തിരുവഞ്ചൂരിന് ബെസ്റ്റ് മിനിസ്റ്റര്‍ പട്ടം നേടിക്കൊടുത്ത ടിപി വധക്കേസ് ഇപ്പോള്‍ തിരിഞ്ഞുകുത്തുന്നു, പരാതിയുമായി യുഡിഎഫ് നേതാക്കള്‍ ഹൈക്കമാന്‍ഡിന്റെ മുന്നിലേക്ക്

തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ കേരളത്തിന്റെ ശക്തനായ ആഭ്യന്തരമന്ത്രിമാരില്‍ ഒരാളെന്ന് തെളിയിക്കുന്നതായിരുന്നു ടിപി വധകേസിന്റെ അന്വേഷണം. സിപിഎമ്മിന്റെ സാന്നിധ്യമുണ്ടെന്ന് പലരും വിശ്വസിക്കുന്ന ടിപി വധക്കേസ് തേഞ്ഞുമാഞ്ഞു പോകുമെന്നാണ് ആദ്യം മുതലേ പലരും വിശ്വസിച്ചത്. എന്നാല്‍ തിരുവഞ്ചൂരിന്റെ ശക്തമായ നിലപാടുമൂലം ടിപി വധക്കേസ് വളരെപ്പെട്ടെന്ന് അന്വേഷിക്കാനായി.
പരല്‍മീനുകളാണ് പിടിയിലായതെന്നും വമ്പന്‍ സ്രാവുകള്‍ മാളത്തിലുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇടയ്‌ക്കിടയ്‌ക്ക് കേരളത്തിലെത്തുമ്പോള്‍ പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴൊക്കെയും തിരുവഞ്ചൂരിനെ ജനങ്ങള്‍ വിശ്വസിച്ചു.
സിപിഎമ്മിന്റെ പ്രമുഖരുടെ തലകള്‍ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരുന്നു. പാര്‍ട്ടി ഇതുപോലൊരു പ്രതിസന്ധി നേരിട്ട മറ്റൊരു കാലമുണ്ടായില്ല. ഇതിനെല്ലാത്തിനും കാരണം തിരുവഞ്ചൂരിന്റെ ഉറച്ച നിലപാടുകളാണെന്ന് എല്ലാവരും വിശ്വസിച്ചു. അങ്ങനെ തിരുവഞ്ചൂര്‍ ഏറെ ജനപ്രിയനുമായി. ഏഷ്യാനെറ്റിന്റെ ബെസ്റ്റ് മിനിസ്റ്റര്‍ക്കുള്ള അവാര്‍ഡും തിരുവഞ്ചൂരിന്റെ കൈകളിലെത്തി.
എന്നാല്‍ ഇപ്പോള്‍ ബെസ്റ്റ് മിനിസ്റ്റര്‍ നേടിയ ടിപി വധക്കേസ് തിരുവഞ്ചൂരിനെ തിരിഞ്ഞ് കുത്തുകയാണ്. അന്വേഷണത്തില്‍ കാണിച്ച ആത്മാര്‍ത്ഥത പിന്നീടങ്ങോട്ട് നഷ്‌ടപ്പെട്ടുപോയി. കോടതിയിലെത്തിയപ്പോള്‍ കേസ് തീരെ ദുര്‍ബലമായി. സാക്ഷികളെല്ലാം മത്സരിച്ച് കൂറുമാറി.
ഇതിനിടയ്‌ക്കാണ് സോളാര്‍ വിവാദം മന്ത്രിമാരുടെ തലയ്‌ക്ക് പിടിച്ചത്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സോളാറില്‍ വെന്തുരുകാന്‍ വേണ്ടതൊക്കെ സിപിഎമ്മും ചെയ്‌തു. ഇതിനിടയില്‍ തിരുവഞ്ചൂരിനെതിരെ സ്വന്തം ഗ്രൂപ്പുകാരും തിരിഞ്ഞു. അപ്പോഴേക്കും ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇടതുമുന്നണിയുടെ ഉപരോധ സമരവുമെത്തി.
സമരം പെട്ടന്ന് തീര്‍ത്തതിന് പിന്നില്‍ ടിപി വധക്കേസില്‍ ആഭ്യന്തര വകുപ്പുമായി ധാരണയെത്തിയെന്നാണ് പൊതുവേയുള്ള സംസാരം. തിരുവഞ്ചൂരും പിണറായി വിജയനും ഫോണില്‍ സംസാരിച്ചിരുന്നു എന്ന് അവര്‍ തന്നെ വ്യക്തമാക്കിയതുമാണ്.
ഈ ഒരു സാഹചര്യം നിലനില്‍ക്കേയാണ് 20 പ്രതികളെ വെറുതേവിട്ടുകൊണ്ടുള്ള കോടതി വിധി വന്നത്.
ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് പ്രതികളെ വെറുതെ വിട്ടതെന്നാണ് പല യുഡിഎഫ് നേതാക്കളും കരുതുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ സിപിഎമ്മിന് ആഭ്യന്തര വകുപ്പ് പുതുജിവന്‍ നല്‍കിയെന്നാണ് പല നേതാക്കളും വിശ്വസിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫിലെ മുതിര്‍ന്ന പല നേതാക്കളും ഇക്കാര്യത്തിലുള്ള തങ്ങളുടെ അതൃപ്‌തി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ അറിയിച്ചു കഴിഞ്ഞു. ചെന്നിത്തലയാകട്ടെ ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കാനുള്ള പുറപ്പാടിലുമാണ്.
പുതിയ വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാന്‍ മലയാളി വാര്‍ത്തയുടെ ഫേസ്‌ബുക്കില്‍ Like ചെയ്യുക
https://www.facebook.com/Malayalivartha