മീന്‍ പിടിത്തത്തിനിടയില്‍ വള്ളത്തില്‍നിന്ന് കടലിലേയ്ക്കുവീണ മത്സ്യത്തൊഴിലാളിക്കായുള്ള അന്വേഷണത്തിന് തീരസംരക്ഷണ സേനയുടെ കപ്പല്‍ ആര്യമാന്‍ രംഗത്തിറങ്ങി

മീന്‍ പിടിത്തത്തിനിടയില്‍ വള്ളത്തില്‍നിന്ന് കടലിലേയ്ക്കുവീണ മത്സ്യത്തൊഴിലാളിക്കായുള്ള അന്വേഷണത്തിന് തീരസംരക്ഷണ സേനയുടെ കപ്പല്‍ ആര്യമാന്‍ രംഗത്തിറങ്ങി.
കൊച്ചിയില്‍നിന്ന് കഴിഞ്ഞ ദിവസം മുതല്‍ ഉള്‍ക്കടല്‍ മുഴുവനും തെരച്ചില്‍ നടത്തുന്ന ആര്യമാനും ഹെലികോപ്റ്ററിനും കടലിലേയ്ക്കു വീണ അഞ്ചുതെങ്ങ് മുരുക്കുവിളാകം വീട്ടില്‍ ഷിബു (35)വിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കോവളം ലൈറ്റ് ഹൗസിനും പടിഞ്ഞാറുമാറി പതിനഞ്ച് നോട്ടിക്കല്‍ ഉള്‍ക്കടലിലാണ് അപകടം സംഭവിച്ചത്.
തമിഴ്‌നാട് സ്വദേശി ഗില്‍ബര്‍ട്ടിന്റെ നോറാ എന്ന ബോട്ടില്‍ ഇരയിമ്മന്‍തുറ തേങ്ങാപ്പട്ടണം തുറമുഖത്തുനിന്ന് ഇക്കഴിഞ്ഞ 28-നാണ് ഷിബു ഉള്‍പ്പെട്ട പന്ത്രണ്ടംഗ സംഘം മീന്‍ പിടിക്കാന്‍ ഉള്‍ക്കടലിലേയ്ക്ക് പുറപ്പെട്ടത്. 29ന് രാവിലെ ഒന്‍പതരയോടെ ഭക്ഷണം കഴിച്ചശേഷം വെള്ളത്തിലേക്കുവീണ ഷിബുവിനെ രക്ഷിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നു മറൈന്‍ ആംബുലന്‍സിലും തെരച്ചില്‍ നടത്തിയെങ്കിലും ശക്തമായ കാറ്റും കടല്‍ക്ഷോഭവും തെരച്ചിലിനെ ബാധിച്ചു. തീരത്തുനിന്നും ഏതാണ്ട് മുപ്പത് കിലോമീറ്റര്‍ ഉള്ളിലെ അപകടസ്ഥലം വരെ എത്താനും ഇന്നലെ മറൈന്‍ ആംബുലന്‍സിനായില്ല. ഉള്‍ക്കടലില്‍ ആയതിനാല്‍ വിവരം തീരസംരക്ഷണ സേനയ്ക്ക് കൈമാറി.
കോസ്റ്റ് ഗാര്‍ഡിന്റെ കൊച്ചിയില്‍ നിന്നുളള ആര്യമാന്‍ എന്ന കപ്പലും ഹെലികോപ്റ്ററും തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും ഇന്നലെ വൈകുന്നേരം വരെ ഷിബുവിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
"
https://www.facebook.com/Malayalivartha























