളരെയധികം ദുഃഖവും ലജ്ജയും തോന്നുന്നു. മണിപ്പുര്‍ സംഭവത്തേക്കുറിച്ചു പറഞ്ഞതുപോലെതന്നെ, ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ഇനി ഇത്തരമൊരു ക്രൂരത ചെയ്യാന്‍ ആര്‍ക്കും ധൈര്യമുണ്ടാകാത്ത വിധത്തില്‍ സര്‍ക്കാര്‍ കര്‍ശനനടപടികള്‍ സ്വീകരിക്കണം. തീര്‍ച്ചയായും സംഭവത്തേക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെടും, ഗവര്‍ണര്‍ വ്യക്തമാക്കി.
അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച രാവിലെ ആലുവ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് പ്രതിയെ പോലീസ് ഹാജരാക്കിയത്. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയശേഷം പ്രതിയെ ആലുവ സബ് ജയിലിലേക്ക് മാറ്റി. പ്രതിയെ ഏഴുദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി പുഴയോരത്തു തള്ളിയതു പ്രതി അസഫാക് ആലം ഒറ്റയ്ക്കെന്ന നിഗമനത്തിൽ പൊലീസ്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടാകാമെന്ന സംശയത്തിൽ പലരെയും ചോദ്യം ചെയ്തെങ്കിലും സൂചനകൾ ലഭിച്ചിട്ടില്ല. ഒറ്റയ്ക്കാണു കൊല നടത്തിയതെന്നാണു പ്രതി പൊലീസിനു മൊഴി നൽകിയതും.
കുഞ്ഞിന്റെ കുടുംബം താമസിക്കുന്ന തായിക്കാട്ടുകരയിലെ കെട്ടിടത്തിൽ പ്രതി എത്തിയതു സംഭവത്തിനു 2 ദിവസം മുൻപാണെങ്കിലും ആലുവയിൽ വന്നിട്ട് 7 മാസമായി. കേരളത്തിൽ വന്നിട്ട് 3 കൊല്ലമായെന്നാണു വിവരം. ഇയാൾ എവിടെയൊക്കെ താമസിച്ചിരുന്നുവെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരുന്നുണ്ട്. മലയാളം അത്യാവശ്യം സംസാരിക്കും. നിർമാണത്തൊഴിലാളിയാണെന്നു പറയുന്നുണ്ടെങ്കിലും പണിക്കു പോകുന്നതായി ആർക്കും അറിയില്ല. മോഷ്ടിക്കുന്ന പണം കൊണ്ടു മദ്യപികുകയാണു രീതി. കടകളിലും മറ്റും ജോലി ചെയ്യുന്ന ബിഹാർ സ്വദേശികളുമായി ചങ്ങാത്തമായ ശേഷം അവരുടെ താമസസ്ഥലത്തെത്തി അവിടെ സൂക്ഷിച്ചിട്ടുള്ള പണം മോഷ്ടിക്കുകയാണു പതിവ്.
മാർക്കറ്റ് പ്രതിക്കു സുപരിചിതം
ആലുവ മാർക്കറ്റിലും മറ്റും പ്രതി പതിവായി എത്താറുണ്ടായിരുന്നു. കൊല നടത്തിയ സ്ഥലം പ്രതിക്കു സുപരിചിതമാണ്. അധികമാരുടെയും ശ്രദ്ധ പതിയാത്ത ഇവിടം കുറ്റകൃത്യത്തിനു തിരഞ്ഞെടുത്തതു ബോധപൂർവമാണെന്നു കരുതുന്നു. സാമൂഹികവിരുദ്ധർ ഇവിടെ സ്ഥിരമായി മദ്യപിക്കാൻ എത്താറുണ്ട്. ഇതിനടുത്തുള്ള പഴയ പാലത്തിലൂടെ ആളുകൾ സഞ്ചരിക്കാറുണ്ടെങ്കിലും പുഴയോരത്തേക്കു ശ്രദ്ധ പതിയില്ല. കുറച്ചുനാൾ മുൻപ് ഈ പാലത്തിനു താഴെ ഒരാൾ ജീവനൊടുക്കിയിരുന്നു. ദുർഗന്ധമൊന്നും ആരും അറിഞ്ഞില്ല. മാസങ്ങൾക്കു ശേഷം ഉണങ്ങി അസ്ഥിപഞ്ജരമായ ശേഷമാണു മൃതദേഹം കണ്ടെത്തിയത്.
ദൃക്സാക്ഷികളെ തേടി പൊലീസ്
ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കൊലപാതകത്തിൽ കൂടുതൽ സാക്ഷികളെ കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. കുഞ്ഞിനെയും പ്രതി അസഫാക് ആലമിനെയും ഒരുമിച്ചു കണ്ട സാക്ഷികളെ കണ്ടെത്താനാണു ശ്രമം. പ്രതിയും കുട്ടിയും ഒരുമിച്ചുള്ളതും പ്രതി മാത്രമുള്ളതുമായ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ആലുവ മാർക്കറ്റിലുൾപ്പെടെ പ്രതിയെയും കുട്ടിയെയും ഒരുമിച്ച കണ്ട സാക്ഷികളുണ്ട്. കൂടുതൽ സാക്ഷികളെ ലഭിച്ചാൽ തിരിച്ചറിയൽ പരേഡ് നടത്തിയേക്കും. കൊലപാതകത്തിൽ ആരുടെയെങ്കിലും സഹായം പ്രതിക്കു ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്നു ഡിഐജി എ. ശ്രീനിവാസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത് അസഫാക്കിനെ കൂടുതൽ ചോദ്യം ചെയ്യും. ബിഹാർ പൊലീസിനെ ബന്ധപ്പെട്ടു ക്രിമിനൽ പശ്ചാത്തലം ഉൾപ്പെടെയുള്ള കാര്യങ്ങളുടെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്.
കൊലപാതക സമയത്ത് പ്രതി മദ്യപിച്ചിരുന്നില്ല
ആലുവയിൽ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തുമ്പോൾ പ്രതി മദ്യപിച്ചിരുന്നില്ല. പീഡനശ്രമത്തിനിടെയാണു കുട്ടി കൊല്ലപ്പെട്ടത്. നിലവിളിച്ചപ്പോൾ വായ മൂടിപ്പിടിച്ചതോടെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രം ഊരി കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചു മരണം ഉറപ്പാക്കിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
https://www.facebook.com/Malayalivartha
























