സ്റ്റാര്‍ റേറ്റിംഗ് റിവ്യൂ ട്രേഡിംഗ് (വ്യാപാര അവലോകന) ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതിയില്‍ നിന്നും 12. 25 ലക്ഷം രൂപ തട്ടിയെടുത്ത സൈബര്‍ വഞ്ചന കേസ് ... ജാമ്യ ബോണ്ടിനൊപ്പം വഞ്ചിച്ചെടുത്ത പണം കെട്ടിവയ്ക്കാന്‍ കോടതി ഉത്തരവ്, തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് വഞ്ചനാ കേസില്‍ ഇരകള്‍ക്കാശ്വാസം നല്‍കുന്ന നാഴികക്കല്ലായ ജാമ്യ ഉത്തരവ് പ്രസ്താവിച്ചത്

ഹോട്ടല്‍ ബിസിനസിലേക്ക് സ്റ്റാര്‍ റേറ്റിംഗ് റിവ്യൂ ട്രേഡിംഗ് (വ്യാപാര അവലോകന) ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതിയില്‍ നിന്നും 12.25 (പന്ത്രണ്ടേകാല്‍) ലക്ഷം രൂപ തട്ടിയെടുത്ത സൈബര്‍ വഞ്ചന കേസില്‍ പ്രതിയുടെ ജാമ്യ ബോണ്ടിനൊപ്പം പ്രതി വഞ്ചിച്ചെടുത്ത പണം കെട്ടിവയ്ക്കാന്‍ കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് വഞ്ചനാ കേസില്‍ ഇരകള്‍ക്കാശ്വാസം നല്‍കുന്ന നാഴികക്കല്ലായ സുപ്രധാന ജാമ്യ ഉത്തരവ് പ്രസ്താവിച്ചത്. പ്രതി ജാമ്യമെടുത്ത ശേഷം ഒളിവില്‍ പോയാലും വഞ്ചിച്ചെടുത്ത തുക വാദിക്ക് ലഭ്യമാകുന്നതാണ് അഡീ. സിജെഎം എല്‍സാ കാതറിന്‍ ജോര്‍ജിന്റെ സുപ്രധാന ഉത്തരവിലൂടെ ഇരകള്‍ക്ക് ലഭിക്കുന്നത്.
ജയിലില്‍ കഴിയുന്ന മൂന്നാം പ്രതി കര്‍ണ്ണാടക ഹൊസൂര്‍ ബെലത്തൂര്‍ കൃഷ്ണഗിരി ടീച്ചേഴ്‌സ് കോളനിയില്‍ സുബ്രമണ്യരാജ് മകന്‍
ഭരത് സുബ്രഹ്മണ്യരാജിന് (32) കര്‍ശന ഉപാധിയോടെ ജാമ്യം അനുവദിച്ച വേളയിലാണ് നിര്‍ണ്ണായക ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.
മൂന്നാം പ്രതിയുടെ അക്കൗണ്ടിലേക്ക് വാദി അയച്ച 6.35 ലക്ഷം രൂപയില്‍ പ്രതി ദുര്‍വിനിയോഗം ചെയ്തത് കഴിച്ചുള്ള നിലവിലെ ബാക്കി തുകയായ 3.50 ലക്ഷം രൂപ പോലീസ് മരവിപ്പിച്ചിട്ടുണ്ട്. 2.5 ലക്ഷം രൂപ ക്യാഷ് സെക്യൂരിറ്റിയായി കെട്ടി വക്കാന്‍ കോടതി ഉത്തരവിട്ടു.
ഒരു ലക്ഷം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടിനും പുറമേയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് വക്കേണ്ടത്. മറ്റു ജാമ്യ വ്യവസ്ഥകള്‍ ഇപ്രകാരമാണ് : പരാതിക്കാരിയെയോ സാക്ഷി നേരിട്ടോ അല്ലാതെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ഉപദ്രവിക്കാനോ പാടില്ല. കേസിന്റെ വസ്തുത അറിയാവുന്ന ഏതൊരു വ്യക്തിയേയും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ പാടില്ല. ജയില്‍ മോചിതനാകും മുമ്പ് പ്രതിയുടെ പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം.
പാസ്‌പോര്‍ട്ട് ഇല്ലായെങ്കില്‍ വിവരത്തിന് സത്യവാങ്മൂലം സമര്‍പ്പിക്കണം. വിചാരണ പൂര്‍ത്തിയാകും വരെ ഏത് സമയത്താലും ജാമ്യക്കാലയളവിലുള്ള പ്രതിയുടെ വിലാസവും വിലാസ മാറ്റങ്ങളും ബന്ധപ്പെടേണ്ട വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥനെയോ കോടതിയേയോ രേഖാമൂലം അറിയിക്കണം. അന്വേഷണവുമായി സഹകരിക്കുകയും മൂന്നു മാസക്കാലത്തേക്കോ അല്ലാത്തപക്ഷം അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യും വരെയോ ഉള്ള എല്ല ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി ഒപ്പിടണം. ജാമ്യക്കാലയളവില്‍ മറ്റു യാതൊരു കുറ്റകൃത്യങ്ങളിലും ഉള്‍പ്പെടരുത്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കി.
വാദിയായ തലസ്ഥാനത്തെ യുവതിയെ ചതിക്കണമെന്നും അന്യായ നേട്ടം ഉണ്ടാക്കണമെന്നുമുള്ള പൊതു ലക്ഷ്യം കൈവരിക്കാനായി ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികള്‍ , വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സൃഷ്ടിക്കുകയും വ്യത്യസ്ഥ വ്യക്തികളായി ആള്‍മാറാട്ടം നടത്തി വാദിക്ക് സന്ദേശങ്ങള്‍ അയക്കുകയും ഐരാല്‍ റെസിഡന്‍സി എന്ന പേരില്‍ ഹോട്ടല്‍ ബിസിനസിലേക്ക് സ്റ്റാര്‍ റേറ്റിംഗ് റിവ്യൂ വ്യാപാര ജോലി തരപ്പെടുത്തി നല്‍കാമെന്ന് ഇന്റര്‍നെറ്റിലൂടെ വിശ്വസിപ്പിച്ചു. ആയതിലേക്കുള്ള വിവിധ ഗൂഗിള്‍ ജോലികള്‍ക്കായി 12 , 24 ,500 രൂപ മൂന്നും നാലും പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് യുവതിയെ വഞ്ചനാപരമായി പ്രേരിപ്പിക്കുകയും ചെയ്ത് കുറ്റങ്ങള്‍ ചെയ്തുവെന്നാണ് കേസ്.
മൂന്നാം പ്രതിക്ക് അക്കൗണ്ടുള്ള ഐ സി ഐ സി ബാങ്കിന്റെ തമിഴ്‌നാട്ടിലെ പന്റുതി ബ്രാഞ്ചില്‍ നിന്നും മൂന്നാം പ്രതി 6,35,000 രൂപ കൈപ്പറ്റിയതായും പരാതിയില്‍ യുവതി വ്യക്തമായി ആരോപിച്ചിരുന്നു. 2023 സെപ്റ്റംബര്‍ 24 ന് സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ മൂന്നാം പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കോടതി റിമാന്റ് ചെയ്തു. തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കുകയും പ്രതിയില്‍ നിന്നും കുറച്ചുതുക വീണ്ടെടുക്കല്‍ നടത്തുകയും ചെയ്തിരുന്നു. ആയതിനാല്‍ തടങ്കലില്‍ വച്ചുള്ള തുടര്‍ കസ്റ്റഡി ആവശ്യമില്ലെന്നും കോടതി ജാമ്യ ഉത്തരവില്‍ നിരീക്ഷിച്ചു. നാലു പ്രതികളില്‍ മൂന്നാം പ്രതിയൊഴികെ മറ്റുള്ളവര്‍ ഒളിവിലാണ്.
https://www.facebook.com/Malayalivartha


























